
പിറന്നാളോര്‍മ്മകളില്‍ പപ്പടമുണ്ട്, പഴംനുറുക്കുണ്ട്, പരിപ്രഥമനുണ്ട്. പിന്നെ ക്രോസ്സ്ബെല്‍റ്റ് മണിയുടെ ‘പെണ്‍പട’യും.
ചില്ലറക്കാരനല്ല മണി സാര്‍. ശരിക്കും മാന്ത്രികന്. നെയ്യാറ്റിന്‍കരയെയും നേര്യമംഗലത്തേയും നെന്മാറയെയും മാത്രമല്ല, അറ്റ കൈക്ക് തിരുവനന്തപുരത്തെ തിരക്കേറിയ സ്റ്റാച്യു ജങ്ക്ഷനെ വരെ ഒറ്റയടിക്ക് ടെക്സസും അരിസോണയും നെവാദയുമാക്കി മാറ്റിക്കളയാന്‍ മടിക്കാത്തയാള്‍. ചുമ്മാ റോട്ടിലൂടെ നടന്നുപോകുന്നവരെ വെള്ളിത്തിരയില്‍ കൗബോയിമാരും റെഡ് ഇന്ത്യന്സുമാക്കും അദ്ദേഹം. അവര്‍ക്ക് സഞ്ചരിക്കാന്‍ ഉശിരുള്ള കുതിരകളെ സമ്മാനിക്കും. തലയില്‍ പാള പോലുള്ള മെക്സിക്കന്‍ തൊപ്പിയും അരയില്‍ ഗണ്ബെല്റ്റും കയ്യില്‍ പുകയുന്ന തോക്കുമായി നാഷണല്‍ ഹൈവേയിലൂടെ കുതിരപ്പുറത്ത് പട്ടാപ്പകല്‍ കുതിച്ചുപായും അവര്‍.
യുക്തിബോധത്തെ അതിന്റെ പാട്ടിനു വിട്ടുകൊണ്ട് ഈ രസികന്‍ വേഷപ്പകര്‍ച്ചകള്‍ ആസ്വദിക്കാനാണ് മണിച്ചിത്രങ്ങള് വിടാതെ കാണുക. വിന്സന്റായിരിക്കും മിക്ക പടങ്ങളിലും നായകന്. നായിക രാജകോകിലയോ വിജയലളിതയോ ഉണ്ണിമേരിയോ റീനയോ ആരുമാകാം. കുട്ടിട്രൗസറിട്ട് ഓടിനടക്കുക, യുഗ്മഗാനം പാടുക എന്നതൊഴിച്ചാല്‍ കാര്യമായ ജോലിയൊന്നുമില്ല നായികമാര്‍ക്ക്. വെടി-പുക വകുപ്പ് വിന്‍സന്റും സുധീറും ഗോവിന്ദന്‍കുട്ടിയും ജോസ് പ്രകാശും കെ പി എ സി സണ്ണിയും ചേര്‍ന്ന് കൈകാര്യം ചെയ്തുകൊള്ളും. ചിരിവകുപ്പ് ഭാസി, ബഹദൂര്‍, ആലുമ്മൂടന്‍, കടുവാക്കുളം, വെട്ടൂര്‍ പുരുഷന് സഖ്യവും.
ക്രോസ്ബെൽറ്റ് മണി ചിത്രീകരണത്തിനിടെ
ചുണ്ടേല്‍ രോഷന്‍ ടോക്കീസില്‍ ചെന്ന് ഒരു സിനിമ കാണാന്‍ അച്ഛന്റെ അനുമതി കിട്ടുന്ന വിശേഷദിവസമാണ് കന്നിയിലെ ഉത്രാടത്തില് വിരുന്നിനെത്തുന്ന പിറന്നാള്‍. ഭാഗ്യവശാല്‍ അന്ന് വിജയദശമിയാണ്; പോരാത്തതിന് ഞായറാഴ്ച്ചയും. രോഷനില്‍ മാറ്റിനിയുള്ള ദിവസം. നഗരങ്ങളിലെ സിനിമാശാലകളില്‍ ഓടിത്തളര്‍ന്നു നുരയും പതയും വന്ന ശേഷമേ ഏത് പടവും ചുരം കയറി ഞങ്ങളുടെ ‘തിയേറ്ററില്‍’ എത്തൂ. എങ്കിലെന്ത്? റിലീസ് പടത്തിന്റെ അന്തസ്സും ആഭിജാത്യവുമാണ് രോഷനില്‍ കളിക്കുന്ന പടങ്ങള്‍ക്ക്. അമ്പതു പൈസ മുടക്കി ബെഞ്ചില്‍ ചെന്നിരുന്നാല്‍ നടീനടന്മാരെ കയ്യെത്തും ദൂരത്ത് കാണാമെന്ന മെച്ചവുമുണ്ട്.
ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം. സ്റ്റണ്ട് പടങ്ങളോടാണ് അന്ന് ആഭിമുഖ്യം. സെന്റിമെന്റ്സ് തീരെ സഹിക്കില്ല. സിനിമയില്‍ ശാരദയുണ്ടെങ്കില് ആ വഴിക്ക് പോവില്ല. കണ്ണീരും നെഞ്ചത്തടിയും ഉറപ്പാണല്ലോ. രാഘവനും സുധീറും മോഹനുമൊക്കെ യുവനായകരായി ഉണ്ടെങ്കിലും ‘പള്ള വിശക്കുന്നവന്റെ ജെയിംസ് ബോണ്ട്’ എന്ന് അറിയപ്പെട്ടിരുന്ന വിന്സന്റിനോടാണ് ആരാധന. അടിമുടി ആക്ഷന്‍ ഹീറോ. കാഴ്ച്ചയില്‍ സാധുവെങ്കിലും, കോളിനോസ് പുഞ്ചിരിയൊക്കെ ഉണ്ടെങ്കിലും അനീതി കണ്ടാല്‍ വെച്ചുപൊറുപ്പിക്കില്ല മൂപ്പര്. പഴയൊരു വികെഎന്‍ ശൈലി കടമെടുത്താല്‍ തല്‍ക്ഷണം ‘ഇടപെട്ടളയും’.
പെൺപടയിൽ നിന്നുള്ള രംഗം
‘പെണ്‍പട’യില്‍ പക്ഷേ അത്ര ബിസിയല്ല വിന്‍സന്റ്. ശ്വാസം വിടാന്‍ സമയമുണ്ട്. പടത്തില്‍ മുഖ്യ അടിക്കാരൊക്കെ സ്ത്രീകളാണ് എന്നതുതന്നെ കാരണം: രാജകോകില, വിജയലളിത, റീന. കൂട്ടിന് മീന, ശ്രീലത, മല്ലിക, ഇവരൊക്കെയുണ്ട്. കാട്ടുജാതിക്കാര്ക്കൊപ്പം ഉള്‍വനത്തിലാണ് വാസമെങ്കിലും മിക്കവരും ആധുനിക ഫാഷനിലുള്ള ഷോര്‍ട്ട്സ്, ടീഷര്‍ട്ട് ധാരികള്‍. കൂട്ടത്തില്‍ രാജകോകിലയുടെ കാമുകനാണ് വിന്‍സന്റ്. സുധീര്‍ റീനയുടേയും.
പശ്ചാത്തലം കേരളത്തിലെ ഏതോ നാട്ടിന്പുറമെങ്കിലും വൈല്‍ഡ് വെസ്റ്റ് അന്തരീക്ഷമാണ് സിനിമയില്‍. കുതിച്ചോടും കുതിരകള്‍, അരയില്‍ തോക്കും ചുമലില്‍ മൃഗങ്ങളെ എറിഞ്ഞു കുടുക്കാനുള്ള കയറും തൂക്കിയ കൗബോയിമാര്, മുഖത്ത് വിചിത്രമായ ചായം തേച്ച റെഡ് ഇന്ത്യന്‍സ്… എല്ലാവരുമുണ്ട് സംഭവം കൊഴുപ്പിക്കാന്‍. നീതിപാലകനായി വെസ്റ്റേണ്‍ ചിത്രങ്ങളിലെ പോലെ മാറില്‍ നക്ഷത്രമണിഞ്ഞ ഒരു ‘ഷെരിഫി’നെയും പ്രതീക്ഷിച്ചതാണ്. പക്ഷേ അവിടെ മണി സാര്‍ പ്രതീക്ഷ തെറ്റിച്ചു. ടി പി മാധവന് പ്രത്യക്ഷപ്പെടുന്നത് കേരള പൊലീസിലെ സൂപ്രണ്ടിന്റെ കാക്കി വേഷത്തില്‍. പാന്റ്സിന് പകരം അന്നത്തെ യൂണിഫോമായ നിക്കറാണെന്ന് മാത്രം.
കഥാപാത്രങ്ങളുടെ പേരുകള്ക്കൊരു കിടിലന്‍ കൗബോയ് ടച്ച് പ്രതീക്ഷിച്ചതാണ്: റോയ് റോജേഴ്സ്, ബഫലോ ബില്‍, ബുച്ച് കാസിഡി, സണ്‍ഡാന്‍സ് കിഡ് എന്നിങ്ങനെ… അവിടെയും മണി സാര്‍ ഞെട്ടിച്ചുകളഞ്ഞു. പ്രധാന കഥാപാത്രങ്ങളില്‍ ഒരാളുടെ പേര് ഭാസ്കരപിള്ള. മറ്റൊരാള്‍ കുഞ്ഞിരാമന്. ഇനിയൊരാള്‍ മാധവ മേനോന്. കൊള്ളത്തലവനായ ഗോവിന്ദന്‍കുട്ടിക്ക് മാത്രം പേരില്ല. വിഖ്യാതമായ ‘ദി ഗുഡ് ദി ബാഡ് ആന്‍ഡ് ദി അഗ്ലി’ എന്ന ഇറ്റാലിയന്‍ സ്പഗേറ്റി വെസ്റ്റേണില്‍ ക്ലിന്റ് ഈസ്റ്റ്വുഡ് അനശ്വരനാക്കിയ പേരില്ലാ കൗബോയ് ആയിരിക്കണം ആ കഥാപാത്രത്തിന് മാതൃക. ഒരു വ്യത്യാസം മാത്രം. ക്ലിന്റ് കൊന്നാലും ചിരിക്കില്ല. മിണ്ടാട്ടം പോലും അപൂര്‍വം. എന്നാല്‍ ഗോവിന്ദന്‍കുട്ടിയുടെ വില്ലന്‍ ക്യാമറ കണ്ടാല്‍ തല്‍ക്ഷണം ചിരിക്കും. ദിഗന്തം പൊട്ടുമാറുള്ള ചിരി.
സിനിമാക്കഥയുടെ രത്നച്ചുരുക്കം ഇങ്ങനെ: ഭാര്യയും മൂന്ന് മക്കളുമുള്ള ജനാര്‍ദ്ദനന്റെ സന്തുഷ്ട കുടുംബത്തിലേക്ക് ഒരു നാള് ഗോവിന്ദന്‍കുട്ടിയുടെ കൊള്ള സെറ്റ് ഇടിച്ചുകയറിവരുന്നു. ആറേഴു കുതിരകളുടെ പുറത്തേറി പട്ടാപ്പകലാണ് വരവ്. ജനാര്‍ദ്ദനന്റെ സമ്പാദ്യം മാത്രമല്ല ഭാര്യയുടെ ചാരിത്ര്യവും കവരുന്നു ഗോവിന്ദന്‍കുട്ടി. (അന്നൊക്കെ മൂപ്പരുണ്ടോന്ന് നോക്കിയാണ് ബലാല്‍സംഗ പ്രേമികള്‍ സിനിമക്ക് കയറുക; പ്രത്യേകിച്ച് പോസ്റ്റ്മാനെ കാണാനില്ലയിലെ കുപ്രസിദ്ധ റേപ്പിന് ശേഷം). മക്കളുടെ മുന്പിലിട്ടാണ് കൊള്ളയും മാനഭംഗവും തുടര്‍ന്നുള്ള കൊലപാതകവും. എല്ലാം കണ്മുന്നില് കണ്ട പിഞ്ചുമനസ്സുകളില് സ്വാഭാവികമായും പകയുടെ കനലെരിയുന്നു.
കുട്ടികള്‍ പുഴയില്‍ ഒലിച്ചുപോയി നെല്ലിക്കോട് ഭാസ്കരന് എന്ന കളരിഗുരുക്കളുടെ മുന്നില്‍ ചെന്നുപെടുന്നതും അയാളുടെ പരിശീലനത്തില്‍ എന്തിനും പോന്ന ആക്ഷന്‍ ഹീറോയിനുകളായി വളരുന്നതും പില്ക്കാലത്ത് ഗോവിന്ദന്കുട്ടിയെയും സഹപോക്കിരികളേയും നിഷ്കരുണം വകവരുത്തുന്നതുമാണ് പ്രമേയം. ഇടക്ക് വയലാര്‍/ഭരണിക്കാവ് – ആര്‍കെ ശേഖര്‍ ടീമിന്റെ ചില നല്ല ഗാനങ്ങളുമുണ്ട്. ദാര്‍ശനിക ഗാനങ്ങള്‍ ഉള്‍പ്പെടെ. അക്കാലത്തെ മലയാളസിനിമകളില്‍ സാധാരണ ഇത്തരം പാട്ടുകള്‍ പാടുക കഥയുമായി പുലബന്ധം പോലുമില്ലാത്ത വഴിപോക്കരാണ്: ഭിക്ഷാടകര്‍, സന്യാസിമാര്‍, തോണിക്കാര്‍, മാനസിക വെല്ലുവിളിയുള്ളവര്‍… എന്നിങ്ങനെ. എന്നാല്‍ ഈ പടത്തില്‍ വയലാറിന്റെ ‘തേഞ്ചോലക്കിളി പൂഞ്ചോലക്കിളി തിങ്കള്‍ക്കലയുടെ വീടേത്’ എന്ന തത്വചിന്താപരമായ ഗാനം പാടുന്നത് ഒരു വിറകുവെട്ടുകാരന്. നല്ലൊരു ചെയ്ഞ്ച് തന്നെ. പറയാതിരിക്കാന്‍ വയ്യ.
മനുഷ്യബന്ധങ്ങൾ എന്ന ചിത്രത്തിന്റെ ഗാനങ്ങളുടെ കമ്പോസിങ്ങിനിടെ ക്രോസ്ബെൽറ്റ് മണി, യേശുദാസ്, ജയചന്ദ്രൻ, വി.ദക്ഷിണാമൂർത്തി, ആർ.കെ.ശേഖർ തുടങ്ങിയവർ. ഫോട്ടോ:പി.ഡേവിഡ്
‘എജ്ജാതി പടമാണ് മോനെ. നാളെ ബന്ന് ഒന്നുംകൂടി കാണണം. ആ ലാസ്റ്റിലത്തെ സ്റ്റണ്ട് കണ്ട് കൊതി തീര്‍ന്നില്ല.’ – സിനിമ കണ്ട് ചേലോട്ട് എസ്റ്റേറ്റ് റോഡിലൂടെ വീട്ടിലേക്ക് തിരിച്ചുനടക്കവേ, കൂടെയുള്ള ഹുസ്സൈന്‍ പറഞ്ഞു. തോട്ടം വാച്ചറായ ഹുസൈന്റെ കൂടെയാണ് അച്ഛന് സിനിമ കാണാനയക്കുക. എങ്കിലും ഒരു കാര്യം എടുത്തു പറഞ്ഞു ഹുസ്സൈന്‍: ജയശങ്കറിന്റെ തമിഴ് പടങ്ങളോളം വരില്ല ഇത്. അവിടെ തുടക്കം മുതല്‍ ഒടുക്കം വരെ കണ്ണുംപൂട്ടി അടിയാണ്. ഗ്യാപ്പ് കിട്ടുമ്പോള്‍ വെടിയും. കര്ണ്ണന് സംവിധാനം ചെയ്ത പടങ്ങളെങ്കില് പറയുകയും വേണ്ട. ‘ജക്കമ്മ’, ‘ഗംഗ’ ഒക്കെ ആസ്വദിച്ച് കണ്ട തെങ്കാശി കൗബോയ് പടങ്ങള്‍. പിന്നെ തമിഴിലെ എസ്എ അശോകനെ പോലൊരു വില്ലന്‍ മലയാളത്തില്‍ ഇല്ലല്ലോ.
ആ പറഞ്ഞത് സത്യം. അന്നും ഇന്നും എന്നും പ്രിയങ്കരനാണ് കണ്ണിറുക്കി, ശരീരമാസകലം കുലുക്കി, അട്ടഹാസച്ചിരി ചിരിക്കുന്ന അശോകന്. അതുപോലെ ചിരിക്കാന്‍ കഴിയുന്ന മറ്റാരുമില്ല ഇന്ത്യയില്‍ എന്ന വിശ്വാസത്തിലാണ് ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന തന്റെ സിനിമയില്‍ ഭൂതത്തിന്റെ വേഷമിടാന്‍ അശോകനെ ക്ഷണിച്ചു കൊണ്ടുവന്നതെന്ന് ഐ വി ശശി പറഞ്ഞുകേട്ടിട്ടുണ്ട്.
‘പെണ്‍പട’യും പിന്നാലെ വന്ന ‘പെണ്‍പുലി’യും ‘പട്ടാളം ജാനകി’യുമെല്ലാം (സെര്‍ജിയോ ലിയോണെയുടെ വിശ്രുതമായ ഡോളേഴ്സ് ട്രിളോജി പോലെ ക്രോസ്സ്ബെല്‍റ്റ് മണി മലയാളികള്‍ക്ക് വേണ്ടി ഒരുക്കിയതാവണം ഈ നാടന്‍ കൗബോയ് ചലച്ചിത്ര ത്രയം) കണ്ട ശേഷമാണ് കോഴിക്കോട്ടെ ക്രൗണ്‍ തിയേറ്ററില്‍ നിന്ന് ജോണ്‍ വെയിനിന്റെയും ക്ലിന്റ് ഈസ്റ്റ് വുഡിന്റെയും ലീവാന്‍ ക്ളീഫിന്റെയും ഗ്രിഗറി പെക്കിന്റെയും ജെയിംസ് കൊബേണിന്റെയുമൊക്കെ വൈല്‍ഡ് വെസ്റ്റ് ചിത്രങ്ങള്‍ കാണുന്നതും അവയുടെ ആകര്‍ഷണ വലയത്തില്‍ ചെന്ന് വീഴുന്നതും. ഒരു കാര്യം മനസ്സിലായി അപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവയുടെ ലഹരി തലയ്ക്കു പിടിച്ചിട്ടുണ്ട് മണി സാറിന്. ഇല്ലെങ്കില്‍ അത്തരം സിനിമകളെയും അവയിലെ കഥാപാത്രങ്ങളെയും കേരളത്തിലെ നാട്ടിന്‍പുറങ്ങളിലേക്ക് പറിച്ചുനടില്ലായിരുന്നല്ലോ അദ്ദേഹം.
മെക്സിക്കന്‍ തൊപ്പി മൂക്കിന്‍തുമ്പിലേക്ക് താഴ്ത്തിവെച്ച് അരക്കെട്ടില്‍ നിന്ന് ഞാന്നുകിടക്കുന്ന ഗണ്ബെല്റ്റും കയ്യില്‍ പുകയുന്ന തോക്കുമായി കുതിരപ്പുറത്ത് കുതിച്ചുപായുന്ന ഒരു കുഞ്ഞിക്കണ്ണനെ സങ്കല്പിക്കാനാകുമോ ഇന്നത്തെ സിനിമയില്‍? അതായിരുന്നു ക്രോസ്സ്ബെല്‍റ്റ് മണി മാജിക്. എന്റെ പിറന്നാളോര്‍മ്മകളില്‍ വീറും വാശിയും അടിയും തടയും വെടിയും പുകയും നിറച്ച സംവിധായകന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]