
പല പഴയകാല നായികമാരെയുംപോലെ, വീട്ടിലെ ദാരിദ്ര്യം മറികടക്കാൻ അഭിനയരംഗത്തെത്തിയ കലാകാരിയായിരുന്നു കനകലത. കടുത്ത ദാരിദ്ര്യത്തിൽ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ച ദിനങ്ങളിലൊരിക്കൽ അയൽക്കാരിയായ കവിയൂർ രേണുകയുടെ ശുപാർശയിൽ ഒരു നാടകത്തിൽ അഭിനയിക്കാൻ അവസരമെത്തി. അമ്മയോടു കാര്യം പറഞ്ഞപ്പോൾ പട്ടിണികിടന്നു മരിച്ചാലും അഭിനയിക്കാൻ പോകേണ്ട മോളേ എന്ന വിലക്ക്. പക്ഷേ, പട്ടിണിയേക്കാൾ വലുതല്ല മറ്റൊന്നുമെന്ന തിരിച്ചറിവിൽ ആ പെൺകുട്ടി പിന്മാറിയില്ല. ആദ്യ നാടകത്തിന്റെ പ്രതിഫലം 51 രൂപ. പട്ടിണിയിൽ പൊറുതിമുട്ടിയ കുടുംബത്തിനൊരു കൈത്താങ്ങായിരുന്നു ആ വലിയ തുക!
കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിൽ പഠിക്കുമ്പോഴേ സ്കൂൾ നാടകങ്ങളിൽ അഭിനയിച്ചതിന്റെ ആത്മവിശ്വാസമായിരുന്നു കനകലതയ്ക്ക് ആ റോൾ ഏറ്റെടുക്കാനുള്ള ധൈര്യം. പിന്നീട്, കൊല്ലം ട്യൂണയുടെ സൗഗന്ധികം എന്ന പ്രൊഫഷണൽ നാടകത്തിൽ ലഭിച്ചതടക്കം നൂറുകണക്കിനു വേദികൾ. 1979ൽ കൊല്ലം എ.കെ. തിയറ്റേഴ്സിലെത്തിയ കനകലത ‘പഞ്ചവർണക്കിളി’ എന്ന നാടകത്തിൽ നായികയായി കസറി. ഇതേവർഷം സിനിമയിലേക്കും രംഗപ്രവേശമായി. ’ആറു മണിക്കൂർ’ എന്ന സിനിമയിൽ വെറും രണ്ടു സീനിൽ മാത്രം വരുന്ന കശുവണ്ടി തൊഴിലാളിയുടേതായിരുന്നു വെള്ളിത്തിരയിലെ ആദ്യവേഷം. തൊട്ടുപിന്നാലെ, ‘രാധ എന്ന പെൺകുട്ടി’യിൽ നായികയുടെ കൂട്ടുകാരിയുടെ വേഷവും ലഭിച്ചു. രണ്ടു സിനിമകളിൽ അഭിനയിച്ചപ്പോഴേക്കും നായികയാവാൻ അവസരം ലഭിച്ചത് കനകലത എന്ന നടിക്കുള്ള ഒരു അംഗീകാരവുമായി മാറി. പി.എ.ബക്കറിന്റെ ‘ഉണർത്തുപാട്ട്’ എന്ന സിനിമയിലായിരുന്നു ആ അത്യപൂർവ അവസരം. പക്ഷേ, ആ സിനിമ റിലീസായില്ല. വീണ്ടും നാടകരംഗത്തേക്കു മടങ്ങിയ കനകലത പിന്നീട് ലെനിൻ രാജേന്ദ്രന്റെ ‘ചില്ലി’ലൂടെ വെള്ളിത്തിരയിലെത്തി. പിന്നീടവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കെ.പി.കുമാരന്റെ ‘കാട്ടിലെ പാട്ടി’ൽ വേണു നാഗവള്ളിയുടെ താരജോഡിയായതും വഴിത്തിരിവായി. ‘സ്നേഹപൂർവം’, ‘മീര’, ‘കിരീടം’, ‘ചെങ്കോൽ’, ‘മലരും കിളിയും’, ‘കണ്ടതും കേട്ടതും’, ‘വാർധക്യപുരാണം’, ‘കസ്തൂരി’, ‘അഞ്ചരക്കല്യാണം’, ‘അനിയൻ ബാവ ചേട്ടൻ ബാവ’, ‘അപ്പൻ ജേതാവ്’, ‘കൊക്കരക്കോ’, ‘പ്രിയം’ തുടങ്ങി നാനൂറോളം സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ നിറഞ്ഞു. സഹനടിയുടെ വേഷം മാത്രമല്ല, ഹാസ്യതാരമായും തിളങ്ങിയിരുന്നു കനകലത.
ദൂരദർശനിലെ ‘ഒരു പൂവ് വിരിയുന്നു’ എന്ന സീരിയലിൽ തുടങ്ങി നാനൂറിലേറെ സീരിയലുകളിലും അഞ്ഞൂറിലേറെ ടെലിഫിലിമുകളിലും അവർ അഭിനയിച്ചു. ‘മേരാ നാം ജോക്കർ’, ‘സ്വർഗവാതിൽ’ എന്നീ സിനിമകൾ നിർമിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. സിനിമയിൽ ഹാസ്യത്തിൽ തിളങ്ങിയ കനകലത ഗോൾഡൻ ഡ്രീംസ് എന്നപേരിൽ മെഗാസ്റ്റാർ ഷോകളും നടത്തി അമേരിക്കയിലും വിദേശത്തുമൊക്കെ മറുനാടൻ മലയാളികളുടെ മനംകവർന്നു. 16 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഭർത്താവ് കാര്യവട്ടം ശശികുമാറുമായുള്ള ബന്ധം വേർപിരിഞ്ഞെങ്കിലും അഭിനയജീവിതത്തിൽ വഴിയിടറാതെ കനകലത, ശാരീരികമായ അവശതകൾ വരുന്നതുവരെ അഭ്രപാളിയിൽ നിറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]