
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ആവേശത്തുടക്കം. ശനിയാഴ്ചത്തെ പ്രദർശനങ്ങൾക്കുള്ള റിസർവേഷൻ ആരംഭിച്ച് മിനിറ്റുകൾക്കകം പ്രധാന ചിത്രങ്ങളുടെ റിസർവേഷൻ പൂർത്തിയായി. 70 ശതമാനം സീറ്റുകൾക്കാണ് ഇത്തവണ ബുക്കിങ് അനുവദിച്ചിരിക്കുന്നത്.
രാവിലെ എട്ടു മണിക്ക് റിസർവേഷൻ തുടങ്ങി രണ്ടു മിനിറ്റ് കൊണ്ടുതന്നെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മലയാളചിത്രം ഫാമിലി, ഡോ. ബിജുവിന്റെ ടൊവിനോ ചിത്രം അദൃശ്യജാലകങ്ങൾ, ജി അരവിന്ദന്റെ ക്ലാസിക് ചിത്രം വാസ്തുഹാര, റോഷൻ മാത്യുവും ദർശന രാജേന്ദ്രനും ഒന്നിക്കുന്ന ഇന്ത്യൻ-ശ്രീലങ്കൻ ചിത്രം പാരഡൈസ് തുടങ്ങിയ ചിത്രങ്ങളുടെ റിസർവേഷൻ പൂർത്തിയായി.
മത്സരവിഭാഗത്തിലെ സതേൺ സ്റ്റോം, ലോകസിനിമ വിഭാഗത്തിലെ കൊബ്വേബ്, എ ഇയർ ഓഫ് ദി ക്വയറ്റ് സൺ, എ ലെറ്റർ ഫ്രം ക്യോട്ടോ, ജങ്ക്സ് ആൻഡ് ഡോൾസ്, ഡെസേർട്ട്സ് തുടങ്ങിയ ചിത്രങ്ങളുടെ റിസർവേഷൻ സീറ്റുകളും അഞ്ചു മിനിറ്റിനുള്ളിൽ നിറഞ്ഞു.
ഒരോ ദിവസത്തെയും പ്രദർശനങ്ങൾക്കുള്ള റിസർവേഷൻ തലേന്ന് രാവിലെ എട്ടിനാണ് ആരംഭിക്കുക. മേളയുടെ ആദ്യദിനമായ ഇന്ന് റിസർവേഷൻ ഇല്ല. ഉദ്ഘാടനചിത്രം ഉൾപ്പെടെ 10 പ്രദർശനങ്ങളാണ് ഇന്നുള്ളത്. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]