പത്തനാപുരം: ഒരുകാലത്ത് തിരക്കേറിയ നടനായിരുന്ന ടി.പി മാധവൻ ഇന്ന് പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ്. ഓർമ നശിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തെ കാണാൻ അധികമാരും എത്താറില്ല. ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
എട്ടു വർഷമായി ടി.പി. മാധവൻ ഗാന്ധിഭവനിൽ എത്തിയിട്ട്. ഇപ്പോഴിതാ മാധവനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗാന്ധിഭവൻ. മാധവന്റെ ഇപ്പോഴത്തെ ജീവിതം വീഡിയോയില് വിവരിക്കുന്നുണ്ട്. ചിലതെല്ലാം മാധവൻ ഓർത്ത് പറയുന്നുണ്ടെങ്കിലും പലകാര്യങ്ങളിലും വ്യക്തതയില്ല.
സുരേഷ് ഗോപി, ഗണേഷ് കുമാർ, ജയരാജ് വാര്യർ, നടി ചിപ്പി തുടങ്ങി ചുരുക്കം ചില സഹപ്രവർത്തകരാണ് മാധവനെ കാണാൻ ഗാന്ധിഭവനിൽ ഇക്കാലയളവിൽ എത്തിയിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നൽകുമെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറഞ്ഞു. അദ്ദേഹത്തെ കാണാൻ കുടുംബാംഗങ്ങളാരും ഗാന്ധിഭവനിൽ എത്താറില്ലെന്നും വൈസ് ചെയർമാൻ കൂട്ടിച്ചേർത്തു.
മാധവനെക്കാണാൻ മകൻ വന്നുവെന്ന് പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് അമൽ പറഞ്ഞു. ഒരുപാട് പേരെ കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും അതെല്ലാം അദ്ദേഹം മറന്നുവെന്നും അമൽ കൂട്ടിച്ചേർത്തു. ആര് കാണാൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് ‘എന്നെക്കാണാൻ ആര് വരാൻ’ എന്ന നിഷ്കളങ്കമായ മറുപടിയാണ് മാധവൻ നൽകിയത്.
തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]