
ബെംഗളൂരു: വിമാനത്താവളം വഴി സ്വര്‍ണം കടത്തവേ പിടിയിലായ കന്നഡ നടി രന്യ റാവുവിനെ ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വലയില്‍ വീഴ്ത്തിയത് കഴിഞ്ഞ കുറച്ചുകാലത്തെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍. നടിയും ഐപിഎസ് ഓഫീസറുടെ മകളുമായ രന്യ ബെംഗളൂരു വിമാനത്താവളത്തിലാണ് ചൊവ്വാഴ്ച പിടിയിലായത്. ബ്ലാക്മെയില്‍ ചെയ്താണ് തന്നെ കൊണ്ട് സ്വര്‍ണം കടത്തിച്ചതെന്നാണ് നടി അന്വേഷണ സംഘത്തോട് നല്‍കിയിരിക്കുന്ന വിശദീകരണം.
14 കിലോ വരുന്ന സ്വര്‍ണക്കട്ടികള്‍ ബെല്‍റ്റില്‍ ഒളിപ്പിപ്പിച്ചും 800 ഗ്രാം ആഭരണങ്ങളുമായിട്ടാണ് രന്യ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലാകുന്നത്. താരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍. രന്യയുടെ വീട്ടിലും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇവിടെ നിന്ന് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ രന്യ ഗള്‍ഫിലേക്ക് പത്തിലധികം യാത്രകള്‍ നടത്തിയതിനെത്തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. 15 ദിവസത്തിനിടെ നാലു ദുബായ് യാത്രകളാണ് രന്യ നടത്തിയിരുന്നത്. ഈ യാത്രകളിലെല്ലാം ഒരേ വസ്ത്രം ധരിച്ചതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. സ്വര്‍ണം ഒളിപ്പിച്ച ബെല്‍റ്റ് മറയ്ക്കുന്നതിനാണ് ഒരേ വസ്ത്രം തിരഞ്ഞെടുത്തതെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ സംശയം.
ഇതിനിടെ വിമാനത്തവളത്തിലെത്തുമ്പോള്‍ ലഭിച്ച പ്രോട്ടോക്കോള്‍ സംരക്ഷണവും ഇവര്‍ സ്വര്‍ണക്കടത്തിന് മറയാക്കിയെന്നാണ് വിവരം. ബസവരാജു എന്ന പോലീസ് കോണ്‍സ്റ്റബിള്‍ ടെര്‍മിനലില്‍ രന്യയെ കാണാറുണ്ടായിരുന്നു. രന്യയെ അനുഗമിച്ച് പുറത്തേക്ക് കൊണ്ടുപോയി സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിവിടുന്നത് ഈ ഉദ്യോഗസ്ഥനാണ്. വിമാനത്താവളത്തിലെ സാധാരണ പരിശോധനകള്‍ ഒഴിവാക്കിയായിരുന്നു ഈ നീക്കങ്ങള്‍. ഇയാളേയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കര്‍ണാടക പോലീസ് ഹൗസിങ് കോര്പ്പറേഷന് ഡിജിപി ആയിട്ടുള്ള രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ. മകള്‍ പിടിയിലായത് സംബന്ധിച്ച് അദ്ദേഹം പ്രതികരണത്തിന് തയ്യാറായില്ല. നാലു മാസം മുമ്പ് വിവാഹിതയായ ശേഷം അവള് വീട്ടിലേക്ക് വന്നിട്ടില്ലെന്നായിരുന്നു അദ്ദേഹം ഇതിനോട് പ്രതികരിച്ചത്.
2014ല്‍ റാവു ഐജിപിയായിരിക്കെ, പിടിച്ചെടുത്ത പണം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിവാദം ഇപ്പോഴും അന്വേഷണ പരിധിയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]