
കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടലിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്ന് സഹായ പ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും അദ്ദേഹത്തിന്റെ മകൻ കൂടിയായ രാംചരണും രംഗത്തെത്തിയതാണ് ഇതിൽ ഏറ്റവും പുതിയ റിപ്പോർട്ട്. ഒരുകോടി രൂപയാണ് ഇരുവരും ചേർന്ന് സംഭാവന ചെയ്തത്.
ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ടെന്ന് ചിരഞ്ജീവി കുറിച്ചു. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ വിഷമത്തിനൊപ്പം ചേരുന്നു. താനും ചരണും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവനചെയ്യുന്നു. വേദനിക്കുന്ന എല്ലാവരുടേയും സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.
തെലുങ്ക് സൂപ്പർതാരമായ അല്ലു അർജുൻ വയനാടിന് സഹായവുമായി എത്തിയതിനുപിന്നാലെയാണ് ചിരഞ്ജീവിയും രാംചരണും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നൽകിയത്. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]