മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയും കടുത്ത പ്രചാരണങ്ങൾ നടത്തിയ സംവിധായകൻ അഖിൽ മാരാർ ഒടുവിൽ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവനചെയ്തു. ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഭാവന ചെയ്തതിന്റെ രേഖയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ 1 ലക്ഷം കൊടുക്കാം എന്ന് അഖിൽ മാരാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റിൽ ഇതിനെക്കുറിച്ച് അദ്ദേഹം ഇതേക്കുറിച്ച് യാതൊന്നും പറഞ്ഞിരുന്നില്ല. ഈ പോസ്റ്റിന് വന്ന കമന്റുകളിൽ വിമർശനം ഉയർന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഈ തുക നൽകിയ കാര്യമാണ് ഇപ്പോൾ അഖിൽ മാരാർ വെളിപ്പെടുത്തിയത്. അതേസമയം സർക്കാരിനെതിരെയുള്ള വിമർശനം തുടർന്നും ഉന്നയിക്കുകയാണ് അദ്ദേഹം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ കേസ് എടുത്തിരുന്നുവെന്ന് അഖിൽ മാരാർ പറഞ്ഞു. എന്നാൽ ഒരാളോട് പോലും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കരുത് എന്ന് താൻ പറഞ്ഞിട്ടില്ല. പകരം മൂന്ന് വീടുകൾ വെച്ചു നൽകും എന്നുപറഞ്ഞു. കണക്കുകൾ ആറുമാസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചാൽ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ തന്നെ ഇടാൻ തയ്യാറാണ് എന്ന് അന്നുതന്നെ താൻ പറഞ്ഞിരുന്നു. താനുയർത്തിയ സംശയങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞുവെന്നും അഖിൽ എഴുതി.
“ദുരിതാശ്വാസ നിധിയിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും മാധ്യമങ്ങളും സൂപ്പർ താരങ്ങളും ഒക്കെ പറഞ്ഞിട്ടും ആരും പണം ഇടുന്നില്ല. അബ്ദുൽ റഹ്മാന് വേണ്ടി 4 ദിവസം കൊണ്ട് 34 കോടി സ്വരൂപിച്ച നാട്ടിൽ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും പലരും പണം കൊടുക്കാൻ മടിക്കുന്നത് ഭരിക്കുന്ന ആളുടെ പ്രവർത്തി കൊണ്ടാണ്. എന്നാൽ ഇന്നലെ കാണിച്ചത് ഒരു ജനാധിപത്യ മര്യാദയുടെ ഭാഗമായി എനിക്ക് തോന്നിയത് കൊണ്ട് ആ മര്യാദ തിരിച്ചും കാണിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട സഹായങ്ങൾക്ക് എന്റെ ഭാഗത്തും നിന്നും ഒരു ചെറിയ പിന്തുണ… ജില്ലാ ഭരണകൂടമായി സഹകരിച്ചു അർഹതപ്പെട്ടവർക്ക് നേരിട്ട് തന്നെ വീട് വെച്ച് നൽകും…” അഖിലിന്റെ കുറിപ്പിൽനിന്ന്.
മഹാരാജാവ് ചമയാതെ മനുഷ്യനായി മര്യാദക്കാരനായി ജനങ്ങളെ സ്നേഹിക്കാൻ നോക്ക്. ജനങ്ങൾ കൂടെ ഉണ്ടാകും. ബാക്കി കണക്കുകൾ പുറത്ത് വന്ന ശേഷം. അടുത്ത തിരഞ്ഞെടുപ്പ് മറക്കണ്ട എന്നുപറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായി പ്രചാരണം നടത്തിയതിന് അഖിൽ മാരാർക്കെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നവരുടെ വാ മൂടിക്കെട്ടുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. പിണറായി വിജയൻ ഇപ്പോഴും സംശയത്തിന്റെ നിഴലിൽ തന്നെയാണ്. വ്യക്തിപരമായി അദ്ദേഹത്തെ വിശ്വാസമില്ലെന്നുമാണ് അഖിൽ മാരാർ അന്ന് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]