
രാജമൗലി ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും കാത്തിരിപ്പിന്റെയും ആഘോഷത്തിന്റെയുമെല്ലാം പ്രതീകമാണ്. കൃത്യമായ ഇടവേളയെടുത്ത് നല്ല തയ്യാറെടുപ്പോടെയാണ് അദ്ദേഹം ഓരോ ചിത്രവും ഒരുക്കുന്നത് എന്നതുതന്നെ അതിന് കാരണം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മഹേഷ് ബാബുവും പൃഥ്വിരാജും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അദ്ദേഹം ഒഡിഷയിൽ തുടങ്ങിയത്. അതീവ രഹസ്യമായി പുരോഗമിക്കുന്ന ചിത്രീകരണത്തിന്റെ ചില ദൃശ്യങ്ങൾ ചോർന്നത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.
SSMB 29 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ സെറ്റിൽനിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മഹേഷ് ബാബുവാണ് ദൃശ്യത്തിലെ ഒരാൾ. ഇദ്ദേഹം വീൽചെയറിൽ ഇരിക്കുന്ന ഒരാൾക്ക് അഭിമുഖമായാണ് നിൽക്കുന്നത്. ഇത് പൃഥ്വിരാജാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചിത്രത്തിലെ നിർണായക രംഗമാണിതെന്നാണ് റിപ്പോർട്ട്. വിവിധ അക്കൗണ്ടുകളിലൂടെ എക്സിൽ പ്രത്യക്ഷപ്പെട്ട വീഡിയോ സിനിമയുടെ അണിയറപ്രവർത്തകർ ഇടപെട്ട് നീക്കംചെയ്തിട്ടുണ്ട്.
നേരത്തേ ഒഡിഷയിലെ കുന്നിൻമുകളിലെ സെറ്റിൽനിന്നുള്ള ദൃശ്യങ്ങൾ ചിത്രീകരണത്തിന്റെ ആദ്യദിവസംതന്നെ പുറത്തുവന്നിരുന്നു. അതിനുപിന്നാലെയാണിപ്പോൾ മഹേഷ് ബാബു ഉൾപ്പെട്ട രംഗത്തിന്റെ ചിത്രീകരണ ദൃശ്യവും പ്രചരിച്ചിരിക്കുന്നത്. എങ്കിലും ചിത്രത്തിന്റെ കഥയേക്കുറിച്ചോ പശ്ചാത്തലത്തേക്കുറിച്ചോ യാതൊരു വിവരവും നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. ചിത്രീകരണദൃശ്യം ചോർന്നതിനെക്കുറിച്ച് ഔദ്യോഗികപ്രതികരണങ്ങളും വന്നിട്ടില്ല.
പ്രിയങ്കാ ചോപ്രയാണ് ചിത്രത്തിലെ നായിക. 900-1000 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കാടുമായി ബന്ധപ്പെട്ട ഉദ്വേഗജനകമായ കഥയായിരിക്കും പറയുക എന്നാണ് റിപ്പോർട്ട്. വി.വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം.കീരവാണിയാകും സംഗീതസംവിധാനം. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുകയെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]