
മുംബൈ: കഴിഞ്ഞ കുറച്ചുദിവസമായി വാർത്തകളിൽ തുടർച്ചയായി ഇടംപിടിക്കുകയാണ് ബിഗ് ബോസ് ജേതാവും യൂട്യൂബറുമായ എൽവിഷ് യാദവ്. ഉത്തർപ്രദേശിലെ നോയിഡയിൽ നടക്കുന്ന റേവ് പാർട്ടികളിൽ ലഹരി വസ്തുവായി പാമ്പിൻ വിഷം എത്തിക്കുന്നത് എൽവിഷ് ആണെന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിയുടെ ആരോപണമാണ് എല്ലാത്തിന്റെയും തുടക്കം. മനേകയ്ക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങുകയാണ് എൽവിഷ്.
തന്റെ വ്ലോഗിലൂടെയാണ് മനേകയ്ക്കെതിരെ മാനനഷ്ടക്കേസിന് ഒരുങ്ങുന്ന വിവരം എൽവിഷ് യാദവ് അറിയിച്ചത്. മനേകയുടെ ആരോപണം തന്റെ നല്ല പേരിന് കളങ്കമുണ്ടാക്കിയതായും യഥാർത്ഥ വസ്തുത വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
“മനേകാ ഗാന്ധി എനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചു. എന്നെ പാമ്പുകളെ വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനെന്നാണ് വിശേഷിപ്പിച്ചത്. ഞാൻ അവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ്. അവരെ വെറുതെവിടില്ല. ഇത്തരത്തിലുള്ള കാര്യങ്ങളാലോചിച്ച് സമയം കളയേണ്ടെന്ന് മുമ്പ് കരുതിയിരുന്നു. പക്ഷേ ഇപ്പോൾ എന്റെ നല്ല പേരിന് കളങ്കമുണ്ടായിരിക്കുന്നു.” എൽവിഷ് വ്ലോഗിൽ പറഞ്ഞു.
“ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നവർ ഇതിന്റെ അടിസ്ഥാനത്തിൽ എന്നെ വിലയിരുത്തരുത്. കാത്തിരിക്കൂ. പോലീസ് അന്വേഷണം തുടങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട വീഡിയോയും ഞാൻ ഷെയർ ചെയ്യും. ഞാൻ എല്ലാം കാണിച്ചു തരാം. ഞാൻ ഇത് പറയുന്നത് വളരെ ആത്മവിശ്വാസത്തോടെയാണ്. ഈ കേസിൽ എൽവിഷ് യാദവിന് പങ്കില്ലെന്ന വാർത്താക്കുറിപ്പും പുറത്തിറങ്ങും. ദയവായി അത് കാണുക, അതും പങ്കുവെയ്ക്കുക,” യാദവ് കൂട്ടിച്ചേർത്തു.
രണ്ടുദിവസം മുമ്പാണ് ഉത്തർപ്രദേശിലെ നോയിഡയിൽ റേവ് പാർട്ടിയിൽ വിഷപ്പാമ്പുകളും പാമ്പിൻ വിഷവും വിതരണം ചെയ്ത സംഭവത്തിൽ എൽവിഷ് യാദവ് അടക്കം ആറുപേർക്കെതിരെ കേസെടുത്തത്. എൽവിഷ് യാദവാണ് റേവ് പാർട്ടി സംഘടിപ്പിച്ചത്. ഇതിൽ എൽവിഷ് ഒഴികെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിൾ ഫോർ അനിമൽ (പി.എഫ്.എ.) എന്ന എൻ.ജി.ഒ. നൽകിയ പരാതിയെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് നോയിഡ സെക്ടർ ഒന്നിൽ നടക്കുകയായിരുന്ന റേവ് പാർട്ടിയിലേക്ക് പോലീസ് എത്തിയത്.
പോലീസിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും എൻ.ജി.ഒ. പ്രതിനിധികളും ഉണ്ടായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക്ക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന 25 മില്ലീലിറ്ററോളം നിരോധിത പാമ്പിൻവിഷം പിടിച്ചെടുത്തത്. അഞ്ച് മൂർഖൻ പാമ്പുകൾ ഉൾപ്പെടെ ഒമ്പത് വിഷപ്പാമ്പുകളെയും ഒരു പെരുമ്പാമ്പിനെയും ഒപ്പം പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ച് പേരെ ചോദ്യം ചെയ്തപ്പോഴാണ് എൽവിഷ് യാദവിന്റെ പേര് പോലീസിന് ലഭിച്ചത്. എൽവിഷിന്റെ പാർട്ടികളിൽ പാമ്പിൻവിഷം എത്തിക്കുന്നത് തങ്ങളാണെന്ന് ഇവർ മൊഴി നൽകിയിരുന്നു.
വന്യജീവി നിയമത്തിലെ 9, 39, 49, 50, 51, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120 ബി വകുപ്പുകളനുസരിച്ചാണ് പ്രതികൾക്കെതിരെ കേസെടുത്തത്. 2023 ലെ ബിഗ് ബോസ് ഒ.ടി.ടി. രണ്ടാം സീസണിലെ വിജയിയാണ് എൽവിഷ് യാദവ്. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തി വിജയിയാവുന്ന ആദ്യ ബിഗ് ബോസ് മത്സരാർഥി കൂടിയാണ് ഇൻഫ്ളുവൻസർ കൂടിയായ എൽവിഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]