
തിരുവനന്തപുരം: ‘അത്യന്തം ഖേദകരമായ വാര്‍ത്തയാണ് അറിയിക്കാനുള്ളത്: ‘പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു’ -രാമചന്ദ്രന്റെ ശബ്ദത്തില്‍ മലയാളികള്‍ ഉള്ളുലയ്ക്കുന്ന ആ വാര്‍ത്ത കേട്ടു. രാജ്യത്തിന്റെയാകെ വേദന ശബ്ദത്തില്‍ നിറച്ച് അദ്ദേഹം ആ വരികള്‍ വായിച്ചപ്പോള്‍ കേരളവും കരഞ്ഞു.
1984 ഒക്ടോബര്‍ 31-ന് രാവിലെയാണ് ഇന്ദിരാഗാന്ധിക്കു വെടിയേറ്റതെങ്കിലും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല. കേന്ദ്രം മരണവിവരം പുറത്തുവിടാത്തതിനാലായിരുന്നു അത്. സംഭവം അറിഞ്ഞപ്പോള്‍ത്തന്നെ, ഇന്ദിരാവധം പ്രധാന വാര്ത്തയാക്കിയും അതില്ലാതെയും രണ്ടു വാര്‍ത്തകള്‍ രാമചന്ദ്രന് തയ്യാറാക്കിവെച്ചിരുന്നു. ഉച്ചയ്ക്കുള്ള ബുള്ളറ്റിനില്‍ ‘ഇന്ദിരാഗാന്ധിക്കു വെടിയേറ്റു’ എന്ന വിവരം മാത്രം പുറത്തുവിട്ടു. വൈകീട്ട് 6-ന് ആകാശവാണി ഇംഗ്ലീഷ് വാര്‍ത്തയില്‍ മരണവിവരം പ്രഖ്യാപിച്ചു. പിന്നാലെ 6.15-ന് രാമചന്ദ്രന്റെ ശബ്ദത്തിലൂടെ മലയാളികളും ഇന്ദിരയുടെ മരണവാര്‍ത്തയറിഞ്ഞു.
രാമചന്ദ്രന്റെ റേഡിയോ ജീവിതം ഇതുപോലെ പല ചരിത്രസംഭവങ്ങള്‍ക്കും ശബ്ദമായി മാറിയിട്ടുണ്ട്. 1971-ലെ ഇന്ത്യ-പാകിസ്താന് യുദ്ധത്തിന്റെ വിവരങ്ങള്‍ മലയാളികളറിഞ്ഞത് ഇദ്ദേഹത്തിന്റെ വിവരണങ്ങളിലൂടെയായിരുന്നു. മലയാളിയായ കെ.ആര്.നാരായണന് 1992-ല്‍ ഉപരാഷ്ട്രപതിയായ സന്തോഷവാര്‍ത്തയും രാമചന്ദ്രനിലൂടെ ജനമറിഞ്ഞു.
1970-ല്‍ കോഴിക്കോട് നിലയം ആരംഭിച്ചപ്പോള്‍ അവിടെ പ്രധാന വാര്‍ത്താവായനക്കാരനായി രാമചന്ദ്രനെത്തി. വര്‍ഷങ്ങള്‍ക്കുശേഷം 1974-ല്‍ കോഴിക്കോട് നിലയത്തില്‍നിന്ന് ആദ്യമായി പ്രഭാതവാര്‍ത്ത പ്രക്ഷേപണമാരംഭിച്ചതും ഈ ശബ്ദത്തിലൂടെയായിരുന്നു. വി.കെ.കൃഷ്ണമേനോന്റെ മരണവിവരം പുറത്തറിയിച്ചുകൊണ്ടായിരുന്നു രാമചന്ദ്രന് ആ പ്രക്ഷേപണത്തിനു തുടക്കമിട്ടത്.
മൊറാര്‍ജി ദേശായി പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോള്‍ രാജ്യത്തിനു നല്കിയ സന്ദേശം പരിമിതമായ സമയത്തിനുള്ളില്‍ മൊഴിമാറ്റി വായിച്ച രാമചന്ദ്രന്റെ പ്രതിഭ അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് അക്കാലത്തെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
വാര്‍ത്തയിലെ ശബ്ദതാരകം
# അപര്‍ണ എസ്.തമ്പി
തിരുവനന്തപുരം: സ്ഫുടവും ശുദ്ധവുമായിരുന്നു എം.രാമചന്ദ്രന്റെ വാര്‍ത്താവതരണം. വാര്‍ത്തയ്ക്കുള്ളിലെ വൈകാരികതയെ വാക്കുകളാല്‍ അളന്നുമുറിച്ച്, വാചകങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയ്ക്കുപോലും അര്‍ഥം കല്‍പ്പിച്ച ശൈലി. റേഡിയോയ്ക്കുള്ളില്‍ എം.രാമചന്ദ്രന്റെ മുഖംതേടിയിരുന്ന ശ്രോതാക്കളുണ്ടായിരുന്നു. ആകാശവാണിയില്‍ പഠനയാത്രയ്ക്കെത്തുന്നവര് അദ്ദേഹത്തെ കാണാനും ആ ശബ്ദസാന്നിധ്യം നേരിട്ടാസ്വദിക്കാനും ആഗ്രഹിച്ചിരുന്നു.
വളരെയധികം മോഹിച്ചായിരുന്നു അദ്ദേഹം ആകാശവാണിയിലെത്തിയത്. ജീവിതത്തില്‍ ഒരിക്കലും റേഡിയോയില്നിന്നൊരു മടങ്ങിപ്പോക്ക് ആഗ്രഹിക്കാത്ത വ്യക്തി.
രാമചന്ദ്രന്റെ മൃതദേഹത്തിനരികിൽ മകൾ ദീപയും ബന്ധുക്കളും
യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് യൂണിയന് തിരഞ്ഞെടുപ്പിനിടെ, വാര്‍ത്താവായന എന്ന പരിപാടിക്കിടയില്‍ മനസ്സിലുറഞ്ഞ മോഹം. കെ.എസ്.ഇ.ബി.യിലെ ക്ലറിക്കല്‍ തസ്തികയില്‍നിന്ന് റേഡിയോയുടെ പ്രൗഢലോകത്തേക്ക്. ഡല്‍ഹി ആകാശവാണിയിലായിരുന്നു തുടക്കം. ഉള്‍ഭയത്തോടെ വായിച്ച ആദ്യ വാര്‍ത്താ ബുള്ളറ്റിന് മുതല്‍ പിന്നീടുള്ള ഓരോ ബുള്ളറ്റിനിന്റെയും അവതരണത്തിനു മുന്‍പും അതേ ഭയം അനുഭവിച്ചിരുന്നുവെന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍നിന്ന് കോഴിക്കോട്ടേക്കായിരുന്നു കേരളത്തിലെ ആദ്യ പോസ്റ്റിങ്. ഉറൂബ്, തിക്കൊടിയന്, അക്കിത്തം, എന്‍.എന്‍.കക്കാട് തുടങ്ങിയവര്‍ക്കൊപ്പമുള്ള ആകാശവാണിക്കാലം. പിന്നീട് തലസ്ഥാനത്തേക്ക്. ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ശാന്തകുമാറാണ് എം.രാമചന്ദ്രനെ തിരുവനന്തപുരം നിലയത്തില്‍ എത്തിച്ചത്. ശാന്തകുമാര്‍ വാഹനാപകടത്തിലാണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. രാമചന്ദ്രന് ഇടറിയ ശബ്ദത്തില്‍ വായിച്ച വാര്‍ത്തയായിരുന്നു അത്. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ, രാഷ്ട്രത്തോടുള്ള പ്രസംഗം പരിഭാഷപ്പെടുത്തി വായിക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.
1995-ല്‍ ആകാശവാണിയില്‍നിന്നു വിരമിക്കുമ്പോള്‍ ശ്രോതാക്കളുടെ സ്നേഹം കത്തുകളായി അദ്ദേഹത്തിനു മുന്നിലെത്തി. ഒന്നും രണ്ടുമല്ല, അയ്യായിരത്തോളം കത്തുകള്‍ക്കുള്ളിലെ സ്നേഹാക്ഷരങ്ങള്‍ അദ്ദേഹത്തിന്റെ ഹൃദയം നിറച്ചു. എം.രാമചന്ദ്രന്റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വെക്കും.
‘ഇതോടെ വാര്‍ത്തകള്‍ സമാപിച്ചു…’
തിരുവനന്തപുരം: ‘വായിച്ചു കേട്ടറിയാനുള്ളതാണ് വാര്‍ത്തയെന്ന് മലയാളികളെ പഠിപ്പിച്ചത് രാമചന്ദ്രനായിരുന്നു. അദ്ദേഹം വാര്‍ത്ത വായിച്ചാല്‍ പിന്നെ അതില്‍ അപ്പീലില്ല എന്ന് ഞങ്ങള്‍ ആകാശവാണിക്കാര് പറയാറുണ്ടായിരുന്നു’ -ആകാശവാണിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന പറക്കോട് ഉണ്ണികൃഷ്ണന് അനുസ്മരിച്ചു.
ശബ്ദഗാംഭീര്യം, ഉച്ചാരണസ്ഫുടത, വാക്കുകള്‍ക്കും വാക്യങ്ങള്‍ക്കും കൊടുക്കുന്ന ഊന്നലും മൃദുത്വവും ഒക്കെ അടുത്തുനിന്നു കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഞങ്ങള്‍ വിസ്മയത്തോടെ നിന്നിട്ടുണ്ട്. വാര്‍ത്തയുടെ കാമ്പറിഞ്ഞ് വായിച്ച രാമചന്ദ്രനെ അനുകരിക്കുന്നവരാണ് പിന്‍പേ വന്ന വാര്ത്താവായനക്കാരെല്ലാം. അല്ലെങ്കില്‍ അതുപോലെ വായിക്കാന്‍ ആഗ്രഹിച്ചവരാണ് ഏറെപ്പേരും. ഞായറാഴ്ചകളില്‍ പ്രക്ഷേപണം ചെയ്തിരുന്ന കൗതുകവാര്‍ത്തകളില്‍ ‘എന്താ.. കൗതുകമില്ലേ?’ എന്നൊരു ചോദ്യവും ചിലപ്പോള്‍ കേള്‍ക്കാം.
റേഡിയോ കമന്റേറ്റര്‍, നാടക നടന്, അവതാരകന് എന്നീ കര്മമേഖലകളിലൊക്കെ അദ്ദേഹത്തെ അടുത്തുനിന്നു കാണാനും പഠിക്കാനും അനുകരിക്കാനും ശ്രമിച്ചിട്ടുണ്ട്’- പറക്കോട് ഉണ്ണികൃഷ്ണന് പറഞ്ഞു.
സഹപ്രവര്‍ത്തകനായിരുന്ന ബി.വി.ഉണ്ണിത്താന്റെ ഓര്‍മ്മകളില്‍ എം.രാമചന്ദ്രന്റെ ശബ്ദവും കൗതുകവാര്‍ത്തകളും നിറഞ്ഞുനില്ക്കുന്നു. കൗതുകവാര്‍ത്തകള്‍ അക്ഷരാര്‍ഥത്തില്‍ രാമചന്ദ്രന്റേതായി മാറുകയായിരുന്നു. അത്രയും നാടകീയമായി തിരക്കഥയെഴുതി സരസമായി അവതരിപ്പിച്ച് ഒരു കാലഘട്ടത്തിന്റെ ജനപ്രിയ പരിപാടിയാക്കി അദ്ദേഹം അതിനെ മാറ്റി- ഉണ്ണിത്താന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]