
ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് വെള്ളിയാഴ്ച ഭൂമിപൂജ. പന്തൽ കാൽനാട്ട് ചടങ്ങുമുണ്ടാകും. രണ്ടിലും പാർട്ടിയധ്യക്ഷൻ വിജയ് പങ്കെടുക്കും.
വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ 27-നാണ് സമ്മേളനം. തമിഴ് വൈകാരികതയും ദളിത് അനുകൂല നിലപാടും ഉയർത്തിക്കാട്ടി രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ് വിശ്വാസത്തിനും പ്രാധാന്യം നൽകുന്നെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
ജാതിമത വിഭജനശക്തികളെ എതിർക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ, ഡി.എം.കെ.യെപ്പോലെ നിരീശ്വരവാദ രാഷ്ട്രീയമായിരിക്കും വിജയ് പിന്തുടരുകയെന്ന് കരുതിയിരുന്നെങ്കിലും വിശ്വാസത്തെ കൈവിടില്ലെന്ന സൂചനയാണ് ഭൂമിപൂജയിലൂടെ നൽകുന്നത്.
സിനിമകളിലൂടെ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിനെത്തുടർന്ന് ജോസഫ് വിജയ് എന്ന പേര് ചൂണ്ടിക്കാട്ടി വിജയ് ക്രൈസ്തവ വിശ്വാസിയാണെന്ന് പറഞ്ഞ് ബി.ജെ.പി. വിമർശിച്ചിരുന്നു. പാർട്ടി ആരംഭിച്ചപ്പോഴും സമാനമായ ആരോപണം ബി.ജെ.പി. നേതാക്കൾ ഉന്നിയിച്ചിട്ടുണ്ട്. വിജയ്യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ ക്രിസ്ത്യാനിയും അമ്മ ശോഭ ഹിന്ദുവുമാണ്. എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്ന വ്യക്തിയാണ് വിജയ് എന്നാണ് നേരത്തേ ഇതുസംബന്ധിച്ച വിവാദങ്ങൾ വന്നപ്പോൾ ചന്ദ്രശേഖർ വിശദീകരിച്ചത്. ടി.വി.കെ. സമ്മേളനം നടത്താനുള്ള സമയം നിശ്ചയിക്കാൻ ജ്യോതിഷിയുടെ സഹായം തേടിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഹിന്ദുവിരുദ്ധനാണെന്ന ആരോപണം തടയാൻകൂടിയാണ് വിജയ് യുടെ നീക്കമെന്ന് കരുതപ്പെടുന്നു.
അഞ്ചുലക്ഷത്തിലേറെപ്പേരെ പങ്കെടുപ്പിക്കുന്ന സമ്മേളനം നടത്താനാണ് ടി.വി.കെ. ഒരുങ്ങുന്നത്. ഇതിനായി വിജയ് പാർട്ടി നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. ഒരു ജില്ലയിൽനിന്ന് 10,000 പേരെ വീതം എത്തിക്കാനാണ് തീരുമാനം. കേരളമടക്കം അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ആരാധകരും പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]