
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകി നടൻ വിക്രം. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തൻ്റെ വേദനയും അറിയിച്ച അദ്ദേഹം, ഇന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തത്. 2018 ലെ പ്രളയകാലത്തും വിക്രം കേരളത്തിന് കെെത്താങ്ങായിട്ടുണ്ട്.
അതേ സമയം ഉരുൾപ്പൊട്ടൽ ബാധിച്ച മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്. അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായിരിക്കുന്നത്. മേപ്പാടി ഗ്രാമപ്പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയിൽ മാത്രമുണ്ടായിരുന്നത്. അതിൽ ഇരുപത്തഞ്ചോളം വീടുകൾ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങൾ പൂർണമായി ഇല്ലാതായി. അത്രത്തോളം തന്നെ തകർന്നു കിടക്കുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും ഇന്നാട്ടുകാരുമെല്ലാം ഉൾപ്പടെ അതിനകത്തെല്ലാം മനുഷ്യരുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്നവർക്കായി രാത്രിവൈകുവോളം രക്ഷാപ്രവർത്തനം നടത്തി. വെളിച്ചമോ മറ്റ് സാമഗ്രികളോ ഇല്ലാത്തതിനാൽ നിർത്തിയ തിരച്ചിൽ രാവിലെയാണ് വീണ്ടുമാരംഭിച്ചത്.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുന്നൂറായെന്നാണ് ഏറ്റവും പുതിയ അനൗദ്യോഗികവിവരം. 79 പുരുഷന്മാരും 64 സ്ത്രീകളും ഉൾപ്പെടെ 143 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. 225 പേരാണ് പരിക്കേറ്റ് നിലവിൽ ചികിത്സയിലുള്ളത്. ഇനിയും 218 പേരെ കണ്ടെത്താനുണ്ടെന്നാണ് ദുരന്തമേഖലയിൽനിന്ന് ലഭിക്കുന്ന വിവരം. കാണാതായവരുടെ എണ്ണം ഇത്രയേറെ വലുതാണ് എന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]