
നിവിൻ പോളി, അജു വർഗീസ് തുടങ്ങി ഒരുപറ്റം യുവതാരങ്ങളും വിനീത് ശ്രീനിവാസൻ എന്ന സംവിധായകനും വെള്ളിത്തിരയിൽ അരങ്ങേറ്റംകുറിച്ച ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്. 2010-ൽ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകർ ഇരുകയ്യുംനീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തേക്കുറിച്ച് അധികമാർക്കും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.
പാർട്ണേഴ്സ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേ മലർവാടി ആർട്സ് ക്ലബിലെ ഒരു താരത്തിനുപകരം വന്ന വേറൊരാളെക്കുറിച്ചാണ് ധ്യാൻ ശ്രീനിവാസൻ മനസുതുറന്നത്. മലർവാടിയിൽ ഛായാഗ്രാഹകനും സംവിധായകനുമായ റോബി വർഗീസ് രാജിനെയായിരുന്നു ഒരു വേഷത്തിൽ കണ്ടിരുന്നതെന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. ഈ വേഷത്തിലാണ് പിന്നീട് നിവിൻ പോളി എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിവിൻ അവതരിപ്പിച്ച പ്രകാശൻ എന്ന കഥാപാത്രം ചെയ്യാൻ ആ സമയത്ത് ആരെയും കിട്ടിയിരുന്നില്ല. പക്ഷേ റോബി അത് നിരസിക്കുകയായിരുന്നെന്നും ധ്യാൻ പറഞ്ഞു. ഛായാഗ്രാഹകൻ രാജീവ് മേനോന്റെ സ്ഥാപനത്തിൽ ഛായാഗ്രഹണം പഠിക്കാൻ ചേർന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന നടനും റോബിയുടെ സഹോദരനുമായ റോണി ഡേവിഡ് രാജ് പറഞ്ഞു. അന്ന് അഭിനയം വേണോ ഛായാഗ്രഹണം വേണോ എന്ന് ചെറിയൊരു ആശയക്കുഴപ്പം തനിക്കുണ്ടായിരുന്നു. അന്ന് താനൊന്ന് പറഞ്ഞിരുന്നെങ്കിൽ റോബി തീർച്ചയായും മലർവാടി ചെയ്തേനേയെന്നും റോണി പറഞ്ഞു.
2016-ൽ പുതിയ നിയമം എന്ന ചിത്രത്തിലൂടെയാണ് റോബി വർഗീസ് രാജ് സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറുന്നത്. പിന്നീട് ദ ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ, തട്ടുംപുറത്ത് അച്യുതൻ, ലവ് ആക്ഷൻ ഡ്രാമ, വെള്ളം, ഈശോ, ജോൺ ലൂഥർ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. 2023-ൽ ആദ്യമായി സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് ബ്ലോക്ക്ബസ്റ്റർ ഹിറ്റുമായി.