താരകുടുംബത്തില്‍ ജനിച്ചുവളര്‍ന്നതാണെങ്കിലും സെലിബ്രിറ്റി ലൈഫിന്റെ ബഹളങ്ങളൊന്നും കാണിക്കാത്തയാളാണ് ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന്. ഫെയ്സ്ബുക്കിലൂടേയും ഇന്‍സ്റ്റഗ്രാമിലൂടേയും നിത്യജീവിതം പോലും താരങ്ങള്‍ പങ്കുവെച്ചുകൊണ്ടിരിക്കുമ്പോള്‍ അതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുലര്‍ത്തുന്നയാളാണ് ജുനൈദ്. 2024ല്‍ ആണ് സ്ക്രീനില്‍ പോലും ജുനൈദ് എത്തുന്നത്. നെറ്റ്ഫ്ളിക്സിന്റെ മഹാരാജ് എന്ന ചിത്രമായിരുന്നു ജുനൈദിന്റെ ആദ്യ സിനിമ. പിന്നീടങ്ങോട്ട് ഏതാനും സീരിസുകളിലും ജുനൈദ് വേഷമിട്ടു.
സ്വകാര്യജീവിതം തീര്‍ത്തും സ്വകാര്യമായി തന്നെ നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്നയാളാണെന്ന് തുറന്നുപറയുകയാണിപ്പോള്‍ ജുനൈദ്. വിക്കി ലാല്‍വാനി യൂട്യൂബ് ചാനലിന് നല്കി അഭിമുഖത്തിലായിരുന്നു ജുനൈദ് സിനിമകളെകുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും തുറന്നുപറഞ്ഞത്. ചെറുപ്പത്തില്‍ തനിക്ക് ഡിസ്ലെക്സിയ എന്ന രോഗം ബാധിച്ചിരുന്നതിനെ കുറിച്ചും ജുനൈദ് വിശദമാക്കി.
‘ വീട്ടില്‍ അമ്മ ആയിരുന്നു ഡിസിപ്ലിനോടെ ജീവിക്കാന്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നത്. പഠിക്കണം, സ്ക്രീന്‍ ടൈം കുറയ്ക്കണം, പച്ചക്കറികള്‍ കഴിക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നത് അമ്മ ആയിരുന്നു. പപ്പ അത്തരത്തില്‍ ബഹളം വെയ്ക്കുന്ന ആളായിരുന്നില്ല. എന്നാല്‍ പരീക്ഷാഫലത്തെ കുറിച്ച് അവര്‍ അധികം പറഞ്ഞിരുന്നില്ല. ആറ് വയസ്സുള്ളപ്പോഴാണ് എനിക്ക് ഡിസ്ലെക്സിയ ഉണ്ടെന്ന് കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ അത്തരം സമ്മര്‍ദങ്ങള്‍ എനിക്കുണ്ടായില്ല.
താരേ സമീന്‍ പര് എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോഴാണ് ആ കഥയുമായി തങ്ങള്‍ക്ക് ബന്ധമുണ്ടല്ലോ, അതുപോലെയാണല്ലോ മകന് എന്നൊക്കെ തോന്നുന്നത്. ഉടനെ തന്നെ എന്നെ ഒരു സ്പെഷ്യലിസ്റ്റിന്റെ അടുത്തെത്തിച്ചു. ഒരുപാട് സപ്പോര്‍ട്ട് എനിക്ക് കിട്ടി. അതുകൊണ്ട് വളര്‍ന്നുകൊണ്ടിരിക്കെ എന്നെ ആ അവസ്ഥ അധികം ബാധിച്ചില്ല. ആ തരത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. അതുകൊണ്ടുതന്നെ പഠിക്കുന്ന കാര്യത്തില്‍ അവര്‍ ഒരിക്കലും സ്ട്രിക്ട് ആയിരുന്നില്ല- ജുനൈദ് ഖാന് പറയുന്നു.
ആമിര്‍ ഖാനും നിര്‍മാതാവായ റീന ദത്തയ്ക്കുമുണ്ടായ രണ്ട് മക്കളില്‍ ഒരാളാണ് ജുനൈദ് ഖാന്. 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2002ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇറ ഖാനാണ് ജുനൈദിന്റെ സഹോദരി. റീന ദത്തയുമായുള്ള വിവാഹമോചനത്തിന് ശേഷം ആമിര്‍ ഖാന് കിരണ്‍ റാവുവിനെ വിവാഹം ചെയ്തെങ്കിലും 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ആസാദ് ഖാന് എന്നൊരു കുഞ്ഞുണ്ട്.
2007ല്‍ പുറത്തിറങ്ങിയ താരേ സമീന്‍ പര് ഡിസ്ലെക്സിയ ബാധിച്ച ഇഷാന് എന്ന കുട്ടിയുടെ ജീവിതത്തെ പ്രതിപാദിക്കുന്നതാണ്. ഡിസ്ലെക്സിയയെ തുടര്‍ന്ന് ഇഷാന് അനുഭവിക്കുന്ന പ്രയാസങ്ങളും, മതാപിതാക്കളോ മറ്റു അധ്യാപകരോ തിരിച്ചറിയാതിരുന്ന ഈ അസുഖം പുതുതായി വന്ന അധ്യാപകന് മനസ്സിലാക്കി പഠനവൈകല്യത്തില്‍ നിന്ന് ഇഷാനെ മോചിപ്പിക്കുന്നതും അവനിലെ പ്രതിഭയെ കണ്ടെത്തുന്നതുമാണ് ചിത്രത്തിന്റെ കഥ. ആമിര്‍ ഖാന് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. 2008ലെ ഏറ്റവും നല്ല സിനിമക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം താരെ സമീന്‍ പര് നേടി. കൂടാതെ ഡല്‍ഹി സര്‍ക്കാര്‍ ഈ ചിത്രത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]