ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന് ചിത്രമാണ് ‘മാര്‍ക്കോ’. തീയേറ്ററുകളില്‍ വന്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തെ തേടി ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടെ എത്തിയിരിക്കുകയാണ്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി നേടിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിര്‍മാതാക്കളായ ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സും നായകന് ഉണ്ണി മുകുന്ദനും ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും വന്‍ പ്രതികരണമാണ് ലഭിച്ചത്. ഇത് കളക്ഷനില്‍ വന്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ബോളീവുഡ് ചിത്രങ്ങളെ പോലും പിന്നിലാക്കിയാണ് മാര്‍ക്കോയുടെ കുതിപ്പ്. 34 ഷോകളില്‍ ആരംഭിച്ച സിനിമ രണ്ടാഴ്ച കൊണ്ട് 1327 സ്ക്രീനുകളിലായി 3000 ല്‍ അധികം ഷോകളിലേക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ വിദേശ രാജ്യങ്ങളിലും ചിത്രം മികച്ച രീതിയില്‍ സ്വീകരിക്കപ്പെടുകയാണ്. ദക്ഷിണ കൊറിയന്‍ എന്റര്ടെയ്ന്മെന്റ് മേഖലയിലെ വമ്പന്മാരായ നൂറി പിക്ചേഴ്സുമായി ഒരു സുപ്രധാന ഡിസ്ട്രിബ്യൂഷന്‍ കരാര്‍ ചിത്രം സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായി മാറിയ ‘ബാഹുബലി’യ്ക്ക് ശേഷം ദക്ഷിണ കൊറിയയില്‍ നിന്നും ഇത്രയും അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമായി ‘മാര്‍ക്കോ’ മാറിയിരിക്കുകയാണ്.
മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് സിനിമകളൊരുക്കിയ ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തിയിരിക്കുന്ന മാര്‍ക്കോ ഒരു ഹൈ-ഒക്ടെയ്ന് ആക്ഷന്‍ പായ്ക്ക്ഡ് ക്രൈം ഡ്രാമയായി തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ തന്നെ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സൂക്ഷ്മമായി കോറിയോഗ്രഫി ചെയ്ത ആക്ഷന്‍ രംഗങ്ങളിലൂടെ സ്വര്‍ണ്ണക്കടത്തിന്റെ അപകടകരമായ ലോകത്തിനുള്ളിലെ പ്രതികാരത്തിന്റെയും വീണ്ടെടുക്കലിന്റെയും സങ്കീര്‍ണ്ണതകളുടേയും ശ്രദ്ധേയമായ ഒരു വിവരണമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.
റെക്കോര്‍ഡ് പ്രീ-സെയില്‍ കളക്ഷനിലൂടെ ഇന്ത്യയില്‍ വലിയ തരംഗമായിരിക്കുന്ന മാര്‍ക്കോ അതിന്റെ സാങ്കേതിക മികവ്, ശക്തമായ കഥപറച്ചില്‍, അഭിനേതാക്കളുടെ സമാനതകളില്ലാത്ത പ്രകടനമികവ് എന്നിവയിന്മേല് ഇതിനകം പ്രശംസ നേടിയിട്ടുണ്ട്. കൊറിയയില്‍ ഉള്‍പ്പടെ ചിത്രം സ്വീകരിക്കപ്പെടുന്നത് മലയാള സിനിമയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള ആകര്ഷണത്തെക്കൂടിയാണ് എടുത്തുകാണിക്കുന്നത്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന് എം ആര്, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്, കോസ്റ്റ്യും&ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്, പ്രൊഡക്ഷന്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അബ്ദുള്‍ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശ്വരന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റര്ടെയ്ന്മെന്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]