
കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് നിർമാതാക്കൾ സമ്മതിച്ചതിനുപിന്നാലെ ആശങ്കയറിയിച്ച് നടൻ ശ്രേയസ് തൽപഡേ. കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം തനിക്ക് പലപ്പോഴും തളർച്ചയും വല്ലാത്ത ക്ഷീണവും തോന്നിയിട്ടുണ്ടെന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തൻ്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ കോവിഡുമായോ അല്ലെങ്കിൽ വാക്സിനുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിൽ താരം അനിശ്ചിതത്വവും പ്രകടിപ്പിച്ചു.
2023 ഡിസംബറിൽ വെൽക്കം ടു ദ ജംഗിൾ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് വാക്സിൻ കോവിഷീൽഡിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ചും അത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ വർധനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ താരം പങ്കുചെർന്നത്.
“കോവിഡ് വാക്സിനേഷൻ കഴിഞ്ഞതിന് ശേഷമാണ് എനിക്ക് കുറച്ച് തളർച്ചയും ക്ഷീണവും അനുഭവപ്പെടാൻ തുടങ്ങിയത്. അതിൽ കുറച്ച് സത്യമുണ്ടായിരിക്കണം. അത് കോവിഡ് ആകാം, വാക്സിൻ ആകാം. രണ്ടിൽ ഏതാണെന്ന് അറിയില്ല, പക്ഷേ അത് എൻ്റെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.” ശ്രേയസ് പറഞ്ഞു.
ഇത് വളരെ ദൗർഭാഗ്യകരവും ഭയപ്പെടുത്തുന്നതുമാണ്. കാരണം നമ്മുടെ ശരീരത്തിനുള്ളിലേക്ക് എന്താണ് കുത്തിവെച്ചിരിക്കുന്നതെന്ന് നമുക്ക് യഥാർത്ഥമായി അറിയില്ല. നമ്മൾ കമ്പനികളെ വിശ്വസിക്കുകയും ആ ഒഴുക്കിനനുസരിച്ച് നീങ്ങുകയുംചെയ്തു. കോവിഡിന് മുൻപുവരെ ഇങ്ങനെയൊരു കാര്യത്തേക്കുറിച്ച് ഒരിക്കൽപ്പോലും കേട്ടിട്ടില്ല. വാക്സിൻ എന്താണ് നമ്മളോട് ചെയ്തതെന്ന് അറിഞ്ഞേമതിയാകൂ. കയ്യിൽ വസ്തുതകളും തെളിവുകളും ഇല്ലാത്തിടത്തോളംകാലം എന്തെങ്കിലും പ്രസ്താവനകൾ നടത്തുന്നത് അർത്ഥശൂന്യമാണ്. ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ അറിയേണ്ടിയിരിക്കുന്നെന്നും ശ്രേയസ് തൽപഡേ കൂട്ടിച്ചേർത്തു.
ഏതാനും ദിവസങ്ങൾക്കുമുൻപാണ് കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്ന് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി സമ്മതിച്ചത്. കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിച്ചത്. കോവിഷീൽഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ ഉപയോഗിച്ച വാക്സിനാണിത്. ഓക്സ്ഫഡ് സർവകലാശാലയുമായിച്ചേർന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത്. വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയർന്നിരുന്നു. സുരക്ഷാ ആശങ്കയെത്തുടർന്ന് അസ്ട്രസെനക്ക-ഒക്സ്ഫഡ് വാക്സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]