
‘ജാൻ എ മൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ ബോക്സോഫീസിൽ കത്തിക്കയറുകയാണ്. കേരളത്തിലും പുറത്തും മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുന്ന ചിത്രം ആഗോളതലത്തിൽ 75 കോടി പിന്നിട്ടുകഴിഞ്ഞു. തമിഴ്നാട്ടിൽ നിന്നും ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതുവരെ തമിഴ്നാട്ടിൽ നിന്നുമാത്രം ചിത്രം 10 കോടിയിലധികം ചിത്രം നേടിക്കഴിഞ്ഞു. തമിഴ്നാട്ടിൽ നിന്നും പത്തുകോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമാണിത്. ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ ആയിരുന്നു ഇതിന് മുൻപ് തമിഴ്നാട്ടിൽ നിന്ന് ഏറ്റവുമധികം രൂപ നേടിയ മലയാള ചിത്രം. നാലുകോടിക്ക് മുകളിൽ ഒരു ദിവസം നേടാനും ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. മിക്ക സെന്ററുകളിലും ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം കുതിക്കുന്നത്. ഓൺലെെൻ ടിക്കറ്റ് വിൽപ്പനയിലും ചിത്രം വൻകുതിപ്പ് നടത്തുകയാണ്.
ഇപ്പോഴിതാ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന് നന്ദിപറഞ്ഞുകൊണ്ട് എത്തുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകൾ. ഒരിടവേളയ്ക്ക് ശേഷം ടിക്കറ്റുകൾക്ക് വേണ്ടി ഇത്രയും തിക്കിത്തിരക്കുന്ന പ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ‘മഞ്ഞുമ്മൽ ബോയ്സ്’ടീമിന് നന്ദിയുണ്ടെന്ന് തിരുനെൽവേലിയിലെ ‘റാം മുതുറാം സിനിമാസ്’ ഫെയ്സ്ബുക്കിൽ കുറിച്ചു. ലവർ, ലാൽ സലാം, ബ്ലൂസ്റ്റാർ, വടക്കുപാട്ടി രാമസാമി എന്നീ ചിത്രങ്ങൾ ബോക്സോഫീസിൽ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഹൗസ്ഫുൾ ഷോകൾ ഒരു സ്വപ്നമായിരുന്നുവെന്ന് റാം മുതുറാം സിനിമാസ് അധികൃതർ അഭിപ്രായപ്പെട്ടു. ഈ വർഷം ശിവകാർത്തികേയൻ്റെ അയലാൻ എന്ന ചിത്രത്തിന് മാത്രമാണ് ടിക്കറ്റിന് തിരക്കുണ്ടായിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രം ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവൽ ത്രില്ലറാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രികരിച്ചത്.
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമ്മാതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]