
ഉണ്ണി മുകുന്ദൻ നായകനായി പ്രദർശനത്തിനെത്തിയ ‘മാർക്കോ’ ക്കെതിരെ വിമർശനവുമായി സംവിധായകൻ വി.സി. അഭിലാഷ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായവും വലിയൊരു സോഷ്യൽ ക്രൈമുമാണ് ഈ പ്രോഡക്ട്. ഇത്രയും പൈശാചികമായ/ മനുഷ്യത്വ രഹിതമായ ആവിഷ്ക്കാരം താനൊരു കൊറിയൻ സിനിമയിലും കണ്ടിട്ടില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
‘മാർക്കോ’ തീയറ്ററിൽ ഇടവേള സമയം വരെ മാത്രമാണ് കണ്ടത്. ”ഈ പറയുന്നത് പോലുള്ള വയലൻസൊന്നും അതിലില്ലെ”ന്ന് ഒരു സുഹൃത്ത് പറയുന്നത് കേട്ട് ഇന്നലെ ബാക്കി കൂടി കാണാനിരുന്നു. ഈ സാമൂഹിക വിരുദ്ധ സൃഷ്ടി ഉണ്ടാക്കിയവരും ഇതിനെ വാഴ്ത്തിയവരും സ്വയമൊന്ന് മനോനില പരിശോധിക്കുന്നത് നന്നായിരിക്കും എന്നൊരഭ്യർത്ഥനയുണ്ട്. ‘നിങ്ങളെന്തിന് ഇത് കാണാൻ തയ്യാറായി?’ ‘തീയറ്ററിൽ വിജയിച്ചില്ലേ?’ എന്നീ ചോദ്യങ്ങൾക്കപ്പുറം, എന്നിലെ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായവും വലിയൊരു സോഷ്യൽ ക്രൈമുമാണ് ഈ പ്രോഡക്ട്. ഇത്രയും പൈശാചികമായ/ മനുഷ്യത്യ രഹിതമായ ആവിഷ്ക്കാരം ഞാനൊരു കൊറിയൻ സിനിമയിലും കണ്ടിട്ടില്ല..! അഭിലാഷ് വിമർശിച്ചു.
‘ഒരു കൊച്ചുകുട്ടിയുടെ തല ഗ്യാസ് സിലിണ്ടറുപയോഗിച്ച് ഇടിച്ച് പരത്തി പേസ്റ്റ് പരുവത്തിലാക്കി മാറ്റുന്നത് കാണേണ്ടി വന്നു. ഒരു ഗർഭിണിയുടെ വയറിനകത്ത് നിന്ന് ഗർഭസ്ഥ ശിശുവിനെ കീറി വലിച്ചെടുത്ത് അലറുന്നതും കാണേണ്ടിവന്നു. ഇതൊക്കെ ഈ സൊസൈറ്റിയിൽ സർവ്വസാധാരണമെന്ന് വാദിച്ചാൽ പോലും മാർക്കോ ഉത്പാദിപ്പിക്കുന്ന ഒരേയൊരു റിസൾട്ട് സാഡിസം മാത്രമാണ്. പരിശുദ്ധിയുടെ പുനരവതരണം മാത്രമായിരിക്കണം സിനിമ എന്നൊരു വാദം എന്നിലെ ഫിലിം മേക്കർക്കും പ്രേക്ഷകനുമില്ല. ക്രൈം- ത്രില്ലർ സിനിമകൾ എൻ്റെയും ഇഷ്ടമാണ്, സ്വപ്നമാണ്. എന്നാൽ മാർക്കോ പോലെയുള്ള സൃഷ്ടികൾ കാരണം സെൻസർ ബോർഡിൻ്റെ ‘ഇടപെടൽ’ ഇപ്പോളുള്ളതിനേക്കാൾ കൂടും.
സിനിമകളുടെ കഥാഗതിയിൽ ഉണ്ടാവുന്ന സ്വാഭാവിക ക്രൈം സീനുകൾ പോലും നാളെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാവും. കാലം കുറേ കഴിയുമ്പോൾ ഇപ്പൊ ഇത് പടച്ച് വിട്ടവർ കുറ്റബോധവിവശരായി ഏതെങ്കിലും അഭിമുഖങ്ങളിൽ വന്നിരുന്ന് ‘വേണ്ടിയിരുന്നില്ല’ എന്ന് പരവശപ്പെടുമായിരിക്കും. അപ്പോഴേക്കും നാട്ടിലെ സകല കൊള്ളരുതായ്മകളുടേയും കാരണം സിനിമയാണെന്ന അടിസ്ഥാനരഹിത വ്യാഖ്യാനത്തിന് ആർട്ടെന്ന ലേബലൊട്ടിച്ച ഈ വിഷസന്തതി ഊർജം നൽകി കഴിഞ്ഞിരിക്കും!
ശരിയാണ്, പാശ്ചാത്യ സ്ലാഷർ/ബ്രൂട്ടാലിറ്റി പ്രമോട്ട് ചെയ്യപ്പെടുന്ന സിനിമകളും ഇന്ന് നമ്മുടെ കൈവള്ളയിലുണ്ട്. എന്ന് കരുതി അതിനെ പിന്തുടരുന്നതല്ല നമ്മുടെ കല. നാളെയൊരുത്തൻ പീഡോഫീലിയയെ സപ്പോർട്ട് ചെയ്യുന്ന ഒരു സിനിമയെടുത്താൽ അതും കല എന്ന് പറഞ്ഞ് വ്യാഖ്യാനിക്കാനും പ്രദർശനാനുമതി കൊടുക്കാനും നമുക്കാവുമോ? പൊതു സമൂഹവും സിനിമാ ഫ്രട്ടേണിറ്റിയും ഒന്നടങ്കം ഈ വിഷ സർപ്പത്തെ തള്ളിപ്പറയുകയാണ് വേണ്ടത്.
പിൻകുറിപ്പ്: സിനിമാക്കാരനായ ശേഷം ഇതാദ്യമായാണ് ‘സിനിമ’യെന്ന പേരിലിറങ്ങിയ ഒന്നിനെ കുറിച്ച് നെഗറ്റീവായെന്തെങ്കിലും ഞാൻ പറയുന്നത്. ‘ഈ പറയുന്നത് പോലുള്ള വയലൻസൊന്നും അതിലില്ലെ”ന്ന് സാക്ഷ്യപ്പെടുത്തി, രണ്ടാം പകുതി കാണാൻ എന്നെ പ്രേരിപ്പിച്ച സുഹൃത്തും ആദ്യപകുതി വരെ മാത്രമേ ഈ ‘ഐറ്റം’ കണ്ടിട്ടുള്ളൂ എന്ന് ഇന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്!’ – അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ദശലക്ഷക്കണക്കിന് പ്രേക്ഷകർ സിനിമ കണ്ടിട്ടുണ്ട്, അവർ സൈക്കോകളും നിങ്ങൾ നോർമലുമാണോ? ഞങ്ങൾ നിങ്ങളുടെ അഭിപ്രായത്തിന് വില കൽപ്പിക്കുന്നില്ല, എന്ത് കാണണം, എന്ത് കാണരുത് എന്ന് തീരുമാനിക്കുകയുമില്ല. സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളും അക്രമങ്ങളും സിനിമകൾ മൂലമല്ല. നേരിട്ടോ അല്ലാതെയോ നിങ്ങൾ അത് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്’. ‘പ്രശ്നം സമൂഹത്തിനാണ്… അടുത്ത കാലത്തു വിജയിച്ച സിനിമ ഇത് മാത്രം ആണ്… സിനിമ ഉണ്ടാക്കിയവരുടേതല്ല അവരും നമ്മളും ഉൾപ്പെടുന്ന സമൂഹത്തിന്റെ മനോനില ആണ് പരിശോധിക്കേണ്ടത്’. ‘സിനിമയിൽ വയലൻസ് ഉണ്ട് എന്നത് സത്യമാണ്…!!! പക്ഷെ അത് കണ്ടുകൊണ്ടു ഇവിടെ ഒരു സമൂഹം വഴി തെറ്റി എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്.’
‘അഭിപ്രായത്തോട് യോജിക്കുന്നു ഉത്തരം സിനിമകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്’. ‘പലരും പറയുന്നത് കേട്ടു സിനിമയെ സിനിമയായി കാണുക, ഇത് ക്രിയേറ്റിവിറ്റിയാണ് എന്നൊക്കെ. എന്നാൽ ജോർജ് ഗബ്നറിന്റെ കൾട്ടിവേഷൻ തിയറി പ്രകാരം നിരന്തരമായി ടെലിവിഷൻ കണ്ടന്റുകൾ കാണുന്ന ആൾക്കാരുടെ ഇടയിൽ പ്രത്യേകിച്ചും കുട്ടികൾ, കൗമാരക്കാർ, തുടങ്ങിയവരുടെ ഇടയിൽ അത്തരം കണ്ടൻറുകൾ വളരെ ആഴത്തിൽ സ്വാധീനിക്കും എന്നും അത് അവരുടെ സ്വഭാവ ക്രമീകരണത്തിൽ പാളിച്ചകൾ ഉണ്ടാകുമെന്നും തെളിയിച്ചതാണ്. സിനിമകൾ മാത്രമല്ല പലതരം ഗെയിമുകൾ ഒക്കെയും അവരെ സ്വാധീനിക്കും. അപ്പം പല കാര്യങ്ങളും നോർമലൈസ് ചെയ്യപ്പെടുകയും ചെയ്യും. ഇത് തിരുത്തപ്പെടേണ്ടത് തന്നെയാണ് എന്നാണ് എൻറെ വിശ്വാസം’. നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]