![](https://newskerala.net/wp-content/uploads/2024/11/dilse20movie-1024x576.jpg)
നേപ്പാളില്‍ നിന്നെത്തി ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മനീഷ കൊയ്രാള. മണിരത്നം സംവിധാനം ചെയ്ത ദില്‍സേ എന്ന ചിത്രത്തിലെ പ്രകടനം മനീഷയുടെ കരിയറിലെ തന്നെ മികച്ചതാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ദില്സേയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മനീഷ. ചിത്രത്തിന്റെ യഥാർഥ ക്ലൈമാക്സ് മറ്റൊന്നായിരുന്നുവെന്നും അവസാന നിമിഷം മാറ്റിയ ക്ലൈമാക്സാണ് ഇപ്പോള്‍ നമ്മള് കാണുന്നതെന്നും നടി പറയുന്നു. എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനീഷ.
”രാംഗോപാല്‍ വര്‍മയുടെ ചിത്രം ചെയ്യാനിരിക്കുമ്പോഴാണ് ഈ പടം ചെയ്യാനായി അവസരം വരുന്നത്. ആദ്യം അവര്‍ ഈ റോളിനായി പലരെയും പരിഗണിച്ചിരുന്നു. എന്നാല്‍ അവസാനം ആ റോള്‍ എന്നിലേക്ക് വരികയായിരുന്നു. ഒരു കലാകാരിയെന്ന നിലയില്‍ ചെയ്യാത്ത റോളുകള്‍ ചെയ്യാനായി ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. മണിരത്നം സാര്‍ ഒരു തീവ്രവാദിയുടെ കഥാപാത്രം ചെയ്യാനുണ്ടെന്ന് എന്നോട് പറഞ്ഞു. സാധാരണയായി കാണുന്നതില്‍ നിന്ന് മാറി ഒരു സാധാരണപെണ്കുട്ടിയായിട്ടാണ് അഭിനയിക്കേണ്ടത്. എന്നാല്‍ ഒരുപാട് വേദനയും ക്രോധവും ഉള്ളിലുള്ള വ്യക്തിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി തന്നു. ഒരു കലാകാരിയെന്ന നിലയില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുകയെന്നത് വലിയൊരു അവസരമായിട്ടാണ് ഞാന്‍ കാണുന്നത്. അതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തത ആ കഥാപാത്രത്തിനുണ്ടായിരുന്നു”- മനീഷ പറഞ്ഞു.
മനീഷയോട് ആദ്യം പറഞ്ഞിരുന്ന സ്ക്രിപ്റ്റില്‍ നിന്ന് വ്യത്യാസമുള്ള ക്ലൈമാക്സാണ് ഇപ്പോള്‍ നമ്മള് കാണുന്നതെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
”ആദ്യത്തെ തിരക്കഥയില്‍ നായികാ കഥാപാത്രം മരിക്കുന്നത് നോക്കിനില്‍ക്കേണ്ടി വരുന്ന നായകനെയാണ് കാണിക്കുന്നത്. അവളെ മരണത്തിന് വിട്ടുകൊടുക്കുന്ന നായകന്റെ നിസ്സഹായാവസ്ഥയാണ് ക്ലൈമാക്സ്. ചര്‍ച്ചകള്‍ക്കൊടുവില്‍ ക്ലൈമാക്സ് മാറ്റുകയായിരുന്നു. അവന് അവളെ തടയുകയും അതോടൊപ്പം ഇരുവരും കൊല്ലപ്പെടുകയും ചെയ്യുന്നു എന്നാക്കി മാറ്റി. നായകന്റെ ത്യാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ എനിക്ക് ആദ്യത്തെ ക്ലൈമാക്സായിരുന്നു ഇഷ്ടം. ഏതുതരത്തിലാണെങ്കിലും നഷ്ടപ്രണയമാണ് സഫലപ്രണയത്തേക്കാള് കൗതുകം ഉണര്‍ത്തിയിട്ടുള്ളത്”- മനീഷ പറയുന്നു
സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരാമണ്ഡിയിലാണ് മനീഷ കൊയ്രാള അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ മനീഷ അവതരിപ്പിച്ച മലികാജാന് എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]