
തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷന് ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന് വിനയന്. ഇത്രയും കാലം റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് മറുപടി പറയണമെന്ന് വിനയന് പറഞ്ഞു.
മലയാള സിനിമയില്‍ ദിവ്യന്മാരോ ആള്‍ദൈവങ്ങളോ ഇല്ല. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തസ്സത്ത പോലും പുറത്ത് വിടാത്തത് ദുരൂഹമാണ്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താന്‍ മൂന്ന് തവണ മൊഴി നല്‍കിയതാണ്. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ചലച്ചിത്ര അക്കാദമിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. അക്കാദമി നിഷ്പക്ഷമല്ലെന്ന് എല്ലാവര്ക്കും അറിയാമെന്നും വിനയന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടത്. ആര്.ടി.ഐ.(റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍) നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് യാതൊന്നും മറച്ചുവയ്ക്കരുതെന്നും കമ്മിഷന് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ അത് വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത്. ഉത്തരവു പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മീഷന് പറഞ്ഞു.
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതി ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്. 2017-ല്‍ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്ട്ടിന്മേല് ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. മാത്രവുമല്ല, റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]