
‘വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശങ്കരനോട് ഇഷ്ടമാണ്.’നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യയോട് ഇപ്പോള്‍ പല മലയാളികള്‍ക്കും പറയാനുള്ളത് ഇതാകും. വിരല്‍ ചൂണ്ടി ട്രെയിനിനെ പിന്നോട്ടോടിച്ചും, ഒറ്റയിടിക്ക് കാറുകള്‍ കറക്കിയും പിന്നെ വിശ്വപ്രസിദ്ധമായ ‘ട്രബിള്‍ ഡയലോഗി’ലൂടെയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനാണ് തെലുങ്കിലെ സൂപ്പര്‍താരമായ ബാലയ്യ. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ട്രോള്‍ വീഡിയോകളിലൂടെയാണ് പലരും ബാലയ്യയെ ആദ്യമായി കണ്ടത്.
അത്തരത്തില്‍ വളരെ ‘സീരിയസായി ചെയ്ത’ കാര്യങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ബാലയ്യ ഇപ്പോള്‍ അതേ മലയാളികളെ കൊണ്ട് മാറ്റി ചിന്തിപ്പിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ബാലയ്യയുടെ ഡാകു മഹാരാജ് എന്ന ചിത്രം മലയാളത്തിൽ ഉൾപ്പെടെ ഡബ്ബ് ചെയ്ത് ഒ.ടി.ടിയിലെത്തിയതോടെ വലിയ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിച്ചത്. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ മികച്ച അഭിപ്രായമാണ് ഒട്ടേറെ പേര് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുഷ്പ 2-നേക്കാള്‍ മികച്ച ചിത്രമാണ് ഡാക്കു മഹാരാജ് എന്നാണ് ചിലര്‍ പറയുന്നത്. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തുന്നവരുമുണ്ട്. എന്തായാലും ഇനി ബാലയ്യ കേവലം ട്രോള്‍ മെറ്റീരിയല്‍ മാത്രമല്ല എന്നാണ് പലരും പറയുന്നത്. നേരത്തേ, ഡാക്കു മഹാരാജ് വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ സംഗീതസംവിധായകന് തമന് ബാലയ്യ രണ്ട് കോടി രൂപയോളം വിലവരുന്ന പോര്‍ഷെ കാര്‍ സമ്മാനിച്ചിരുന്നു.
ഡാക്കു മഹാരാജിനെ കുറിച്ച് മലയാളികള്‍ എക്സില്‍ പോസ്റ്റ് ചെയ്ത അഭിപ്രായങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘ഒറ്റ പടം കൊണ്ട് ബാലയ്യ ഫാന്‍ ആക്കി കളഞ്ഞു. ഇങ്ങേര്‍ക്ക് എന്നാ സ്ക്രീന്‍ പ്രസന്‍സും ഓറയുമാണ്. ഇനി കേരളത്തില്‍ ഇങ്ങേരുടെ പടവും റിലീസ് വേണം’ എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. സ്ഥിരം കഥയാണെങ്കിലും ഉയര്‍ന്ന നിലവാരത്തിലുള്ള അവതരണമാണ് ചിത്രത്തെ ആകര്‍ഷകമാക്കുന്നതെന്നാണ് മറ്റൊരു ട്വീറ്റ്.
‘പൊടുന്നനെ കേരളത്തിലെ പ്രേക്ഷകര്‍ ബാലയ്യയുടെ സിനിമ ആഘോഷിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. തുടര്‍ന്ന് ആ സിനിമ ഞാന്‍ കണ്ടു. ഇപ്പോള്‍ മനസിലായി എന്തുകൊണ്ടാണ് അവരത് ആഘോഷിച്ചതെന്ന്. അഖണ്ഡ-2 ഇറങ്ങുമ്പോള്‍ കേരളത്തില്‍ നല്ല ഓപ്പണിങ് ലഭിക്കും.’ -ഇതാണ് മറ്റൊരു ട്വീറ്റ്.
ഫെയ്സ്ബുക്കിലും ‘ബാലയ്യ ആരാധന’ പ്രകടമാണ്. സ്ഥിരമായി ‘ഹ ഹ’ റിയാക്ഷന് മാത്രം കിട്ടിയിരുന്ന ബാലയ്യ പോസ്റ്റുകള്‍ക്ക് ഇപ്പോള്‍ ലൈക്കുകളും ലൗ റിയാക്ഷനുകളുമാണ് ലഭിക്കുന്നത്. ഡാക്കു മഹാരാജിന്റെ മലയാളം സബ്ടൈറ്റില്‍ ഇതുവരെ ആറായിരത്തിലേറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുകഴിഞ്ഞു എന്നാണ് ഒരു പോസ്റ്റിലെ അവകാശവാദം.
ബാലയ്യ ഫാന്‍സിനായുള്ള ഫെയ്സ്ബുക്ക് ഗ്രൂപ്പും ഇതിനകം ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമെല്ലാം മലയാളികള്‍ എങ്ങനെയാണോ ആരാധന പ്രകടിപ്പിക്കുന്നത്, അതേ തരത്തിലുള്ള ആരാധന ബാലയ്യ ഫാന്‍സിന്റെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പ്രകടമായി കാണാം. വീരസിംഹറെഡ്ഡി എന്ന ചിത്രത്തിലെ ബാലയ്യയുടെ പ്രകടനം വില്ലന്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റേത് പോലെയാണ് എന്നാണ് ഗ്രൂപ്പില്‍ കണ്ട ഒരു കമന്റ്.
ബാലയ്യയുടെ പഴയ ചിത്രങ്ങളെ കുറിച്ചുള്ള പോസ്റ്റുകളും ഗ്രൂപ്പിലുണ്ട്. ജയ് ബാലയ്യ, വെര്‍സറ്റൈല്‍ ആക്ടര്‍, ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, മികച്ച ഡയലോഗ് ഡെലിവറി എന്നിങ്ങനെ ഇഷ്ടതാരത്തെ പുകഴ്ത്തിയുള്ള ഒട്ടേറെ പോസ്റ്റുകളാല്‍ സമ്പന്നമാണ് ഗ്രൂപ്പ്. ഇപ്പോള്‍ മകളാണ് ബാലയ്യയ്ക്കായി സ്ക്രിപ്റ്റുകള്‍ കേള്‍ക്കുന്നതും തിരഞ്ഞെടുക്കുന്നതുമെന്നും അതാണ് മാറ്റത്തിന് കാരണമെന്നുമാണ് ഒരാളുടെ കമന്റ്. അതേസമയം കേരളത്തില്‍ നിലയുറപ്പിക്കാന്‍ വേണ്ടിയുള്ള പി.ആര്. പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ് ഇതെല്ലാമെന്ന് ആരോപിക്കുന്നവരും ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]