
ആലിയ ഭട്ടിന്റെ പുതിയ സിനിമ ജിഗ്റയുടെ ഹൈദരാബാദില്‍ നടന്ന പ്രീ റിലീസിങ് ഇവന്റില്‍ നടി സാമന്ത റൂത്ത് പ്രഭുവിനെ പ്രകീര്‍ത്തിച്ച് ആലിയ. ഈ പുരുഷന്മാരുടെ ഈ ലോകത്ത് ഒരു പെണ്ണായിരിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് ആലിയ പറഞ്ഞു. ഒന്നിച്ച് ഒരു സ്ക്രീനില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സാമന്തയുമായുള്ള ഊഷ്മളവും നിര്‍മമവുമായ ബന്ധത്തെക്കുറിച്ചും ആലിയ വാചാലയായി. സംവിധായകന് ത്രിവിക്രം, നടന് റാണ ദഗ്ഗ്ബാട്ടി തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിട്ടുള്ള വേദിയിലാണ് ആലിയ സാമന്തയോടുള്ള തന്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞത്. വസന് ബാലയുടെ സംവിധാനത്തില്‍ ഇറങ്ങുന്ന ആക്ഷന്‍ ത്രില്ലറാണ് ജിഗ്റ.
ഓഫ്സ്ക്രീനിലെയും ഓണ്‍സ്ക്രീനിലെയും ഹീറോ എന്നാണ് ആലിയ സാമന്തയെ വിശേഷിപ്പിച്ചത്. ആലിയയുടെ ഹൃദയഹാരിയായ വാക്കുകള്‍ സാമന്തയെ വല്ലാതെ സ്പര്‍ശിക്കുകയും അവരെ ഈറനണിയിക്കുകയും ചെയ്തു. ‘സാം…പ്രിയ സാമന്താ…ശരിക്കും നിങ്ങളാണ് ഹീറോ, ഓണ്‍സ്ക്രീനിലും ഓഫ് സ്ക്രീനിലും. കഴിവിലും പ്രതിഭയിലും ശക്തിയിലും പ്രതിരോധത്തിലും എനിക്ക് നിങ്ങളോട് ആരാധനയുണ്ട്. പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ നിങ്ങള്‍ ആ ലിംഗഭേദത്തെ മറികടന്നു. നിങ്ങളുടെ ഇരുകാലുകളിലും നിന്നുകൊണ്ട്, കഴിവും ശക്തമായ പ്രതിരോധവുംകൊണ്ട് നിങ്ങള്‍ അത്രയും ഉയരത്തിലെത്തിയെന്നത് എല്ലാവര്ക്കും ഒരു മാത്യകയാണ്.’- ആലിയ സാമന്തയോട് പറഞ്ഞു.
പ്രീറിലീസിങ് ഇവന്റില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് സാമന്തയ്ക്ക് മെസേജ് അയച്ചപ്പോള്‍ പെട്ടെന്നുതന്നെ അനുകൂലമായ മറുപടി തന്ന സാമന്തയുടെ പിന്തുണാമനോഭാവത്തെയും ആലിയ പ്രകീര്‍ത്തിച്ചു. തനിക്കും സാമന്തയ്ക്കും പരസ്പരം മത്സരിച്ചു അഭിനയിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരു സിനിമയെക്കുറിച്ച് ആലോചിക്കണമെന്ന് സംവിധായകന് ത്രിവിക്രമിനോട് ആലിയ അഭ്യര്‍ഥിച്ചു. നടിമാരുടെ സ്ഥിരം വേഷങ്ങളില്‍ നിന്നും മാറി വെല്ലുവിളികള്‍ നിറഞ്ഞ ഒന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ആലിയ പറഞ്ഞു. സാമന്തയെപ്പോലുള്ള ഒരു ‘പാന്‍ -ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍’ തന്റെ സിനിമയെ പിന്തുണയ്ക്കാന്‍ വന്നതിലുള്ള സന്തോഷവും കടപ്പാടും അറിയിക്കാനും ആലിയ മറന്നില്ല.
കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത്ത, ആലിയ ഭട്ട്, ഷെഹീന്‍ ഭട്ട്, സൗമെന്‍ മിശ്ര എന്നിവര്‍ ചേര്‍ന്ന് ധര്‍മ പ്രൊഡക്ഷന്സിന്റെയും എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് ജിഗ്റ. വേദാംഗ് റൈന, ആദിത്യ നന്ദ, ശോഭിത ധുലിപാല എന്നിവരാണ് ജിഗ്റയിലെ മറ്റ് അഭിനേതാക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]