
സയൻസ് ഫിക്ഷൻ ചിത്രങ്ങൾ ചെയ്യുമ്പോൾ നേരിടുന്ന പ്രധാനപ്രശ്നം അതിന്റെ ചെലവുതന്നെയാണ്. മറ്റൊരു ലോകം സൃഷ്ടിക്കുന്നതിന് ഗ്രാഫിക്സിനും മറ്റുമായി നല്ല മുതൽമുടക്ക് വേണ്ടിവരും. ഗഗനചാരിയെന്ന ചിത്രത്തിൽ ചുരുങ്ങിയ ചെലവിൽ മറ്റൊരു കാലത്തെയും മറ്റൊരു ലോകത്തെയുമെല്ലാം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതും വിശ്വസനീയവുമായ രീതിയിൽ ഒരുക്കിവെച്ചിട്ടുണ്ട്. ആ വിസ്മയലോകത്താണിപ്പോൾ മലയാളസിനിമ ചുറ്റിക്കറങ്ങുന്നത്.
സായാഹ്നവാർത്തകൾ, സാജൻ ബേക്കറി മുൻ ചിത്രങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ഗഗനചാരി. എന്തുകൊണ്ട് ഒരു സയൻസ് ഫിക്ഷൻ
എനിക്ക് പറയാനും എഴുതാനും സംവിധാനം ചെയ്യാനും ഏറ്റവും എളുപ്പം സയൻസ് ഫിക്ഷനാണ്. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മേഖലയാണത്. ആദ്യ ചിത്രമെന്ന നിലയിൽ ഞാൻ ചെയ്യാനൊരുങ്ങിയത് അത്തരത്തിലൊരു ഹ്രസ്വചിത്രമാണ്. ന്യൂക്ലിയർ വിന്ററിൽ തകർന്നുപോയ ഭൂമിയിലേക്ക് മറ്റൊരു സ്പേസ് സ്റ്റേഷനിൽനിന്ന് ഒരച്ഛനും മകളും എത്തിപ്പെടുന്ന കഥ. പൃഥ്വിരാജിനെ വെച്ച് ചെയ്യാനായിരുന്നു ആഗ്രഹം. ഇരുപതോ മുപ്പതോ മിനിറ്റിൽ പറഞ്ഞുതീർക്കാവുന്ന കഥ. പൃഥ്വിരാജിന് കഥ ഇഷ്ടമാവുകയും ചെയ്തു. പക്ഷേ, നടന്നില്ല. കൂട്ടുകാർക്കൊപ്പം ഞാൻ കൂടുതലായും സംസാരിക്കുന്നത് സ്പെയ്സിനെക്കുറിച്ചും സയൻസ് ഫിക്ഷനെക്കുറിച്ചുമെല്ലാമാണ്.
ഗഗനചാരിയുടെ വിശേഷങ്ങൾ
മൂന്നുവർഷം മുൻപേ ഷൂട്ടിങ് പൂർത്തിയായ ചിത്രമാണ് ഗഗനചാരി. തിയേറ്ററിലെത്താൻ വൈകി. പക്ഷേ, അതിനിടെ പല പലച്ചിത്രമേളകളിലും പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. സാധാരണഗതിയിൽ ഷൂട്ടിങ് കഴിഞ്ഞ് റിലീസ് ചെയ്യാൻ ഏറെ വൈകുന്ന ചിത്രങ്ങൾ തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധനേടാറില്ല. കാരണം അതിന്റെ കാലിക പ്രസക്തി നഷ്ടപ്പെടുന്നു എന്നതുതന്നെ. എന്നാൽ, ഗഗനചാരി പറയുന്നത് കുറച്ചുകാലങ്ങൾക്കുശേഷം നടക്കുന്ന കഥയായതിനാൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പ്രേക്ഷകർ ചിത്രത്തെ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. നാൽപ്പതു തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ നൂറ്റിയിരുപതോളം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. അതുതന്നെയാണ് ഗഗനചാരിയുടെ വിജയം. എനിക്കുപറയാനുള്ള പലകാര്യങ്ങളും നർമത്തിന്റെ മേമ്പൊടിയോടെ പറയാൻ കഴിഞ്ഞുവെന്നതിൽ ചാരിതാർഥ്യമുണ്ട്. ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് പലർക്കും എന്താണ് ഈ സിനിമ എന്ന് ചിത്രീകരണസമയത്ത് അറിയില്ലായിരുന്നു. എന്നാൽ, നല്ലൊരു ഉത്പന്നം ഉണ്ടാവുമെന്ന പ്രതീക്ഷയോടെ അവരെല്ലാം കൂടെനിന്നു. അവരുടെ പിന്തുണതന്നെയാണ് ഈ ചിത്രത്തിന്റെ വിജയത്തിനാധാരം. അവർക്കാണ് ഈ വിജയത്തിൽ ഞാൻ നന്ദി പറയുന്നത്.
കൃഷന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹം, പുരുഷപ്രേതം തുടങ്ങിയ ചിത്രങ്ങളുടെ ആഖ്യാനശൈലി ഈ ചിത്രത്തിൽ പലയിടത്തും കാണുന്നുണ്ടല്ലോ…
വിവിധ ചലച്ചിത്രമേളകളിൽ അവതരിപ്പിച്ച ഗഗനചാരിയുടെ ട്രെയിലർ ഞങ്ങളറിയാതെ ചോർന്നുപോവുകയും യൂട്യൂബിൽ വരുകയും ചെയ്തു. അതുകണ്ട് ഗഗനചാരി കാണണമെന്ന് കൃഷന്ദ് ആഗ്രഹം പ്രകടിപ്പിച്ചു. സിനിമ കണ്ടശേഷം അദ്ദേഹം ചിത്രത്തിൽ വാണിജ്യവിജയത്തിനായുള്ള ചില മാറ്റങ്ങൾ നിർദേശിച്ചു. ആ മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് സിനിമ തിയേറ്ററിലെത്തിയത്.
ഗണേഷ്കുമാറിന് വർഷങ്ങൾക്കുശേഷം ലഭിച്ച നല്ലൊരു വേഷമാണ് ഗഗനചാരിയിലെ വിക്ടർ. ഗോകുൽസുരേഷും അജുവർഗീസും അനാർക്കലി മരിക്കാറുമെല്ലാം സ്വന്തം വേഷങ്ങൾ ഭംഗിയാക്കി, അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച്
ഞാൻ ഗണേഷ് കുമാറിന്റെ വലിയൊരു ആരാധകനാണ്. കെ.ജി. ജോർജിനെ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഇരകൾ കണ്ട് അതിലെ ബേബിയെ അവതരിപ്പിച്ച നടൻ എന്ന നിലയ്ക്കാണ് ഗണേഷ് കുമാറിനോട് ഇഷ്ടം തോന്നിയത്. ഏതുകഥാപാത്രവും മനോഹരമായി ചെയ്യാൻ കഴിയുന്ന നടനാണ് അദ്ദേഹം. ഈ ചിത്രത്തിൽ ഹാസ്യം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് അദ്ദേഹം. ഗോകുൽ സുരേഷ് നല്ല അഭിനേതാവാണ്. പക്ഷേ, അദ്ദേഹത്തിനു വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല. എന്റെ സായാഹ്നവാർത്തകളിൽ ഗോകുൽ അഭിനയിച്ചിരുന്നു. ഗഗനചാരിയിലെ അലൻ അദ്ദേഹം നന്നായിത്തന്നെ ചെയ്തിട്ടുണ്ട്. ഭാവിയിൽ നല്ലൊരു നടനാവുമെന്ന് ഉറപ്പാണ്. അനാർക്കലിയും മികച്ച അഭിനയം കാഴ്ചവെച്ചു. തട്ടത്തിൻ മറയത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച കാലം മുതൽക്കേയുള്ള ബന്ധമാണ് അജുവർഗീസുമായുള്ളത്. സാജൻബേക്കറി നിർമിച്ചുകൊണ്ട് എനിക്ക് വലിയ സഹായങ്ങൾ ചെയ്തുതന്ന നടനാണ് അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]