‘ജയിലര്‍’ എന്ന സിനിമ വലിയ വിജയമായി തീര്‍ന്നതിന്റെ സന്തോഷം പങ്കുവച്ച് നടന് വിനായകന്. രജനികാന്തിന്റെ പ്രതിനായകനായ വര്മന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനായകന് അവതരിപ്പിച്ചത്. വര്‍മനായുള്ള വിനായകന്റെ വേഷ പകര്‍ച്ചയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വര്മന് എന്ന കഥാപാത്രം ഇത്രത്തോളം ഏറ്റെടുക്കപ്പെടുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ലെന്നും രജനികാന്ത് എന്ന മനുഷ്യന്റെ പിന്തുണ കൊണ്ട് മാത്രമാണ് ഇത്രയും നന്നായി ആ വേഷം ചെയ്യാനായതെന്നും വിനായകന് പറഞ്ഞു. ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും വിനായകന് സംസാരിക്കുന്ന വിഡിയോ സണ്‍ പിക്ചേഴ്സ് ആണ് പുറത്തുവിട്ടത്.
‘മനസ്സിലായോ, നാന് താന്‍ വര്മന്, വണക്കം എന്ന ഡയലോഗ് പറഞ്ഞു കൊണ്ടാണ് വിനായകന് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചു തുടങ്ങിയത്. ജയിലറില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് വിനായകന് പറഞ്ഞു.
ജയിലറില്‍ വിളിക്കുന്ന സമയത്ത് ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല, ഒരു കാട്ടിലായിരുന്നു. അവിടെ റേഞ്ചുമില്ല, ഫോണ്‍ ഇടയ്ക്കിടെ കട്ടാകും. പത്ത് പതിനഞ്ച് ദിവസം ഞാന്‍ അവിടെയായിരുന്നു. ഫോണ്‍ എല്ലാം ഓഫായിരുന്നു. തിരിച്ച് വന്ന് നോക്കിയപ്പോള്‍ ഒരുപാട് മിസ് കോള്‍. മാനേജര്‍ വിളിച്ച് കാര്യം പറഞ്ഞു. തിരിച്ചു വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെക്കുറിച്ച് പറയാനാണ് ഫോണ്‍ ചെയ്തതെന്ന് മനസ്സിലായത്. നെല്‍സണ്‍ ആണ് സംവിധാനം എന്നും പറഞ്ഞു. എനിക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. നെല്‍സണെയും എനിക്ക് അറിയാം. ഞാനാണ് പ്രധാന വില്ലന്‍ എന്നും പറഞ്ഞു തന്നു. അതായിരുന്നു സിനിമയിലെത്തുന്നത്.
രജനി സാറിനൊപ്പം അഭിനയിച്ച അനുഭവം വാക്കുകളില്‍ പറയാന്‍ വാക്കുകളില്ല. ഒന്ന് കാണാന്‍ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, ചേര്‍ത്തണച്ച് ഊര്‍ജ്ജം നല്‍കിയത് മറക്കാനാകില്ല. വര്മന് ഇത്രയും ഉയരത്തില്‍ എത്താന്‍ കാരണം രജനികാന്ത് ആണ്.
എന്റെ വേഷത്തെ കുറിച്ച് മാത്രമാണ് നെല്‍സണ്‍ സര് പറഞ്ഞത്. ഞാന്‍ പല സിനിമകളിലും തിരക്കഥ കേള്‍ക്കാറില്ല. പലകാരണങ്ങളാലും തിരക്കഥയില്‍ മാറ്റങ്ങള്‍ വരാം. വീട്ടില്‍ നിന്നും പുറത്തു പോകാന്‍ സാധിക്കാത്ത രീതിയില്‍ വര്മന് ഹിറ്റായി. സ്വപ്നത്തില്‍ പോലും യോസിക്കലേ സാര്‍.. (വിചാരിച്ചില്ല) ചിത്രത്തിലെ എല്ലാ രംഗങ്ങളും പ്രധാനപ്പെട്ടവയാണ്. വളരെ സന്തോഷത്തോടെയാണ് ചെയ്തത്. നെല്‍സണോട് ഒരുപാട് നന്ദി. രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരന് സാറിനും ഒരുപാട് നന്ദി- വിനായകന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]