
കൊച്ചി: ഇടുക്കി തങ്കമണിയിൽ 1986-ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിക്കുന്ന ദിലീപ് നായകനായ ‘തങ്കമണി’ എന്ന സിനിമയുടെ റിലീസിങ് വിലക്കണമെന്ന ഹർജിയിൽ ഹൈക്കോടതി രഹസ്യ വാദം കേട്ടു. സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ തുറന്ന കോടതിയിൽ വാദം കേൾക്കുന്നത് സിനിമയുടെ സ്രഷ്ടാക്കളുടെ താത്പര്യങ്ങൾക്ക് എതിരാകും എന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ സുവിൻ ആർ. മേനോൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടച്ചിട്ട മുറിയിൽ വാദം കേട്ടത്.
സെൻസർ ബോർഡിന്റെ മിനിറ്റ്സ് ഹാജരാക്കാൻ നിർദേശിച്ച കോടതി ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സിനിമയുടെ കഥ എന്താണെന്നു വിശദീകരിക്കേണ്ടി വരും എന്നത് കണക്കിലെടുത്താണ് രഹസ്യ വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
സിനിമയെ ചോദ്യം ചെയ്യുന്ന ഇടുക്കി സ്വദേശി നൽകിയ ഹർജി നേരത്തേ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. തങ്കമണി സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പരാതിക്കിടയാക്കിയ വിഷയങ്ങൾ സ്ക്രീനിങ്ങിൽ പരിശോധിക്കുമെന്ന് സെൻസർ ബോർഡ് കോടതിയിൽ നൽകിയ ഉറപ്പിനെ തുടർന്ന് ഹർജി തീർപ്പാക്കിയിരുന്നു. എന്നാൽ, സെൻസർ ബോർഡ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്നാണ് സിനിമയുടെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജി ഫയൽ ചെയ്യുന്നത്. ഈ ഹർജിയിലാണ് രഹസ്യ വാദം കേട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]