
തിരുവനന്തപുരം സ്റ്റാച്യുവിലെ ശിവൻസ് സ്റ്റുഡിയോയും ശിവൻ എന്ന സംവിധായകനും തലസ്ഥാനത്തെ മലയാള സിനിമയുടെ നീലവെളിച്ചമാണ്. ശിവന്റെ മൂന്നു മക്കളും പിൽക്കാലത്ത് സിനിമാ പിന്തുടർച്ചയുടെ തിളക്കമായി മാറി. അച്ഛന്റെ ക്യാമറ കണ്ടാണ് സംഗീത് ശിവനും സന്തോഷ് ശിവനും സഞ്ജീവ് ശിവനും വളർന്നത്. സംവിധാനവും ഛായാഗ്രഹണവും അവർക്കു പൈതൃകമായി ലഭിച്ചു. സംഗീത് ശിവന്റെ സംവിധാനകലയ്ക്ക് സഹോദരൻ സന്തോഷ് ശിവൻ തണലായി നിന്നു.
1976-ൽ സംഗീത് ശിവൻ അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യാൻ ആരംഭിച്ചു. തുടർന്ന് സഹോദരൻ സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യക്കമ്പനിക്കു രൂപംനൽകി. അച്ഛൻ ശിവൻ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളിൽ അച്ഛനെ സംവിധാനത്തിൽ സഹായിച്ചിരുന്നത് സംഗീതായിരുന്നു. അതിൽ ക്യാമറ കൈകാര്യംചെയ്തിരുന്നത് സന്തോഷും. അതിനു ശേഷം, പുണെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോകസിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി. ചലച്ചിത്രലോകത്ത് തന്റെ പാതയെന്താണെന്ന ദിശാബോധം അദ്ദേഹത്തിനു ലഭിച്ചത് ആ കാലഘട്ടത്തിലാണ്. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പദ്മരാജനും അദ്ദേഹത്തെ വളരെ സ്വാധീനിച്ചിരുന്നു.
സഹോദരൻ സന്തോഷ് ശിവനാണ്, സ്വന്തമായി ഒരു ചിത്രം എഴുതി സംവിധാനംചെയ്യുക എന്ന ആശയം സംഗീതിന്റെ മനസ്സിൽ പാകുന്നത്. വലിയ സംവിധാനപാരമ്പര്യമില്ലാത്ത അദ്ദേഹം അതിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പക്ഷേ, സന്തോഷ് ശിവന്റെ നിരന്തരമായ പ്രേരണ നിയോഗമായി. ആദ്യ ചിത്രത്തിൽ വലിയ താരനിരയെ ഒഴിവാക്കി തന്റെ സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തെ ഉപദേശിച്ചതും സന്തോഷ് ശിവനായിരുന്നു.
തുടർന്നാണ് 1990-ൽ രഘുവരനെയും സുകുമാരനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനുവേണ്ടി ‘വ്യൂഹം’ എന്ന ചിത്രം അദ്ദേഹം സംവിധാനംചെയ്തത്. അതു വിജയമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. കായികരംഗത്തു തത്പരനായിരുന്ന അദ്ദേഹത്തിന്റെ ഇഷ്ടയിനങ്ങൾ ഹോക്കിയും ക്രിക്കറ്റുമായിരുന്നു. കേരളത്തെയും കേരള സർവകലാശാലയെയും പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
പ്രമുഖരായ ഒട്ടേറെ സാങ്കേതികവിദഗ്ദ്ധർ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ഥിരം എഡിറ്റർ ശ്രീകർ പ്രസാദായിരുന്നു. ഹിന്ദി സംഗീത സംവിധായകനായ ആഗോഷിന് കരിയറിലെ വലിയ മാറ്റം നൽകിയത് അദ്ദേഹമായിരുന്നു. ബന്ധുക്കളായ സഞ്ജീവ് ശങ്കറും മനോജ് സിഡിയും മലയാളത്തിൽ ഛായാഗ്രാഹകന്മാരാണ്. മറ്റൊരു ബന്ധു സുബിൽ സുരേന്ദ്രൻ സംവിധാനരംഗത്തുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]