
കഥകളിപദങ്ങളും അഷ്ടപദികളും ഉപയോഗപ്പെടുത്തി പുതുമയാര്‍ന്ന സംഗീതമൊരുക്കാമെന്ന തീരുമാനത്തിലേക്കെത്തുമ്പോള്‍ അതിന്റെ സ്വീകാര്യതയെ കുറിച്ച് ആശങ്കയുണ്ടായിരുന്നില്ലേ / അനുഭവം
തീര്‍ച്ചയായും ആശങ്കയുണ്ടായിരുന്നു. ആക്ച്വലി ഞാനാ സമയത്ത് ഡല്‍ഹിയില്‍ ഒരു ഷോ ചെയ്യാനിരിക്കുകയായിരുന്നു. ഷോയില്‍ അച്ഛനും പാടുന്നുണ്ടായിരുന്നു. മലയാളി സംഘാടകരായിരുന്നു ആ ഷോയ്ക്ക് പിന്നില്‍. അച്ഛന്റെ കഥകളിസംഗീതവും എന്റെ സിനിമാസംഗീതവുമായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. എന്റെ മ്യൂസിക്കിന്റെ വേരുകളെ കുറിച്ച് ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്. ഞാന്‍ വളര്‍ന്ന സമയത്ത്- ജനിച്ചപ്പോള്‍ മുതൽ എന്നു വേണമെങ്കില്‍ പറയാം, സോപാനസംഗീതം, പ്രധാനമായും കഥകളിസംഗീതം കേട്ടാണ് വളര്‍ന്നത്. ഞാന്‍ എന്തു ചെയ്താലും അതില്‍ അറിയാതെ തന്നെ ആ സംഗീതം കടന്നുവരും എന്ന റിയലൈസേഷന് അപ്പോഴാണുണ്ടായത്. ആ തിരിച്ചറിവുണ്ടായ സമയത്താണ് ഈ ഷോ വരുന്നത്. നമ്മള് എക്സിപിരിമെന്റ് ചെയ്യാനിരിക്കുമ്പോള്‍ പലപ്പോഴും നമുക്ക് സപ്പോര്‍ട്ട് കിട്ടണമെന്നില്ല. സ്വീകാര്യത ലഭിക്കുന്ന രീതിയില്‍ത്തന്നെ തുടരാനാണ് പലപ്പോഴും ഒട്ടുമിക്ക കലാകാരന്മാരും ആഗ്രഹിക്കുന്നത്, മറിച്ചാകുന്നതിനെ കുറിച്ചാലോചിക്കാന്‍ പോലും പലപ്പോഴും ധൈര്യം കിട്ടാറില്ല, സാമ്പത്തികവിഷയം കൂടിയുണ്ടാകുമ്പോള്‍ അതിലൊരു റിസ്ക് എലെമെന്റ് കൂടിയുണ്ടല്ലോ. പുതിയതെതെങ്കിലും ചെയ്തിട്ട് അത് വര്‍ക്ക് ഔട്ട് ആയില്ലെങ്കിലോ എന്നൊരു ടെന്‍ഷന്‍ കൂടി അതിലുണ്ട്. പക്ഷെ, എന്റെ ഭാഗ്യത്തിന് അന്നത്തെ ഷോയുടെ ഓര്‍ഗനൈസേഴ്സ് നല്ല പിന്തുണ തന്നു. ‘പുതിയൊരു സാധനം എന്റെ മനസിലുണ്ട്. അത് ഞാനൊന്ന് ശ്രമിച്ചോട്ടെ’ എന്ന് അവരോട് ചോദിച്ചു. They showed confidence in me. എനിക്ക് റഫറൻസ് ആയി അവരുടെ മുന്നില്‍ ഒന്നും കാണിക്കാനുണ്ടായിരുന്നില്ല. കാരണം തികച്ചും പുതിയൊരു ആശയമായിരുന്നു എന്റെ മനസില്‍. അന്നവരെന്നെ സപ്പോട്ട് ചെയ്തതുകൊണ്ടാണ് എനിക്കത് സാധ്യമായത്. കഥകളിസംഗീതത്തെ പുതിയൊരു രീതിയിൽ അവതരിപ്പിക്കുമ്പോള്‍ സദസിലുണ്ടായിരുന്നവര്‍ മുഴുവന്‍ അതിനൊപ്പം കയ്യടിച്ച് പ്രോഗ്രാം കഴിയുന്നതുവരെ പ്രോത്സാഹിപ്പിച്ചു. ആ പരിപാടിയുടെ ഓര്‍ഗനൈസേഴ്സും ഹാപ്പിയായിരുന്നു. പറഞ്ഞുറപ്പിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം അവരെനിക്ക് തരികയും ചെയ്തു. ആ നിമിഷം, ആ അംഗീകാരം ഞാനൊരിക്കലും മറക്കില്ല. ഫ്യൂഷന്‍ സംഗീതവും സംഗീതാസ്വാദകര്‍ സ്വീകരിക്കുമെന്നുള്ള ധൈര്യം എനിക്കു കിട്ടി.
താങ്കളുടെ മ്യൂസിക് ബാന്‍ഡ്, Sopanam Ensemble- തുടക്കം, പ്രവര്‍ത്തനങ്ങള്‍, ബന്ധപ്പെട്ടുള്ള യാത്രകള്‍, പുതിയ സംഗീതപരീക്ഷണങ്ങള്‍-വിശദമാക്കാമോ
സോപാനസംഗീതം, അഷ്ടപദി, കഥകളിസംഗീതം, പിന്നെ കുറച്ച് ഫോക് മ്യൂസിക് ഇതൊക്കെയാണ് Sopanam Ensemble സാധാരണ അവതരിപ്പിക്കുന്നത്. സോപാനം എന്സെമ്പിളില് പ്രവര്‍ത്തിക്കുന്നത് ബിഹാര്‍, പഞ്ചാബ്, അസം, ഡല്‍ഹി, കേരളം തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംഗീതപ്രവര്‍ത്തകരാണ്. കേരളത്തിന് പുറത്തുനിന്നുള്ള കലാകാരന്മാര്ക്ക് നമ്മുടെ സംഗീതം വളരെ ഇഷ്ടമാണ്. ഞാന്‍ കേരളത്തിന്റെ സംഗീതം അവരുമായി ഷെയര്‍ ചെയ്യുമ്പോള്‍ അവര്‍ക്കത് വലിയ പുതുമയാണ്. ഇത്തത്തിലുള്ള സംഗീതം അവര്‍ ഇതിനുമുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ വളരെ എക്സൈറ്റഡ് ആയിരുന്നു. അതുകാണുമ്പോള്‍ നമ്മള്‍ക്കും സന്തോഷം തോന്നും. ഈ മ്യുസിഷന്സുമായി ചേര്‍ന്ന് ഒരുപാട് ഷോസ് ചെയ്യാന്‍ സാധിച്ചു-മ്യൂസിക് മോജോ, ഫക്കീരി… തുടങ്ങി ധാരാളം. സോപാനം എന്സെമ്പിളിനെ ഒരു വേദിക് ഫോക് ഫ്യൂഷന്‍ ബാന്ഡെന്നാണ് ഞാന്‍ വിളിക്കുന്നത്. തത്ക്കാലം ബാന്‍ഡിന് ഒരു ഹോള്‍ഡ് ഇട്ടിരിക്കുകയാണ്. കാരണം ആ ബാന്‍ഡിന്റെ ഒട്ടുമിക്ക കാര്യങ്ങളും ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്-കമ്പോസിങ്, പാടുന്നത്, ബാന്‍ഡ് മാനേജ് ചെയ്യുന്നത്, ഷോസ് മാനേജ് ചെയ്യുന്നത്…ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഒരു ഡിഫിക്കല്‍റ്റ് ടാസ്ക് ആണ്. ബാന്‍ഡിന്റെ കാര്യങ്ങള്‍ നോക്കിനടത്താന്‍ പുതിയൊരു ടീം സെറ്റ് ചെയ്യാനുള്ള ശ്രമത്തിലാണിപ്പോള്‍.
മ്യൂസിക് & മിത്ത്-ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണെന്നാണ് മനസിലാക്കുന്നത്- പൂര്‍ണമായും ശ്രീകുമാറിന്റെ ആശയമായിരുന്നോ / പരിചയപ്പെടുത്താമോ
മ്യൂസിക് & മിത്ത് എന്റെ കോണ്‍സെപ്റ്റ് തന്നെയായിരുന്നു. ഇന്ത്യയിലെ ഓരോ സ്റ്റേറ്റിലും അവരുടേതായ സംഗീതവും സംസ്കാരവുമുണ്ട്. ഇന്ത്യയില്‍ എല്ലായിടത്തുമുള്ള ആളുകള്‍ക്കും പരിചിതമാണ് രാമായണം, മഹാഭാരതം പോലുള്ള പ്രധാന ഐതിഹ്യങ്ങളും മറ്റ് പുരാണങ്ങളും. എന്നാല്‍ ഓരോ സ്റ്റേറ്റിലും ഇവയെ കലാപരമായോ സംഗീതപരമായോ വ്യാഖ്യാനിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. ഒരേ കഥ-അത് ഏതുവിധത്തിലാണ് കേരളത്തില്‍, തമിഴ്നാട്ടില്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് വ്യാഖ്യാനിക്കപ്പെടുന്നത് എന്നായിരുന്നു എന്റെ അന്വേഷണം. ആ കഥകളെ സംഗീതത്തിലേക്ക് ഏതുവിധത്തില്‍ കൊണ്ടുവരാം തുടങ്ങിയവയൊക്കെ എനിക്ക് അറിയണമായിരുന്നു. അതിനുവേണ്ടി ക്രിയേറ്റ് ചെയ്തതാണ് മ്യൂസിക് & മിത്ത്. പക്ഷെ അതിന് എനിക്ക് വേണ്ടത്ര സപ്പോട്ട് കിട്ടിയില്ല. ഒരു സീസണ് ചെയ്തു. അച്ഛനെത്തന്നെ പാടിപ്പിച്ചു. കഥകളിസംഗീതമാണ് ആദ്യം കൊണ്ടുവന്നത്. പക്ഷേ, എനിക്കത് തുടരാന്‍ പറ്റിയില്ല. ഇത്തരം പ്രോജക്ടുകള്‍ക്ക് സാമ്പത്തികമുള്‍പ്പെടെയുള്ള പിന്തുണ അത്യാവശ്യമാണ്. നമ്മുടെ നാട്ടിലെ സമ്പന്നമായ പുരാണങ്ങളും ഐതിഹ്യങ്ങളും മ്യൂസിക്കുമായി കണക്ട് ചെയ്യാന്‍ നല്ലൊരവസരം ലഭിക്കും എന്നുതന്നെയാണ് പ്രതീക്ഷ.
അന്താരാഷ്ട്ര സംഗീതപ്രവര്ത്തകരുമായുള്ള സഹകരണം- അനുഭവങ്ങള്‍, അംഗീകാരം എന്നിവ
ഇന്റര്‍നാഷണല്‍ കൊളാബൊറേഷന്സിനെ കുറിച്ച് പയുകയാണെങ്കില് ആദ്യം പറയേണ്ടത് സഫര്‍ എന്ന മ്യൂസിക് ആല്‍ബത്തെക്കുറിച്ചാണ്. ടുണീഷ്യന്‍ ആര്‍ട്ടിസ്റ്റായ ഇമെദ് അലിബിയാണ് (Imed Alibi ) ആ ആല്‍ബം ചെയ്തത്. ഫ്രാന്‍സ്, ബ്രസീല്‍, യുകെ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര് ആ ആല്‍ബത്തില്‍ പ്രവര്‍ത്തിച്ചു. ആല്‍ബത്തിലെ ഒരു ട്രാക്കിന്റെ സജഷനുവേണ്ടിയാണ് അദ്ദേഹം എന്നെ സമീപിച്ചത്. തിരക്കിലായിരുന്നതിനാല്‍ കുറേ ദിവസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന്റെ മെയില്‍ ഞാന്‍ കണ്ടത്. എന്റെ സജഷന്‍സ് റിപ്ലൈ മെയിലില്‍ ഞാന്‍ ഷെയര്‍ ചെയ്തു. ഒപ്പം ഒരു റോ റെക്കോഡിങ്ങും അയച്ചുകൊടുത്തു. പക്ഷേ, അപ്പോഴേക്കും ആല്‍ബത്തിന്റെ വര്‍ക്ക് കഴിഞ്ഞിരുന്നു. ആ സമയത്ത് അദ്ദേഹം ഫ്രാന്‍സിലായിരുന്നു. ഞാന്‍ അയച്ചുകൊടുത്ത റെക്കോഡിങ് കേട്ടയുടനെ അദ്ദേഹം അത് യുകെ യിലുള്ള പ്രൊഡ്യൂസര്‍ക്ക് അയച്ചുകൊടുത്തിട്ട് ഫയല്‍ വീണ്ടും ഓപ്പണ്‍ ചെയ്ത് എന്റെ റോ റെക്കോഡിങ്ങിലുള്ള വോയ്സ് അതേ പോലെത്തന്നെ ട്രാക്കില്‍ ഉള്‍പ്പെടുത്തി. എന്റെ വേര്‍ഷന്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി അദ്ദേഹം ബാക്കിയെല്ലാം മാറ്റാന്‍ തയ്യാറായി. അത് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആല്‍ബം യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നല്ല ശ്രദ്ധ നേടുകയും ചെയ്തു. രണ്ടാമത്തേത് 2020 ലെ ഗ്ലോബല്‍ സമ്മിറ്റില്‍ ചെയ്ത കോണ്‍സേര്‍ട്ടാണ്. ഇംപാക്ട് ഗെയിംസിലെ ഓപ്പണിങ് കോണ്സേര്ട്ടായിരുന്നു ഇത്. അഞ്ച് ടൈം സോണുകളിലൂടെ കടന്നുപോകുന്ന ഇരുപത് മണിക്കൂര്‍ നീളുന്ന ഒരു റിലേ കോണ്സേര്ട്ടായിരുന്നു. ഐക്യരാഷ്ട്രസംഘടനയുടെ 17 സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പ്രൊമോഷനായിരുന്നു ഈ കോണ്‍സേര്‍ട്ടിന്റെ ഉദ്ദേശം.
മലയാളത്തിലും മറുഭാഷകളിലും മുന്‍നിര സംഗീതസംവിധായകര്‍ക്കൊപ്പവും ഗായകര്‍ക്കൊപ്പവും പ്രവര്ത്തിക്കാനായല്ലോ, ആ അനുഭവങ്ങള്‍ പങ്കുവെക്കാമോ.
പാടാനും മ്യൂസിക് ചെയ്യാനും അവസരം കിട്ടിയിട്ടിട്ടുണ്ട്, പ്രത്യേകിച്ച് മുംബൈയില്‍ താമസിക്കുന്ന സമയത്ത്, ഒരുപാട് ജിംഗിള്‍സ് പാടാനുള്ള അവസരം കിട്ടി. സിനിമകളുടെ ബാക്ഗ്രൗണ്ടിന് പാടി. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും പാടിയിട്ടുണ്ട്. ശങ്കര്‍-എഹ്സാന്‍-ലോയ്, രഞ്ജിത് ബാരോട്, ശാന്തനു മൊയ്ത്ര…തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ബോളിവുഡ് പ്രോജക്ടിലും അവസരം കിട്ടി, ആഡ് ഫിലിംസിനുവേണ്ടി പാടാന്‍ പറ്റി. ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും നല്ല എക്സ്പീരിയന്‍സസ് എനിക്ക് ലഭിച്ചു. ജിംഗിള്‍സ് പാടുന്നത് നമുക്ക് മറ്റുഭാഷകളിലേക്കുള്ള എക്സ്പോഷറാണ് തരുന്നത്.
ആലാപനം കൂടാതെ ഉപകരണസംഗീതത്തിലും ശ്രീകുമാറിന് പ്രാവീണ്യമുണ്ടെന്ന് മനസിലാക്കുന്നു. വോക്കല്‍ ട്രെയിനറായും പ്രവര്‍ത്തിക്കുന്നുണ്ടല്ലോ, ശ്രീകുമാറിന്റെ സംഗീതപ്രവര്ത്തനങ്ങളെക്കുറിച്ച് പറയൂ.
ഞാനൊരു ഗായകനാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. പാടാനെനിക്ക് വളരെയിഷ്ടമാണ്, അതുപോലെത്തന്നെയാണ് കമ്പോസിങ്ങും. ഉപകരണസംഗീതത്തോടും ഏറെ താത്പര്യമുണ്ട്, പ്രത്യേകിച്ച് ചെണ്ട. ഒരു കമ്പോസറെന്ന നിലയില്‍ ഞാനൊരു പെര്ക്കഷനിസ്റ്റാണെന്ന് എനിക്ക് തോന്നാറുണ്ട്. കാരണം എന്റെ ഇമാജിനേഷനെല്ലാം പെര്ക്കസീവാണ്, എന്റെ കമ്പോസിങ് സ്റ്റൈലും പെര്ക്കസീവാണ്. കുറച്ചൊക്കെ എഴുതാറുണ്ട്. കഥകളി പഠിച്ചിട്ടുണ്ട്, അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, കഥകളി സംഗീതം അഭ്യസിച്ചിട്ടില്ല, ചെറുപ്പം മുതല്‍ കേട്ടുപഠിച്ചതാണ്. സംഗീതനാടകങ്ങള്ക്കുവേണ്ടി കമ്പോസ് ചെയ്തിട്ടുണ്ട്, കൂടാതെ സംഗീതനാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തീയേറ്ററിനുവേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കൂടാതെ കുറച്ചു സ്റ്റുഡന്റ്സിനുവേണ്ടി എനിക്കറിയാവുന്ന സംഗീതം പങ്കുവെക്കുന്നുമുണ്ട്.
ശ്രീകുമാര്‍ ആലപിച്ച ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധ നേടിയവയാണ്, എങ്കിലും ശ്രീകുമാര്‍ പല മലയാളികള്‍ക്കും ഇപ്പോഴും അപരിചിതനാണ്. പ്രൊമോഷന് വേണ്ടത്ര ശ്രദ്ധ നല്കാഞ്ഞിട്ടാണോ അങ്ങനെ.
എന്റെ സോഷ്യല്‍ പ്രസന്‍സ് പരിമിതമായതിന് ചില കാരണങ്ങളുണ്ട്. സെല്‍ഫ് പ്രൊമോഷന് ചെയ്യുന്നത് കുറവാണ്, അതത്ര നല്ല കാര്യമാണെന്നല്ല, സോഷ്യലി ഇനി കുറച്ചുകൂടി ആക്ടീവാകണം. കേരളത്തിന് പുറത്തുനിന്നാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും എന്നെ മീഡിയയ്ക്ക് ആക്സസ് ചെയ്യാന്‍ സാധിക്കുന്നുണ്ടാകില്ല. എന്റെ പേരിലുള്ള കണ്‍ഫ്യൂഷനും-യൂട്യൂബിലൊക്കെ ചില പാട്ടുകളില്‍ വി. ശ്രീകുമാറെന്നും, ചില പാട്ടുകളില്‍ ബോംബെ ശ്രീകുമാറെന്നുമൊക്കെ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പല പാട്ടുകളും ഞാനാണ് പാടിയതെന്ന് ശ്രോതാക്കള്‍ക്ക് അറിയില്ല. അതൊക്കെ തിരുത്താനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍.
സിനിമാരംഗത്തെ അവസരം തേടല്‍ അത്ര ഈസിയായിരുന്നില്ലെന്ന് ശ്രീകുമാര്‍ ഒരഭിമുഖത്തില്‍ പറഞ്ഞതായി കണ്ടു. ടാലന്റുള്ള നിരവധി ഗായകര്‍ അവഗണിക്കപ്പെടുന്നതായി അഭിപ്രായമുണ്ടോ.
ടാലന്റുള്ള കലാകാരന്മാരെ അവഗണിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഇന്നത്തെ കാലത്ത് കുറച്ച് പ്രയാസമാണ്. മുമ്പൊക്കെ എക്സ്പോഷര്‍ വളരെ കുറവായിരുന്നു, ഇന്നാകട്ടെ ഒരു മൊബൈല്‍ഫോണ്‍ ഉപയോഗപ്പെടുത്തി പാടുന്നതോ മറ്റോ റെക്കോഡ് ചെയ്യാം, ഷെയര്‍ ചെയ്യാം, ഒരിടത്തിരുന്ന് കൊണ്ട് ഫാന്‍സിനേയോ ഫോളോവേഴ്സിനേയോ നേടാം. എന്നുകരുതി എല്ലാവര്ക്കും ഒരേ അളവിലുള്ള പ്രശസ്തിയോ സാമ്പത്തികനേട്ടമോ ഉണ്ടായിക്കൊള്ളണമെന്നില്ല. എല്ലാവരുടേയും ജീവിതം വ്യത്യസ്തമാണ്. ഒരാളുടെ പ്രശസ്തിയ്ക്കുപിന്നില് നിരവധി ഘടകങ്ങളുണ്ടാകും. സോഷ്യല്‍ മീഡിയയെ കൃത്യമായി ഉപയോഗിക്കാൻ അറിയാമെങ്കിലോ ഒരു നല്ല ടീം ഒപ്പമുണ്ടെങ്കിലോ ഒരുപക്ഷെ ഒരു കലാകാരന് കൂടുതല്‍ അറിയപ്പെട്ടേക്കാം, അല്ലാതെയും ചിലപ്പോള്‍ പേരും പ്രശസ്തിയും അയാളെ തേടിവന്നേക്കാം.
ശ്രീകുമാറിന്റെ വിശേഷങ്ങള്‍ ചോദിക്കുമ്പോള്‍ പ്രശാന്ത് പിള്ളയെ ഒഴിവാക്കാനാവില്ലല്ലോ, തമ്മിലുള്ള ബന്ധം- നിങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി എത്തരത്തിലാണ് വര്‍ക്ക് ഔട്ടാകുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യചിത്രം സിറ്റി ഓഫ് ഗോഡിലൂടെയാണ് പ്രശാന്തുമായുള്ള സംഗീതബന്ധം ആരംഭിക്കുന്നത്. തുടര്‍ന്ന് ആമേന്‍. പ്രശാന്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ആദ്യം ഉണ്ടായ ഫീല്‍ എന്നുപറയുന്നത് കംഫര്‍ട്ടാണ്. പാടുമ്പോള്‍ തോന്നിയ ആ ഫീല്‍ ഇപ്പോള്‍ പുന്നാര കാറ്റിലേ പാടിയപ്പോഴും അതേ പോലെത്തന്നെയുണ്ട്. 2014-15 ആയപ്പോഴേക്കും ഞാന്‍ ബാംഗ്ലൂരിലേക്ക് വന്നു. ഞങ്ങള്‍ക്ക് ഒന്നിച്ച് സ്പെന്‍ഡ് ചെയ്യാന്‍ ധാരാളം സമയം കിട്ടി. പ്രശാന്ത് ഇപ്പോഴെന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളാണ്. ഞങ്ങള്‍ക്കിടയിലെ ഇന്ററാക്ഷന് പ്രധാനമായും സ്പിരിച്വാലിറ്റി, ഫിലോസഫി, മ്യൂസിക് എന്നിവയാണ്. ആ ഇന്ററാക്ഷന്റെ റിഫ്ളക്ഷനാണ് പാട്ടുകളില്‍ കടന്നുവരുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ആരാധിക്കുന്ന ഒരു മ്യൂസിക് പ്രൊഡ്യൂസറാണ് പ്രശാന്ത്. പ്രശാന്ത് മ്യൂസിക് ഇമാജിന്‍ ചെയ്യുന്ന രീതി, സൗണ്ട് ഡിസൈനിങ് ചെയ്യുന്ന വിധം, അത്രയും ക്വാളിറ്റി ഞാന്‍ വേറെയാര്‍ക്കും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഒരു വലിയ ഫാന്‍ കൂടിയാണ് ഞാന്‍. പ്രശാന്തിന് കൂടുതല്‍ നന്മകളുണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
അച്ഛന് സദനം രാജഗോപാല്‍, അമ്മ മൂകാംബിക രാജഗോപാല്‍ എന്നിവര്‍ക്കൊപ്പം ഗുഡ്ഗാവിലാണ് ശ്രീകുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്. തന്റെ സംഗീതയാത്രയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ കൊച്ചിയിലേക്ക് താമസം മാറ്റാനുള്ള തയ്യാറെടുപ്പുമുണ്ട്. അനുജന് ശ്രീകാന്ത് വാക്കിയില്‍. ശ്രീകുമാറിന്റെ ഏറ്റവും വലിയ പിന്തുണയും പ്രോത്സാഹനവും കുടംബമാണ്.