
ലോക പ്രശസ്തമായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ.(WWE) യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരു പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ഒരുങ്ങുന്നു. ‘ചത്ത പച്ച- റിങ് ഓഫ് റൗഡീസ്’ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമിക്കുന്നത്. മോഹൻലാലിൻറെ അനന്തരവനായ അദ്വൈത്, ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായിട്ടുണ്ട്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത് (മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ), വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നു.
ട്രാൻസ് വേൾഡ് ഗ്രൂപ്പ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിനായക് ശശികുമാർ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നു. പാൻ ഇന്ത്യൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2025 മെയ് മാസത്തിൽ ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ പദ്ധതി.
2022ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ‘ഡെഡ്ലൈൻ’ എന്ന ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് തന്റെ അടുത്ത പ്രധാന സംരംഭത്തിലേക്ക് ചുവടുവെക്കുന്ന ഷിഹാൻ ഷൌകത്താണ് ചിത്രത്തിന് ചുക്കാൻ പിടിക്കുന്നത്. മലയാള സിനിമയുടെ കഥപറച്ചിലിന്റെ മികവിനെ, ഗുസ്തി വിനോദത്തിന്റെ വലിയ ഊർജ്ജവുമായി സംയോജിപ്പിക്കുക എന്നതാണ് ‘ചത്ത പച്ചാ- റിംഗ് ഓഫ് റൗഡീസ്’ ലൂടെ ഉദ്ദേശിക്കുന്നത്.
ഛായാഗ്രാഹകൻ: ചന്ദ്രു സെൽവരാജ്, ആക്ഷൻ- കലൈ കിങ്സൺ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]