
ലോസ് ആഞ്ചലസ്: ന്യൂട്ടൺ സിനിമയും, മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസും ഒരുമിക്കുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വച്ച് നടക്കും. ഈ മേളയിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരമായ “കിം ജെസോക്ക്” പുരസ്കാരത്തിനും “പാരഡൈസ്” നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ ശ്രീലങ്കൻ സംവിധായകനും, അന്താരാഷ്ട്ര പുരസ്കാര ജേതാവുമായ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്തിരിക്കുന്ന പാരഡൈസ്, മദ്രാസ് ടാക്കീസിന്റെ ആദ്യ മലയാളം സംരംഭമാണ്.
2022ൽ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയും അതിനെ തുടർന്നുണ്ടായ വിലക്കയറ്റവും ഇന്ധനവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുകളുടെ ദൗർലഭ്യവും, ജനകീയ പ്രക്ഷോഭങ്ങളുമാണു പാരഡൈസിനു പശ്ചാത്തലമാകുന്നത്. ഈ കാലയളവിൽ ശ്രീലങ്കയിൽ തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ എത്തുന്ന മലയാളികളായ ടി.വി പ്രൊഡ്യൂസർക്കും വ്ലോഗറായ അയാളുടെ ഭാര്യയ്ക്കും നേരിടേണ്ടി വരുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുടെയും വിചിത്രമായ അനുഭവങ്ങളുടെയും കഥ പറയുന്ന പാരഡൈസ് പ്രേക്ഷകർക്ക് ഒരേ സമയം ആകാംക്ഷ നിറഞ്ഞതും വത്യസ്തവുമായ ഒരു ചലച്ചിത്രാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ അഭിപ്രായപ്പെട്ടു.
കലുഷിതമായ ചുറ്റുപാടുകളിൽ മറനീക്കി പുറത്തു വരുന്ന മനുഷ്യമനസ്സിന്റെ സങ്കീർണതകൾ വിഷയമാകുന്ന ചിത്രത്തിൽ ശ്രീലങ്കയിൽ നിലനിൽക്കുന്ന വംശീയ ഉച്ചനീചത്വങ്ങളും രാമായണത്തിലെ ശ്രദ്ധേയമായ സംഭവങ്ങളും സ്ഥലങ്ങളും പ്രതിപാദിക്കപ്പെടുന്നുണ്ട്. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം പ്രമുഖ ശ്രീലങ്കൻ അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോ, മഹേന്ദ്ര പെരേര തുടങ്ങിയവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കൻ സിനിമയിലെ ജനപ്രിയ താരങ്ങളായ ഇരുവരും ആദ്യമായാണ് മലയാള സിനിമയുടെ ഭാഗമാകുന്നത്. ഛായാഗ്രഹണം രാജീവ് രവിയും ചിത്രസന്നിവേശം ശ്രീകർ പ്രസാദും നിർവഹിച്ചിരിക്കുന്നു. “കെ” സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിനു ശബ്ദസന്നിവേശം ചെയ്തിരിക്കുന്നത് തപസ് നായിക്ക് ആണ്.
പാരഡൈസിന്റെ ആദ്യപ്രദർശനം ഒക്ടോബർ ഏഴാം തീയതി ദക്ഷിണ കൊറിയയിലെ ബുസാനിൽ ബി3 ബുസാൻ സിനിമ സെന്ററിൽ വച്ച് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ നടക്കും.
ന്യൂട്ടൺ സിനിമയെക്കുറിച്ച്
സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്യുകയും സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന കഥകൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്റോ ചിറ്റിലപ്പിള്ളി, സനിതാ ചിറ്റിലപ്പിള്ളി എന്നിവർ ചേർന്ന് 2020ൽ ആഗോള സിനിമ നിർമ്മാണ കമ്പനിയായ ന്യൂട്ടൺ സിനിമ ആരംഭിക്കുന്നത്. ലോസ് ആഞ്ചലസ്, ബോസ്റ്റൺ, സാൻഫ്രാൻസിസ്കോ, മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണു ന്യൂട്ടൺ സിനിമ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
Content Highlights: paradise movie, roshan mathew and darshana rajendran, madras talkies newton cinema


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]