![](https://newskerala.net/wp-content/uploads/2025/02/vadivelu-1024x576.jpg)
തമിഴ് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് വടിവേലു. ദരിദ്രമായ പശ്ചാത്തലത്തില്‍ വളര്‍ന്ന വടിവേലു തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് എത്തിപ്പെടുന്നത്. പിന്നീട് വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ തമിഴ് സിനിമയിലെ ഹാസ്യരാജാവായി വടിവേലു മാറി. 2023 ല്‍ പുറത്തിറങ്ങിയ മാരി സെല്‍വരാജിന്റെ മാമന്നന് എന്ന ചിത്രത്തിലെ അതിമനോഹരമായ അഭിനയത്തിലൂടെ എല്ലാതരം വേഷങ്ങളും തനിക്ക് സാധിക്കുമെന്നും വടിവേലു തെളിയിച്ചു. വടിവേലു അപ്രതീക്ഷിതമായി സിനിമയിലെത്തിയ കഥ പറയുകയാണ് സിനിമ സംവിധായകനായ ആലപ്പി അഷ്റഫ്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫ് വടിവേലു സിനിമയിലെത്തിയ കഥ പറയുന്നത്. വളരെ സാധാരണക്കാരനായി ജനിച്ചയാളായിരുന്നു വടിവേലു, ഫോട്ടോകള്‍ ഫ്രെയിം ചെയ്ത് കൊടുത്തായിരുന്നു ജീവിച്ചിരുന്നത്. അക്കാലത്ത് നടനും സംവിധായകനുമായിരുന്ന രാജ്കിരണ് തന്റെ ഫാന്‍സ് അസോസിയേഷന് നേതാവായിരുന്ന ഇളങ്കോയുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ മധുരയിലത്തി. രാജ് കിരണിന് കൂട്ടായിരിക്കാന്‍ ഇളങ്കോ അയച്ചത് വടിവേലുവിനെയായിരുന്നു.
ഹോട്ടല്‍ മുറിയില്‍ രാജ്കിരണിന് കൂട്ടായിരിക്കുന്നതിനിടെ വടിവേലു തന്റെ കോമഡി നമ്പറുകളൊക്കെ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. നാട്ടുമ്പുറത്തുകാരനായ വടിവേലുവിന്റെ തമാശകള്‍ കണ്ട് രാജ്കിരണ് ആസ്വദിച്ച് ചിരിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്കിരണ് പുതിയൊരു സിനിമ എടുത്തപ്പോള്‍ ഒരു കോമഡി താരത്തെ ആവശ്യമായി വന്നു. പെട്ടെന്ന് അദ്ദേഹത്തിന് മധുരയില്‍ തന്നെ ചിരിപ്പിച്ച വടിവേലുവിനെ ഓര്‍മ്മ വന്നു. ഇളങ്കോ വഴി വടിവേലുവിനെ വിളിപ്പിച്ച രാജ്കിരണ് സിനിമയില്‍ അദ്ദേഹത്തിന് ചെറിയൊരു വേഷം നല്കി.
വടിവേലു തന്റെ കയ്യിലുള്ള നമ്പറൊക്കെയിട്ട് അഭിനയം ഗംഭീരമാക്കി. അത് ഇഷ്ടമായ രാജ് കിരണ്‍ ഒരു പാട്ട് സീനിലും വടിവേലുവിനെ അഭിനയിപ്പിച്ചു. സിനിമ ഇറങ്ങിയതോടെ വടിവേലു ശ്രദ്ധിക്കപ്പെട്ടു. വേറെയും വേഷങ്ങള്‍ വരാന്‍ തുടങ്ങി. കാതലന്‍ സിനിമയില്‍ പ്രഭുദേവയ്ക്കൊപ്പം ചെയ്ത വേഷം ബ്രേക്കായി. അക്കാലത്തെ മറ്റ് ഹാസ്യതാരങ്ങളെയൊക്കെ മറികടന്ന് വടിവേലു തമിഴിലെ പ്രധാന താരമായി വളര്‍ന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]