സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നിന് മുന്‍പ് തന്നെ വിവാദനായകനായി മാറിയ വ്യക്തിയാണ് സൂരജ് പഞ്ചോളി. ബോളിവുഡ് നിര്‍മാതാവ് ആദിത്യ പഞ്ചോളിയുടെയും മലയാളത്തിലടക്കം ഒട്ടേറെ ഭാഷകളില്‍ തിളങ്ങിയ സെറീന വഹാബിന്റെയും മകനായ സൂരജ് നടി ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വിവാദനായകനായി മാറുന്നത്. സൂരജും ജിയയും ദീര്‍ഘകാലങ്ങളായി പ്രണയത്തിലായിരുന്നു. പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് ജിയാ ഖാന് ആത്മഹത്യ ചെയ്യുകയായിരുന്നു. സൂരജിന്റെ മനാസിക പീഡനത്തെ തുടര്‍ന്നാണ് ജിയ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. കേസില്‍ സൂരജ് അറസ്റ്റിലാവുകയും ചെയ്തു. കേസില്‍ ജാമ്യം ലഭിച്ച സൂരജ് സല്മാന് ഖാന് നിര്‍മിച്ച ‘ഹീറോ’ എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും അത് സാമ്പത്തികമായി പരാജയപ്പെട്ടു, പിന്നീട് ഏതാനും സിനിമകള്‍ ചെയ്തുവെങ്കിലും സൂരജിന് സിനിമയില്‍ തിളങ്ങാനായില്ല.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ജിയാ ഖാന്റെ കേസില്‍ സൂരജ് കുറ്റവിമുക്തനായത്. തന്റെ പിതാവിന്റെ ബാഡ് ബോയ് പ്രതിച്ഛായ കാരണം മാധ്യമങ്ങള്‍ ഈ കേസില്‍ പരിധിവിട്ടുവെന്ന് ഒരു അഭിമുഖത്തില്‍ സൂരജ് പറഞ്ഞു. അത് തന്നെ ദോഷകരമായി ബാധിച്ചുവെന്നും എന്നിരുന്നാലും കോടതി വ്യവഹാരത്തില്‍ അത് പ്രതികൂലമായില്ലെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.
പിതാവ് ജീവിതത്തില്‍ എടുത്ത പല തീരുമാനങ്ങളിലും എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. എന്നിരുന്നാലും അദ്ദേഹത്തോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. എല്ലാവര്ക്കും തെറ്റുകള്‍ പറ്റും. പിതാവിന് ഒരു പ്രത്യേക പ്രതിച്ഛായയുണ്ട്. ഒരു ബാഡ് ബോയ്, ധാരാളം തെറ്റുകള്‍ ചെയ്ത ഒരു വ്യക്തി എന്ന നിലയില്‍. അതിനോടൊന്നും എനിക്ക് യോജിപ്പില്ല. എന്നിരുന്നാലും അദ്ദേഹം എന്റെ പിതാവാണ്. ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്ത രീതിയോട് എനിക്ക് ഒട്ടും യോജിപ്പില്ല. പക്ഷേ ഞാന്‍ അദ്ദേഹത്തോട് ക്ഷമിച്ചിരിക്കുന്നു. എനിക്കറിയാം അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഞാന്‍ മാത്രമേയുള്ളൂവെന്ന്.
വൈകാരികമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. ചില സമയങ്ങളില്‍ അദ്ദേഹം ഭൂതകാലത്തില്‍ ചെയ്ത ചില തെറ്റുകളാണ് എന്നെ ഈ അവസ്ഥയിലൂടെ കൊണ്ടുപോയതെന്ന് അദ്ദേഹത്തിന് തന്നെ തോന്നിയിട്ടുണ്ട്. കുറ്റവിമുക്തനായപ്പോള്‍ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയാണ് ഞാന്‍ ആദ്യം ചെയ്തത്. ഞാനും അദ്ദേഹവും അധികം സംസാരിക്കാറില്ല. ഒരു നോട്ടം കൊണ്ടോ ചിരി കൊണ്ടോ ആശയവിനിമയം നടത്തും. സായാഹ്നങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന് അരികില്‍ ഇരിക്കും. സംസാരിക്കാറില്ലെങ്കിലും അദ്ദേഹം എഴുന്നേല്ക്കുമ്പോള് ഞാന്‍ കെട്ടിപ്പിടിക്കും. ഞങ്ങള്‍ക്ക് അതുമാത്രം മതി- സൂരജ് പറഞ്ഞു.
2013 ല്‍ അയല്‍വാസിയെ ഉപദ്രവിച്ചതിന് ആദിത്യാ പഞ്ചോളിയ്ക്കെതിരേ കേസെടുത്തിരുന്നു. കൂടാതെ 2019 ല്‍ ഒരു നടിയെ ബലാത്സംഗം ചെയ്തതിനും അദ്ദേഹത്തിനെതിരേ കേസുണ്ട്.
Content Highlights: Sooraj Pancholi says he has forgiven his father Aditya Pancholi, jia khan case, controversy
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]