
നടനായും സംഗീതസംവിധായകനുമായും പ്രാഗത്ഭ്യം തെളിയിച്ച കലാകാരനാണ് ജി.വി. പ്രകാശ് കുമാർ. ഇദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ റിബൽ റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാൽ നാലുദിവസംമുമ്പ് ചിത്രത്തിലേതായി പുറത്തിറങ്ങിയ ഒരു ഗാനം രൂക്ഷമായ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. വിമർശിക്കുന്നതാകട്ടെ മലയാളികളും.
സിദ്ധു കുമാർ ഈണമിട്ട ചക്കര മുത്തേ എന്ന ഗാനമാണ് ഇപ്പോൾ മലയാളികളുടെ അപ്രീതിക്ക് പാത്രമായിരിക്കുന്നത്. ഗാനത്തിന്റെ നല്ലൊരു ഭാഗവും മലയാളമാണ്. മലയാളി പെൺകുട്ടിയെ പ്രണയിക്കുന്ന യുവാവിന്റെ കഥയായിരിക്കും ചിത്രമെന്ന സൂചനയാണ് ഗാനം നൽകുന്നത്. എന്നാൽ ഗാനത്തിനെതിരെ വിമർശനം വരാൻ പ്രധാന കാരണമായിരിക്കുന്നത് വിഗ്നേഷ് രാമകൃഷ്ണ എഴുതിയ വരികളാണ്. പഞ്ചസാര നാണം വന്നു, വെള്ളംപോലെ പ്രേമം വന്നു എന്നെല്ലാമാണ് വരികൾ. ഇടയ്ക്ക് ചെണ്ട, ഓണം എന്നിവയും കടന്നുവരുന്നുണ്ട്.
തമിഴ് നാടൻ പാട്ടിന്റെ ശൈലിയിലുള്ള ഗാനം നാവക്കരൈ നവീൻ പ്രപഞ്ചവും ഗോൾഡ് ദേവരാജുമാണ് ആലപിച്ചിരിക്കുന്നത്. ഗാനം പുറത്തിറങ്ങി അധികംവൈകാതെ തന്നെ മലയാളികൾ കൂട്ടത്തോടെ പ്രതിഷേധവുമായെത്തി. യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോക്ക് താഴെ പലരും പോസ്റ്റ് ചെയ്ത കമന്റുകൾ അതീവ രസകരമാണ്. തമിഴ് സംവിധായകർ ദയവുചെയ്ത് മലയാളം പാട്ടുകൾ ഉണ്ടാക്കരുത്, നിങ്ങളുടെ തമിഴ് ഞങ്ങൾ മലയാളികൾ എത്ര നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നത്, മലയാളി പെൺകുട്ടിയുടെ പിറകെ നടക്കുന്ന തമിഴ് നായകൻ എന്ന ആശയം ഇതുവരെ ആർക്കും മടുത്തില്ലേ എന്നെല്ലാം നീളുന്നു കമന്റുകൾ.
ഇടയ്ക്ക് വരികളുമായി ബന്ധപ്പെട്ട സംശയവും ചിലർ ചോദിക്കുന്നുണ്ട്. പ്രേമം എങ്ങനെയാണ് വെള്ളം പോലെ വരുന്നതെന്നായിരുന്നു ഒരാൾക്ക് അറിയേണ്ടത്. വിനീത് ശ്രീനിവാസൻ തമിഴ്നാടിനോട് കാണിക്കുന്ന പാസത്തിന്റെ നാലിലൊന്നെങ്കിലും കേരളത്തോട് തിരിച്ച് കാണിച്ചുകൂടേ എന്ന് അഭ്യർത്ഥിച്ചവരും കൂട്ടത്തിലുണ്ട്. മലയാളത്തിൽ പാടാൻ അറിയുന്നവരെയെങ്കിലും ഗായകരായി പരിഗണിക്കാമായിരുന്നുവെന്നും വിമർശനമുണ്ട്. ഗാനം ഇതിനോടകം ട്രോൾ ഗ്രൂപ്പുകളിലും വൈറലായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മമിതാ ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വെങ്കിടേഷ് വി.പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്കർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജി.വി. പ്രകാശ് ആണ് ചിത്രത്തിലെ മറ്റുഗാനങ്ങൾക്ക് ഈണമിട്ടിരിക്കുന്നത്. നികേഷ് ആർ.എസ് ആണ് റിബൽ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനംചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമിക്കുന്നത്.