
രേഖാചിത്രം എന്ന ആസിഫ് അലി-ജോഫിന്‍ ടി. ചാക്കോ ചിത്രം പ്രഖ്യാപിച്ച് കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ കേട്ട ഒരു അഭ്യൂഹമായിരുന്നു സിനിമയില്‍ മമ്മൂട്ടിയുടെ അതിഥിവേഷമുണ്ടായിരിക്കുമെന്ന്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഡീ-ഏയ്ജ് ചെയ്തായിരിക്കും ആ കഥാപാത്രമെത്തുകയെന്നും വാര്‍ത്ത പരന്നു. സിനിമയുടെ റിലീസിനോടനുബന്ധിച്ച് ജോഫിന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടി. ഇത്രയും കുറഞ്ഞ ബജറ്റിലെടുത്ത ചിത്രത്തില്‍ അത്രയേറെ പെര്‍ഫെക്റ്റ് ആയി മമ്മൂട്ടിയുടെ എഐ രൂപത്തെ എങ്ങനെ ചെയ്തെടുത്തു എന്നായിരുന്നു ഓരോരുത്തര്‍ക്കും അറിയേണ്ടിയിരുന്നത്. ചിത്രം ഒ.ടി.ടി റിലീസിനെത്തുന്നതിന് അനുബന്ധിച്ച് അക്കാര്യത്തിനും വ്യക്തത വന്നിരിക്കുകയാണ്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ട്വിങ്കിള്‍ സൂര്യയാണ് ചിത്രത്തില്‍ ‘മമ്മൂട്ടിച്ചേട്ട’നായി എത്തിയത്. ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധേയനായ ട്വിങ്കിള്‍ രേഖാചിത്രത്തിലേക്ക് താന്‍ എത്തിയതെങ്ങനെയെന്ന് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
ചെറുപ്പംതൊട്ടേ ആരാധകന്
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്മുതലൊക്കെ സിനിമ കണ്ടുതുടങ്ങിയിരുന്നു. അപ്പോള്‍ മുതല്‍ മമ്മൂക്കയോട് വലിയ ആരാധനയായിരുന്നു. വാത്സല്യമാണെന്ന് തോന്നുന്നു തിയേറ്ററില്‍പ്പോയി ആദ്യം കണ്ടത്. പപ്പയുടെ സ്വന്തം അപ്പൂസും വാത്സല്യവുമൊക്കെ ഇപ്പോഴും ടി.വിയില്‍ വന്നാല്‍ കാണാറുണ്ട്.
‘രേഖാചിത്ര’ത്തിൽ ട്വിങ്കിൾ സൂര്യ
ടിക് ടോക്ക് കാലവും കടന്ന് ഇന്‍സ്റ്റാഗ്രാമിലേക്ക്
ശരിക്ക് മമ്മൂക്കയുമായി രൂപസാദൃശ്യമുണ്ടെന്നൊന്നും പറയാന്‍ പറ്റില്ല. ടിക് ടോക്ക് ഉണ്ടായിരുന്നപ്പോള്‍ അതില്‍ കുറേ വീഡിയോകള്‍ ചെയ്തിരുന്നു. അതെല്ലാം വ്യത്യസ്തങ്ങളായ വീഡിയോകളായിരുന്നു. വലിയ കാഴ്ചക്കാരൊന്നും ഉണ്ടായിരുന്നില്ല. ചില മിമിക്രി താരങ്ങള്‍ മമ്മൂക്കയെ അനുകരിക്കുന്നതുകണ്ട് ഒരിക്കല്‍ അതുപോലൊന്ന് ചെയ്തുനോക്കി. അതുകണ്ട ചിലരാണ് മമ്മൂക്കയുമായി ചെറിയ രൂപസാദൃശ്യമുണ്ടെന്ന് പറയുന്നത്. അങ്ങനെ ഒരു മാനറിസം പിടിച്ച് ചെയ്ത് നോക്കിയതാണ്. അത് വളരെ ശ്രദ്ധിക്കപ്പെട്ടു. അതിനിടെ ടിക് ടോക്ക് നിരേധിച്ചു. അതിനുശേഷം ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ചെയ്യാന്‍ തുടങ്ങി. മമ്മൂക്കയുടെ മാനറിസത്തിലുള്ള റീലുകള്‍ക്ക് അവിടെയും കൂടുതല്‍ റീച്ച് കിട്ടാന്‍ തുടങ്ങി. നമ്മള് ഏത് വീഡിയോ ഇടുന്നതിനേക്കാളും കൂടുതല്‍ കാഴ്ചക്കാര്‍ ആ വീഡിയോക്ക് കിട്ടി. അതോടെ അതുമായി മുന്നോട്ടുപോയി.
റീലുകള്‍ വഴി രേഖാചിത്രത്തിലേക്ക്
ഇന്‍സ്റ്റാഗ്രാം വീഡിയോസ് വഴിയാണ് രേഖാചിത്രത്തിലേക്കുള്ള അവസരം ലഭിച്ചത്. എന്റെ വീഡിയോകള്‍ കണ്ട സുനില്‍രാജ് എടപ്പാള്‍ എന്ന മിമിക്രി താരമാണ് ആദ്യം എന്നെ വിളിച്ചത്. സിനിമയില്‍ ഒരു അവസരമുണ്ട്, ഒന്ന് ശ്രമിച്ചുനോക്കാന്‍ പറഞ്ഞു. തുടര്‍ന്ന് ഭാസ്കര്‍ എന്നൊരാളുമായി ബന്ധപ്പെട്ടു. അദ്ദേഹമാണ് സുമേഷ് എന്ന അസിസ്റ്റന്റ് ഡയറക്ടറെ ബന്ധപ്പെടാന്‍ പറഞ്ഞത്. സുമേഷാണ് പിന്നീടെന്നെ വിളിക്കുന്നത്. ഇത് ഞാന്‍ ചെയ്താല്‍ ശരിയാവുമെന്ന് തോന്നുന്നില്ലെന്ന് സുമേഷിനെ വിളിച്ച് പറഞ്ഞിരുന്നു. ആ സമയത്ത് ഏകദേശം 90 കിലോ ഭാരമുണ്ടായിരുന്നു എനിക്ക്. ചെയ്താല്‍ നന്നാവില്ലെന്ന് നൂറുശതമാനം ഉറപ്പായിരുന്നു. എന്തായാലും സംവിധായകനെ വന്ന് കാണൂ എന്ന് സുമേഷ് പറഞ്ഞതനുസരിച്ചാണ് പിന്നീട് ജോഫിന്‍ സാറിനെ പോയി കാണുന്നത്.
ട്വിങ്കിൾ സൂര്യ
ജോഫിന്റെ വാക്കുകള്‍, ‘മമ്മൂട്ടിച്ചേട്ട’നാവാനുള്ള തയ്യാറെടുപ്പുകള്‍
കുഴപ്പമൊന്നുമില്ല എന്നാണ് ജോഫിന്‍ സാര്‍ പറഞ്ഞത്. മുഖമൊക്കെ നമുക്ക് റെഡിയാക്കാം. തടി അല്പം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഒരുമാസം കൊണ്ട് ഏതാണ്ട് ഒമ്പത് കിലോ കുറച്ചു. ജോഫിന്‍ സാറിനെ കണ്ടപ്പോള്‍ പുള്ളി നമുക്കിത് ചെയ്യാം, ഓ.കെയാണെന്ന് പറഞ്ഞു. പക്ഷേ എനിക്ക് അത്ര ധൈര്യം ഇല്ലായിരുന്നു. എങ്കിലും ഞാന്‍ സാറിന്റെ മുന്നില്‍ ഒന്ന് രണ്ട് നമ്പറുകള്‍ അവതരിപ്പിച്ചുകാണിച്ചു. അപ്പോള്‍ പുള്ളി പറഞ്ഞു മിമിക്രിയല്ല, യഥാര്‍ത്ഥ മമ്മൂക്കയെയാണ് നമുക്കാവശ്യമെന്ന്. അപ്പോള്‍ എനിക്ക് വീണ്ടും ആശയക്കുഴപ്പമായി. അങ്ങനെയാണ് അരുണ്‍ പാവുമ്പ എന്ന തിയേറ്റര്‍ രംഗത്തുനിന്നുള്ള സുഹൃത്ത് എന്റെ ട്രെയിനറായി വന്നത്.
ഒരുമാസത്തോളം നീണ്ട പരിശീലനം
അരുണ്‍ പാവുമ്പയാണ് നമ്മള് ചെയ്യുന്നത് ശ്രദ്ധിച്ച് എന്തെങ്കിലും പാകപ്പിഴകളുണ്ടെങ്കില്‍ തിരുത്തിത്തന്നിരുന്നത്. മമ്മൂട്ടി സാര്‍ നടക്കുന്നതും ഇരിക്കുന്നതുമെല്ലാം ശരിയാക്കി ഇപ്പോള്‍ കാണുന്ന രീതിയിലാക്കുന്നത് അദ്ദേഹത്തിന്റെ മിടുക്കാണ്. ഒരു മാസത്തോളമുണ്ടായിരുന്നു പരിശീലനം. കാതോട് കാതോരം സിനിമയുടെ സെറ്റില്‍ നടക്കുന്ന കഥയാണെന്ന് നേരത്തേതന്നെ പറഞ്ഞിരുന്നു. സിനിമയുടെ പുറകില്‍, അതായത് മമ്മൂക്ക യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ ആ രീതിയിലായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ട് മമ്മൂക്കയുടെ പഴയ അഭിമുഖങ്ങള്‍ യൂട്യൂബ് നോക്കി പഠിച്ചിരുന്നു. വലിയൊരു ദൗത്യമാണ് നമുക്ക് തരുന്നത്. അത് അത്രയേറെ ഭംഗിയാക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം. കുറച്ച് പേടിയോടെയാണ് അതിനെ സമീപിച്ചത്.
‘രേഖാചിത്ര’ത്തിൽ മമ്മൂട്ടിയായി ട്വിങ്കിൾ സൂര്യ എത്തിയ രംഗങ്ങൾ
ശരിയാവുമോ ഇല്ലയോ എന്ന് കടുത്ത മാനസിക സമ്മര്‍ദമുണ്ടായിരുന്നു
ഞാന്‍ മമ്മൂക്കയുടെ ഡ്യൂപ്പാണ്, മമ്മൂക്ക ശരിക്കും അഭിനയിക്കാന്‍ വരുന്നുണ്ടെന്നൊക്കെ പലരും പറയുന്നത് കേട്ടിരുന്നു. ഒരു സൂപ്പര്‍ താരത്തെ ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. ശരിയാവുമോ ഇല്ലയോ എന്ന കടുത്ത മാനസിക സമ്മര്‍ദമുണ്ടായിരുന്നു. അത് ഏറ്റവും പ്രകടമായത് സിനിമ റിലീസായ അന്ന് തിയേറ്ററിലിരിക്കുമ്പോഴാണ്. എങ്ങനെയാവും സ്ക്രീനില്‍ വരികയെന്നൊക്കെ ആലോചിച്ചിരുന്നു. കാരണം അഭിനയിച്ചെങ്കിലും സിനിമ ഞാന്‍ കണ്ടിട്ടില്ലല്ലോ. മമ്മൂക്കയുടെ ഇന്‍ട്രോ സീന്‍ തിയേറ്ററിലിരുന്ന് കാണുമ്പോള്‍ ആ കഥാപാത്രം അവതരിപ്പിച്ചത് ഞാനാണെന്ന കാര്യമൊക്കെ മറന്നുപോയിരുന്നു. അവിടെ ഞാന്‍ പ്രേക്ഷകനായി മാറി. വലിയ വരവേല്പായിരുന്നു ആ സീനില്‍ ലഭിച്ചത്.
എല്ലാവരും നല്ലതുപറയുമ്പോള്‍ സന്തോഷം, അഭിമാനം
നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയുമ്പോള്‍ സന്തോഷമുണ്ട്. പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ് ഏറ്റവും സന്തോഷം നല്‍കുന്നത്. അദ്ഭുതമാണ് തോന്നുന്നത്. ഒരു മഹാനടനെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്നാണ് എല്ലാവരും പറയുന്നത്. തുരുതുരാ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അഭിമാനം തോന്നുന്നുണ്ട്. കൂടുതല്‍ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]