
കൊച്ചി: ടി.വി.രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്റെ പേര് മാറ്റാൻ നിർദേശിച്ച് സെൻസർ ബോർഡ്. ചിത്രത്തിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും പേര് മാറ്റിയാൽ ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് പറയുന്നതെന്നും ചിത്രത്തിലെ നായകൻ സുഭീഷ് സുധി പറഞ്ഞു. പേരിലെ ‘ഭാരത’ മാറ്റി വീണ്ടും സമർപ്പിക്കാനാണ് സെൻസർ ബോർഡ് നൽകിയ കത്തിൽ പറയുന്നത്.
‘ഒന്നര വർഷം മുമ്പേ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്ത പേരാണിത്,’ സുഭീഷ് സുധി പറയുന്നു. ‘ട്രെയ്ലർ സെൻസർ ബോർഡിന് മുന്നിൽ എത്തിയപ്പോൾ ഈ പേര് നൽകാനാവില്ലെന്ന് പറഞ്ഞത്. വിശദീകരണം കൊടുത്തപ്പോൾ ചിത്രം കാണട്ടെ എന്നായി. ചിത്രം കണ്ട ശേഷം സിനിമയുടെ ഉള്ളടക്കത്തിൽ പ്രശ്നമില്ല, എന്നാൽ പേരിലെ ‘ഭാരതം’ ഒഴിവാക്കണമെന്നുമാണ് പറയുന്നത്. ഭാരത സർക്കാരിനു പകരം മറ്റെന്ത് സർക്കാരായാലും പ്രശ്നമില്ലെന്നാണ് സെൻസർ ബോർഡിന്റെ നിലപാട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിനും അപ്പുറമാണിത്’ -സുഭീഷ് വ്യക്തമാക്കി.
സിനിമ റിലീസ് ചെയ്യാൻ ഏതാനും ദിവസങ്ങളേയുള്ളൂ. ഇപ്പോൾ ‘ഒരു സർക്കാർ ഉത്പന്നം’ എന്ന രീതിയിൽ മാറ്റണമെന്നാണ് പറയുന്നത്. ഞങ്ങൾ ഇഷ്ടം കൊണ്ട് ഉണ്ടാക്കിയ സിനിമയാണിത്. ഇങ്ങനെയൊരവസ്ഥ വന്നതിൽ ങങ്ങൾ എല്ലാവരും തകർന്നിരിക്കുകയാണ്. ഒരു കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി പോകാനൊന്നും താൽപര്യമില്ല. കേരളീയ പൊതുസമൂഹത്തോടാണ് ഇക്കാര്യങ്ങൾ പറയാനുള്ളതെന്നും സുഭീഷ് കൂട്ടിച്ചേർത്തു. പേരിലെ ‘ഭാരത’ എന്ന ഭാഗം മറച്ചുകൊണ്ടുള്ള പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]