
ഫാലിമി എന്ന സിനിമയിൽ ജഗദീഷിനൊപ്പം വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു പിള്ള സംസാരിക്കുന്നു
‘ഹോ’മിനുശേഷം വീണ്ടും ഒരു കുടുംബചിത്രത്തിലെത്തുകയാണ്. ഫാലിമി എന്ന പേരുപോലെ അടുക്കും ചിട്ടയുമില്ലാത്തൊരു കുടുംബത്തിലേക്കാണോ ഇത്തവണയും?
അടുക്കും ചിട്ടയുമില്ലാത്ത ഒരു കുടുംബത്തിലെ ആളുകൾ തിരുവനന്തപുരത്തുനിന്ന് വാരാണസിവരെ യാത്രചെയ്യുന്നതാണ് സിനിമ. ഒരുപാട് സാഹസികമായ മുഹൂർത്തങ്ങൾ ഇതിലുണ്ട്. ഒരു ഫീൽ ഗുഡ് മൂവി തരത്തിലുള്ള സിനിമയല്ല. പക്ഷേ, ഈ സിനിമയ്ക്കകത്ത് നന്മയുണ്ട്. കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന ഒരു സ്ത്രീയാണ് എന്റെ കഥാപാത്രം. ഒപ്പം വീട്ടിൽ ഒന്നിനും കൊള്ളാത്ത മൂന്നാല് ആണുങ്ങളും.
ഇതൊരു രസകരമായ ട്രാവൽ മൂവിയാണെന്നും ചിത്രത്തിലുടനീളം അഞ്ച് കഥാപാത്രങ്ങളുണ്ടെന്നും അവർക്കെല്ലാം തുല്യ പ്രാധാന്യമുണ്ടെന്നുമാണ് സംവിധായകൻ നിതീഷ് സഹദേവ് പറഞ്ഞത്. അതുകേട്ടപ്പോൾ താത്പര്യം തോന്നി. ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്കുശേഷം ചിയേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘‘ഇവരുടെ ജയ ജയ ജയ ജയ ഹേയിൽ ക്ലൈമാക്സ് സീനിൽ ജഡ്ജിയായി ഞാൻ അഭിനയിച്ചിരുന്നു. അസോസിയേറ്റ് ഡയറക്ടറായിരുന്ന സമയത്തേ നിതീഷുമായി പരിചയവുമുണ്ട്. അങ്ങനെയാണ് ഞാൻ ഈ സിനിമയുടെ ഭാഗമാവുന്നത്. സിനിമയുടെ ചിത്രീകരണം കൂടുതലും കേരളത്തിനുപുറത്തായിരുന്നു. ഒരു ചിരി ഇരുചിരി ബമ്പർ ചിരി എന്ന പരിപാടി ചെയ്യുന്നതുകൊണ്ട് എനിക്ക് മാറിനിൽക്കാൻ പ്രായാസമായിരുന്നു. പക്ഷേ, നല്ല കഥാപാത്രമല്ലേ, ചേച്ചി കളയേണ്ട പോയി ചെയ്യ് എന്നുപറഞ്ഞ് പ്രോഗ്രാം പ്രൊഡ്യൂസർ ശ്രുതി പറഞ്ഞുവിട്ടതാണ്. 20 ദിവസത്തിനുമേലെ വാരാണസിയിലും രാജസ്ഥാനിലും ഷൂട്ടുണ്ടായിരുന്നു
രണ്ട് ആൺമക്കളുടെ അമ്മ, ഭർത്താവിനെയും അപ്പൂപ്പനെയും നോക്കുന്ന വീട്ടമ്മ… ഹോമിലെ കുട്ടിയമ്മയുമായി സാദൃശ്യം തോന്നുന്നുണ്ടല്ലോ…
എല്ലാ വീട്ടിലും കുട്ടിയമ്മയും രമയുമുണ്ട്. ഒരമ്മയുടെ സ്ഥായീഭാവം എന്നു പറയുന്നത് എങ്ങനെയെങ്കിലും കുടുംബം മുന്നോട്ടുകൊണ്ടുപോവണമെന്നതാണ്. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. അച്ഛനെയും മക്കളെയും ഒന്നിച്ചുകൊണ്ടുപോവണം എന്ന ചിന്ത അവരിലുണ്ടാവും. സിനിമയിലെ രമ എന്ന കഥാപാത്രം ഇങ്ങനെയാണ്. വെറുപ്പിക്കൽ സ്വഭാവമുള്ള ഭർത്താവിനെയും ഇടയ്ക്കിടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോവുന്ന അപ്പൂപ്പനെയും രണ്ട് മക്കളെയും മേയ്ക്കാൻ പാടുപെടുന്ന ഒരു സ്ത്രീ. എന്നാൽ, ഇടയ്ക്കിടെ തഗ്ഗ് അടിക്കുകയും ചെയ്യും
വീട്ടിൽ മഞ്ജു എന്ന അമ്മ എങ്ങനെയാണ്?
ഞാനും മകൾ ദയയും നല്ല സുഹൃത്തുക്കളാണ്. എന്റടുത്ത് എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. ഈ തലമുറയിലുള്ളവരുടെ ജീവിതരീതികൾ വേറെയാണ്. നമ്മുടേതുപോലെയല്ല. രാത്രിയെ പേടിയില്ലാത്ത പിള്ളേരാണ്. അവരെ നമ്മൾ പിടിച്ചുവെച്ചിട്ട് കാര്യമില്ല. അവർക്ക് അവരെ നോക്കാനറിയാം. എങ്കിലും അവൾക്ക് എല്ലാ കാര്യത്തിനും ഒരു നിയന്ത്രണമുണ്ട്. അതുവിട്ട് അവൾ പോവില്ലെന്നാണ് എന്റെ വിശ്വാസം. മോള് ഇറ്റലിയിലാണ് പഠിക്കുന്നത്. അവൾ ഇവിടുന്ന് ഇറ്റലിവരെ ഒറ്റയ്ക്ക് പോയിവരാറുണ്ട്. നാട്ടിലെത്തിയാൽ തിരുവനന്തപുരത്തുനിന്ന് എറണാകുളംവരെ പോകുമ്പോൾ ഞാൻ ഇടയ്ക്കിടെ മോളെ വിളിച്ചുനോക്കും. അപ്പോൾ അവൾ പറയും അമ്മാ ഞാൻ ഇറ്റലിവരെ ഒറ്റയ്ക്ക് യാത്രചെയ്തൊരാളാണെന്ന്. അമ്മമാരുടെ മനസ്സിൽ പേടിയാണ്. എന്തോ, നമ്മുടെ രീതി അങ്ങനെയാണ്.
നടൻ എസ്.പി. പിള്ളയുടെ കൊച്ചുമകളായ മഞ്ജു മുപ്പത് വർഷത്തിലേറെയായി സിനിമയിലുണ്ട്. അമ്പതോളം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടോ?
മലയാള സിനിമ എന്നെ മറന്നിട്ടേയില്ല. ഞാനാണ് മാറിനിന്നത്. വെള്ളിമൂങ്ങ എനിക്ക് വന്ന സിനിമയായിരുന്നു. അന്ന് മോളുടെ കൂടെ ഇരിക്കാനായി അത് വേണ്ടെന്നുവെച്ചു. അതുകഴിഞ്ഞും ഒരുപാട് അവസരങ്ങൾ വന്നിരുന്നു. ഞാനാണ് മലയാള സിനിമയെ തത്കാലത്തേക്ക് മാറ്റിവെച്ചത്. പക്ഷേ, പിന്നെ, ഒരിക്കൽപ്പോലും ഇൻഡസ്ട്രിയിൽനിന്ന് ദീർഘനാൾ ഇടവേള എടുത്തിട്ടില്ല. 17 വർഷം സീരിയലിൽ നിന്ന് വിട്ടുനിന്നെങ്കിലും സിറ്റ്കോമുകളിൽ ഞാനുണ്ടായിരുന്നു. സീരിയൽ കമിറ്റ് ചെയ്യാത്തത് എനിക്ക് സിനിമയിലഭിനയിക്കേണ്ടതുകൊണ്ടാണ്. സിനിമ വിളിച്ചാൽ എനിക്ക് പോവണം. പോയേ പറ്റൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net