
ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികന്റെ വരവറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ‘ഗു’ എന്ന സിനിമയുടെ ട്രെയിലര്‍. ഗുളികന്, യക്ഷി, പ്രേതം, ബാധ…അങ്ങനെ അരൂപികളുടെ പേടിപ്പെടുത്തുന്ന ലോകം കണ്മുന്നില് എത്തിക്കാന്‍ ഒരുങ്ങുകയാണ് മെയ് 17ന് റിലീസിനൊരുങ്ങുന്ന ഫാന്റസി ഹൊറര്‍ ചിത്രമായ ‘ഗു’. കാണുന്നവരില്‍ ഭയം നിറയ്ക്കുന്ന ഒട്ടേറെ സംഭവങ്ങളുമായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്.
മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ തറവാട്ടിലേക്ക് അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ഗുളികന് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ കാണുന്നവരെ ഭയത്തിലാഴ്ത്തുന്ന ഒട്ടേറെ സംഭവങ്ങളുമായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
കൗതുകമുണര്‍ത്തുന്നതും ഒപ്പം ദുരൂഹവും അമ്പരപ്പിക്കുന്നതുമായ ‘ഗു’ സിനിമയുടെ പോസ്റ്ററുകളെല്ലാം മുമ്പ് ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. മണിയന് പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന് പിള്ള രാജു നിര്‍മിക്കുന്ന ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലും എത്തുന്നുവെന്നതും ഒരു പ്രത്യേകതയാണ്.
നവാഗതനായ മനു രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. ചിത്രത്തില്‍ സൈജു കുറുപ്പാണ് മിന്നയുടെ അച്ഛന് കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരന് മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ഗു’. നിരഞ്ജ് മണിയന് പിള്ള രാജു, മണിയന് പിള്ള രാജു, രമേഷ് പിഷാരടി, കുഞ്ചന്‍, നന്ദിനി ഗോപാലകൃഷ്ണന്, ലയാ സിംസണ്‍ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംഗീതം: ജോനാഥന് ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവന്, എഡിറ്റിംഗ്: വിനയന് എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂര്‍, മേക്കപ്പ്: പ്രദീപ് രംഗന്, കോസ്റ്റ്യും ഡിസൈന്‍: ദിവ്യാ ജോബി, പ്രൊഡക്ഷന്‍ കണ്ട്രോളര്: എസ്.മുരുകന്, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്, സൗണ്ട് മിക്സിംഗ്: എന്‍ ഹരികുമാര്‍, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റില്‍സ്: രാഹുല്‍ രാജ് ആര്, ഡിസൈന്‍സ്: റോക്കറ്റ് സയന്‍സ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.