വാല്‍ക്കഷ്ണം തുടക്കത്തിലേ എഴുതുകയാണ്: എണ്‍പതുകളുടെ അവസാനം, പലരേയും പോലെ മോഹന്‍ലാല്‍ എന്ന നടനെ ആരാധിച്ച് നടന്ന ഒരു ഹൈസ്കൂളുകാരിയാണ് ഞാനന്ന്. ചിത്രം, തൂവാനത്തുമ്പികള്‍ എന്നിങ്ങനെ എത്രയോ സിനിമകളിലൂടെ ആ നടന് എത്രയോ പെണ്‍കുട്ടികളുടെ ഹൃദയം കവര്‍ന്നിരുന്നു അപ്പോഴേക്കും. അനുദിനം ആരാധികമാരുടെ എണ്ണം കൂടിക്കൊണ്ടിരുന്ന താരം. പെട്ടെന്നൊരു ദിനം മദ്രാസില്‍ നിന്ന് ഒരു സുന്ദരി ആ സ്നേഹത്തെ വിവാഹത്തിലൂടെ മൊത്തമായി സ്വന്തമാക്കുമ്പോള്‍ പലരേയും പോലെ സങ്കടപ്പെട്ട ഒരു ഹൃദയമുണ്ടായിരുന്നു എനിക്കും. ദേഷ്യവും അസൂയയും കലശലായി. എങ്കിലും ആ വിവാഹം മനസില്‍ ആഘോഷമാക്കി.
മറ്റെല്ലാ ആവശ്യങ്ങളും മാറ്റിവെച്ച് പോക്കറ്റ്മണി കൊണ്ട് എല്ലാ സിനിമാപ്രസദ്ധീകരണങ്ങളും വാങ്ങി. ആദ്യം വിവാഹനിശ്ചയ ചിത്രങ്ങളും റിപ്പോര്‍ട്ടുമുള്ളത്. പച്ച പട്ടുസാരിയുടുത്ത്, പച്ചക്കല്ല് മാലയിട്ട് നിറയെ മുല്ലപ്പൂ ചൂടിയ പുതുപ്പെണ്ണിനോട് തീര്‍ത്താല്‍ തീരാത്ത കുശുമ്പ് തോന്നി, ദേഷ്യവും. പിന്നീട് കല്യാണഫോട്ടോകള്‍ കാണാനും മാസികകള്‍ വാങ്ങി. ചന്ദനക്കളറില്‍ ചുവപ്പ് ബോര്‍ഡറുള്ള സാരിയില്‍ വീണ്ടും അതീവസുന്ദരിയായി. പക്ഷേ ആരേയും പെട്ടെന്ന് ഇഷ്ടത്തിലാക്കുന്ന ഒരു മിടുക്കുണ്ട് അവര്‍ക്കെന്ന് തോന്നി.
ഇന്ന് നെറ്റ്ഫ്ളിക്സ് വിവാഹ ഡോക്യുമെന്ററി ഇറക്കും പോലെ അന്ന് ഒരു വീഡിയോ കമ്പനി പുറത്തിറക്കിയ കാസറ്റ് ഇട്ട് പലവട്ടം സുചിത്രാ മോഹന്‍ലാലിനെ അടുത്ത് കണ്ടു. ആ വിടര്‍ന്ന ചിരിയും ലാളിത്യമാര്‍ന്ന പെരുമാറ്റവും മെല്ലെ കൂടുതല്‍ ഇഷ്ടത്തിലാക്കി. അതൊരു ലാളിത്യമായിരുന്നു. ഇന്നും കെടാതെ വിളങ്ങുന്നു ആ ലാളിത്യം. കാലം ആ ലാളിത്യത്തെ വീണ്ടും തേച്ച് മിനുക്കി മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇറക്കി വെച്ചത് പോലെ. അവരുടെ സംസാരം കേള്‍ക്കാന്‍ അത്രയ്ക്ക് ഇഷ്ടമുണ്ട് ഇന്ന് മലയാളിക്ക്. പെരുമാറ്റത്തിനും കൂടുതല്‍ ചന്തം കൈവന്ന പോലെ….
ആരാണ് സുചിത്ര മോഹന്‍ലാല്‍….
മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര മോഹന്‍ലാലിന് എന്ത് പ്രത്യേകത എന്ന മലയാളിയുടെ പതിവ് വിമര്‍ശനബുദ്ധിയോടെയുള്ള ചോദ്യം ഉണ്ടായേക്കാം എന്ന ചിന്തയില്‍ നിന്ന് തന്നെയാണ് എഴുതിത്തുടങ്ങുന്നത്. സുചിത്ര മോഹന്‍ലാല്‍ ആരാണെന്ന് ചോദിച്ചാല്‍, മോഹന്‍ലാലിന്റെ ഭാര്യ, ആ ഒറ്റ ഉത്തരത്തില്‍ നിന്ന് വേണ്ടപ്പെട്ടവരുടെ സുചിക്ക്, മലയാളി അല്പം ദൂരെയെങ്കിലുമായി കണ്ടുകൊണ്ടിരിക്കുന്ന സുചിത്രയ്ക്ക് എന്തൊക്കെയായി മാറാം എന്ന കാഴ്ചയ്ക്ക് ഒരു രസമുണ്ട്. അടുത്തിടെ വന്ന എല്ലാ അഭിമുഖങ്ങളിലും അവര്‍ എത്രയോ സൗമ്യമായ സഞ്ചാരമാണ് നടത്തുന്നത്. സ്നേഹം തോന്നുന്ന, പൂപോലെയുള്ള പെരുമാറ്റം. അത്ര തന്നെ ലാളിത്യത്തോടെയുള്ള സംസാരം. കാപട്യം ഒട്ടുമേയില്ലാത്ത ഉള്ള് തുറന്നുള്ള ചിരി.
വസ്ത്രധാരണത്തിലുമുണ്ട് ആ എളിമ. വില കൂടിയതെങ്കിലും പ്രത്യക്ഷത്തില്‍ അത്ര പകിട്ടോ, ഗ്ലാമറോ തോന്നാത്ത വിധമുള്ള ചുരിദാര്‍. ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ ഒക്കെയും ലാളിത്യമുള്ളത്. വേണമെങ്കില്‍ സ്ക്രീന്‍ഷോട്ടെടുത്ത് അവയൊക്കെ കോടികള്‍ വിലയുള്ളതെന്ന് കണ്ടെത്താനായേക്കാം. എങ്കിലും അവര്‍ അണിയുന്ന വസ്ത്രങ്ങളുടെ പിറകിലെ നെയ്ത്തുകാരുടെ അധ്വാനം, അണിഞ്ഞ മാലകളുടെ ട്രെന്‍ഡ്, ഭര്‍ത്താവ് മോഹന്‍ലാല്‍ അവര്‍ക്ക് സമ്മാനിച്ച കോടികളുടെ വീട് – ഇതൊന്നും ആരും ഒരിക്കലും ചര്‍ച്ചയ്ക്ക് എടുക്കാഞ്ഞതിന് പിന്നിലും സുചിത്രയുടെ എളിമയുണ്ട്.
അവരുടെ അഭിമുഖങ്ങളില്‍ കാണിക്കുന്ന നിഷ്കളങ്കതയ്ക്ക് യാതൊരു മുന്‍വിധിയും ഉണ്ടാകുന്നില്ല. അവര്‍ സംസാരിക്കുന്നതൊക്കെയും അത്രയും നിഷ്കളങ്കമായിട്ടാണ്. തന്റെ മക്കളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ സാധാരണ ഒരു മലയാളിപ്പെണ്ണിന്റെ അതേ സ്നേഹം, സന്തോഷം. എപ്പോഴും താരത്തിന്റെ നിഴലായി നടന്നപ്പോഴും വേറിട്ട വ്യക്തിത്വമുണ്ടെന്ന് തോന്നിപ്പിക്കുന്ന എന്തോ ഒരു കൗതുകം എന്നും അവര്‍ അവശേഷിപ്പിച്ചിരുന്നു. അടുത്തിടെ നല്കിയ അഭിമുഖങ്ങളിലൊക്കെ ആ സ്നിഗ്ധതയുടെ തുടര്‍ച്ചയാണ് കാണാനായത്.
ഇംഗ്ലീഷും മലയാളവും തമിഴും ഇടകലര്‍ന്ന്….
മകനായ താരത്തിന്റെ സിനിമ എന്ത് അത്ഭുതമാണ് കാട്ടാന്‍ പോകുന്നത് എന്ന മുന്‍വിധിയുടെ പുറത്താണ് ആദ്യമെന്ന് കരുതുന്ന അവരുടെ സുദീര്‍ഘ അഭിമുഖത്തിന് മുന്നില്‍ ഇരുന്നത്. പക്ഷേ, എല്ലാ മുന്‍വിധികളേയും തകര്‍ക്കും വിധമായിരുന്നു ആ കാഴ്ച, സംസാരം…. അവര്‍ സിനിമയെക്കുറിച്ചോ മകന്റെ അഭിനയ മികവിനെക്കുറിച്ചോ പറഞ്ഞില്ല. പകരം ജീവിതത്തിലെ കൊച്ചുകൊച്ചുകാര്യങ്ങള്‍ മാത്രം. ഇംഗ്ലീഷും മലയാളവും തമിഴും ഇടകലര്‍ന്ന ആഖ്യാനത്തില്‍ ഒരു നിമിഷം പോലും സംസാരം ബോറടിപ്പിച്ചില്ല. അതിലൊക്കെ ഹൃദയത്തിന്റെ ഭാഷ ഉണ്ടായിരുന്നു. മകനോട് എന്ത് പറഞ്ഞാലും അവന് തനിക്ക് ശരിയെന്ന് തോന്നുതേ ചെയ്യൂവെന്നും മകന്റെ സിനിമാക്കഥകള്‍ കേള്‍ക്കാറുണ്ടെന്നും അതൊന്നും നുഴഞ്ഞുകയറ്റക്കാരിയായ അമ്മയായത് കൊണ്ടല്ലെന്നും പറയുന്ന സുചിത്ര.
കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ളത് കൊണ്ട് മാത്രം കഥ കേള്‍ക്കുന്നു. മകന് അപ്പുവിനെ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചുകൂടേ എന്നതിന്, ‘കൂടുതലൊന്നും വേണ്ട, വര്‍ഷത്തില്‍ രണ്ടെണ്ണം എങ്കിലും എന്ന തന്റെ ആഗ്രഹം’ മറച്ചുവെക്കുന്നുമില്ല ആ അമ്മ. അപ്പോഴൊക്കെ, തനിക്ക് ചെയ്യാന്‍ മറ്റ് ചില കാര്യങ്ങളുമുണ്ടെന്ന് പറയുന്ന, മകന്റെ ന്യായങ്ങളോട് ചേരുന്നത് വരെയേ അത്തരം ആഗ്രഹങ്ങള്‍ നീളുന്നുള്ളൂവെന്നും അവര്‍ സമ്മതിക്കുന്നു. അവിടെയൊക്കെ ഏതൊരു സാധാരണ അമ്മയേയും പോലെയാണ് സുചിത്ര. ഓരോ വാക്കുകളും സത്യസന്ധമായി സംസാരിക്കുന്നു – അതാണ് ആ ഭംഗി. ഇതിനുമുമ്പ് മറ്റൊരു താരപത്നിയും ഇത്തരം തുറന്നുപറച്ചിലുകള്‍ ഇത്ര ആഴത്തില്‍, ലാളിത്യത്തോടെ പറഞ്ഞിട്ടുണ്ടാകില്ല.
സുന്ദരമായി പെരുമാറാം….
എത്ര ഉയരത്തില്‍ എത്തിയാലും.. പണവും ഗ്ലാമറും പ്രശസ്തിയും ഒരു പോലെ കൈപ്പിടിയില്‍, ഉള്ളപ്പോഴും എങ്ങനെ സുന്ദരമായി പെരുമാറാം എന്നതിന് സ്ത്രീകള്‍ക്ക് മാത്രമല്ല ആര്‍ക്കും മികച്ച ഒരു ഉദാഹരണ ജീവിതമായി സുചിത്രയെ കാണാം. ഭര്‍ത്താവ്-അമ്മ-മക്കള്‍ ബന്ധത്തിലൂടെയുള്ള അവരുടെ ഹൃദയസ്പര്‍ശിയായ പല ആഖ്യാനവും ഏതൊരു അമ്മയ്ക്കും ആശ്വാസമാണ്. മകന് സാധാരണ ചായക്കടകളില്‍ പോയി ചായ കുടിക്കാന്‍ താല്പര്യപ്പെടുന്നുണ്ടെന്ന് വേണമെങ്കില്‍ തുറന്ന് പറയാതിരിക്കാം. അല്ലെങ്കില്‍ അതൊക്കെ എന്തിന് നാട്ടുകാര്‍ക്ക് മുന്നില്‍ പയണമെന്ന് ആലോചിക്കാം. ആ നാട്ടുകാര്‍ അവര്‍ക്ക് അപരിചിതരായി തോന്നുണ്ടാവില്ല.
സിനിമയില്‍ തന്റെ അച്ഛന് ബാലാജി, സഹോദരനായ നിര്‍മ്മാതാവ് സുരേഷ് ബാലാജി, ഭര്‍ത്താവ് മോഹന്‍ലാല്‍, മകന് അപ്പു തുടങ്ങി എല്ലാവരേയും ഹൃദയത്തോളം സ്നേഹിക്കുന്നവര്‍, അവര്‍ക്ക്, സിനിമാ മേഖല സ്വന്തം പോലെ തോന്നുന്നിടത്ത് ആ അപരിചിതത്വം എന്തിനെന്നാവും. അപ്പോള്‍ സുചിത്ര കൂടുതല്‍ സത്യസന്ധമാകുന്നതുമാവാം. മദ്രാസിലെ വീട്ടിലുള്ളപ്പോഴും അതിരാവിലെ അടുത്തുള്ള ചായപ്പീടികയില്‍ ചായ കുടിക്കാനായി മകന് പോകാറുണ്ട്. എന്നാല്‍ തൊട്ടടുത്ത നിമിഷം ‘ഇനി സിഗരറ്റ് മേടിക്കാന്‍ പോകുന്നതാണോ എന്ന് അറിയില്ല’ എന്ന് വിടര്‍ന്ന ചിരിയോടെ സ്വയം ആസ്വദിച്ച് പറയുന്നിടത്താണ് അവരുടെ ലാളിത്യം വീണ്ടും അടുത്തറിയുന്നത്.
ഫാഷനും സ്റ്റൈലുകളും മാത്രം തിരയുന്നവര്‍ക്ക് പോലും മോഹന്‍ലാലിന്റെ വീടിനുള്ളിലെ കൂട്ടായ്മയും പാചകവും കലായിടവുമൊക്കെ പെട്ടെന്ന് ഇഷ്ടപ്പെടും. ഇതൊന്നും അവര്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ വലിയ പണം ഒന്നിച്ച് മുടക്കി നേടിയെടുത്തതല്ല. പകരം ഏതൊരു വീട്ടിലേയും പോലെ പലരേയും പോലെ കാലങ്ങള്‍ കൊണ്ട് കെട്ടിപ്പൊക്കിയ അടുക്കള, ക്രാഫ്ട് റൂം, യാത്രകള്‍…. സൗന്ദര്യത്തോടൊപ്പം ബുദ്ധിയും ചേരുമ്പോള്‍ മാത്രം ഒരു വീട്ടമ്മയ്ക്ക് സുന്ദരമായി നിലനിര്‍ത്താന്‍ കഴിയുന്ന ചില ആത്മീയ സൗന്ദര്യച്ചാര്ത്തുകള്.
അതിന് സ്നേഹവും പ്രണയവും ആത്മാര്‍ത്ഥയും അധ്വാനശീലവുമുള്ള ഒരു ഹൃദയവുംകൂടി ഉണ്ടാകുമ്പോള്‍ മാത്രമേ സാധ്യമാകൂ എന്ന് സുചിത്ര ഓര്‍മ്മിപ്പിക്കും പോലെ. എത്ര ഉയരത്തിലേക്ക് പറന്നാലും ഭൂമിയിലേക്ക് മടങ്ങി വരേണ്ടുന്നതിന്റെ ആവശ്യകതയെ ആവിഷ്കാരമായും അനുഭവിക്കാം. അത് ഭര്‍ത്താവിനോടും മക്കളോടും സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും മാത്രമല്ല. ഭര്‍തൃമാതാവിനോടുള്ള പ്രാര്ഥനയായും മാറുന്ന ചില ഹൃദയം തുറക്കലുമുണ്ട്.
‘വിസ്മയ’ എന്ന വീട്ടില്‍….
ഏറ്റവും ഹൃദ്യമായി തോന്നിയത് ബന്ധങ്ങളില്‍ സൂക്ഷിക്കുന്ന സൂക്ഷ്മതയും കരുതലുമാണ്. കിടപ്പുരോഗിയായ ഭര്‍തൃമാതാവിനെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്കൊപ്പമുള്ള വിവാഹശേഷമുള്ള ആദ്യദിനങ്ങള്‍, യാത്ര ഒക്കെയും മറക്കാതെയുണ്ട് ആ ഹൃദയത്തില്‍. എത്ര താരപത്നിമാര്‍ അവരുടെ ‘അമ്മ’യെക്കുറിച്ച് ഈ വിധം പറഞ്ഞിട്ടുണ്ട്? അപൂര്‍വം പേര് മാത്രം. മകനെക്കുറിച്ച് അമ്മ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പോലുമുണ്ട് വര്‍ത്തമാനത്തില്‍ . വീട്ടിലുള്ളപ്പോഴൊക്കെ ദോശചുടാനും അമ്മിക്കല്ലില്‍ ചമ്മന്തി അരയ്ക്കാനും ആ മകന് ഒപ്പമുണ്ടായിരുന്നെന്ന് അമ്മ പറയുമ്പോള്‍ പിന്നീട് അത് പഠിച്ചെടുക്കാന്‍ ശ്രമിച്ചെടുത്തെന്ന് പറയുന്ന ‘മിടുക്കി മരുമകളാകാന്‍’ ശ്രമിക്കുന്നുമില്ല.
ഇതേ അമ്മയേയും മരുമകളേയും ഒരിക്കലേ നേരിട്ട് കണ്ടിട്ടുള്ളൂ. എറണാകുളം തേവരയിലെ ‘വിസ്മയ’ എന്ന വീട്ടില്‍ വെച്ച്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സന്ധ്യാനേരം.. ഷൂട്ടിങ് കഴിഞ്ഞ് മോഹന്‍ലാല്‍ വീട്ടില്‍ എത്തിയതേയുള്ളൂ. ആ സന്ധ്യയ്ക്ക് വീടിന് മുന്നിലെ വരാന്തയില്‍ കത്തിച്ച നിലവിളക്ക് കൊണ്ടുവെച്ചു സുചിത്ര. എന്തുകൊണ്ട് വിളക്ക് വരാന്തയില്‍ കത്തിച്ചുവെക്കുന്നത് എന്ന് ചിന്തിച്ചു. ഒരുപക്ഷേ, പഴമയോടുള്ള ഗൃഹനാഥന്റെ ഇഷ്ടത്തിന്റെ പുറത്താകുമോ. ആ ചിന്ത അവര്‍ അറിഞ്ഞ് കാണുമോയെന്ന് അത്ഭുതപ്പെട്ടത് പോലെയാണ് അകത്ത് കയറിപ്പോള്‍ അവര്‍ തന്ന വിശദീകരണം.
‘മുകളിേലക്കുള്ള സ്റ്റെയര്‍കേസിന് കീഴിലാണ് പൂജാമുറി പണിഞ്ഞത്. അത് ദോഷമാണെന്ന് തോന്നിയത് കൊണ്ട് സന്ധ്യയ്ക്ക് നിലവിളക്ക് വരാന്തയിലാണ് കൊളുത്തിവെക്കുക’ – സുചിത്ര പറഞ്ഞു. ഏതൊരു വീട്ടമ്മയേയും പോലെ അവര്‍ സ്വീകരിച്ചിരുത്തിയത് ടി.വി. ഇരിക്കുന്ന ഭാഗത്തേക്കാണ്. അവിടെ അമ്മായിയമ്മയും മരുമകളും സീരിയില്‍ കാണുന്ന തിരക്കിലാണ്. അമ്മയ്ക്ക് കൂട്ടെന്ന പോലെ സുചിത്ര അവര്‍ക്കൊപ്പമിരുന്ന് സീരിയല്‍ കാണുന്നു. അതിനിടയില്‍ സഹായിയോട് പറഞ്ഞ് തണുത്ത നാരങ്ങാവെള്ളം തരുന്നു. അതും നമ്മുടെ ഇഷ്ടം ചോദിച്ചറിഞ്ഞിട്ട്…
ഇടയ്ക്ക് മക്കള്‍ അപ്പുവിനേയും മായയേയും താഴേയ്ക്ക് വിളിച്ച് പരിചയപ്പെടുത്തുന്നു. അതൊന്നും അവര്‍ ചെയ്യേണ്ടതില്ല, പ്രതീക്ഷിക്കുന്നുമില്ല. അവിടെയാണ് അവര്‍ എന്നത്തേയും പോലെ നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. താരമെത്തുമ്പോള്‍, അഭിമുഖത്തിനും ഫോട്ടോസെഷനുമായി ഭര്‍ത്താവിനെ വിട്ടുതരുന്നൂ, എന്ന ഭാവത്തില്‍ അവര്‍ ടി.വി കാഴ്ചയിലേക്ക്. അദ്ദേഹവുമായുള്ള അന്നത്തെ അഭിമുഖത്തിലും സുചിത്രയെക്കുറിച്ച് അദ്ദേഹം പറഞ്ഞു, പലവട്ടം…
താങ്കളുടെ ഭാര്യയടക്കം എല്ലാ സ്ത്രീകളും അധിക അധ്വാനം ചെയ്യുന്നവരാണെന്ന് തോന്നുന്നുവോ?
‘അത് സ്ത്രീയുടെ രസതന്ത്രത്തിന്റെ മിടുക്കാണ്. വളരെ ഉയര്‍ന്ന തലത്തിലാണ് സ്ത്രീയുടെ കാഴ്ചയും ചിന്തയും കേള്‍വിയും പ്രവര്‍ത്തനരീതിയും. പണ്ട് പുരുഷന് നായാട്ടിന് പോകും. സ്ത്രീയാണ് വന്യമൃഗങ്ങളില്‍ നിന്ന് മക്കളെ പരിപാലിക്കുക. എപ്പോഴും അപകടങ്ങളെ കാതോര്‍ത്ത് കണ്ണ് തുറന്നുവെച്ചാണ് ജീവിക്കുക. നായാട്ടിന് പോയിരുന്ന പുരുഷന്റെ കാഴ്ച സിലന്ഡ്രിക്കലാണ്. മൃഗത്തിനെ മാത്രം ഉന്നംവെച്ചുള്ള കാഴ്ച. ഇന്നും സ്ത്രീക്ക് ആ കാഴ്ചയുണ്ട്. 20 അടി അകലെ നിന്നാലും ഭര്‍ത്താവിന്റെ കോട്ടില്‍ ഒരു മുടിയുണ്ടെങ്കില്‍ അത് കണ്ടുപിടിക്കും. എന്റെ കാര്യത്തിലും ഇതാണ് അവസ്ഥ.
സിനിമാഭിനയമല്ലാതെ മറ്റൊന്നും അറിയില്ല. ബാങ്കില്‍ പോകണമെന്ന് പറഞ്ഞാല്‍ പറ്റില്ല. ചിലപ്പോള്‍ എന്തെങ്കിലും നോക്കിയാല്‍ കാണില്ല. അപ്പോള്‍ സുചി പെട്ടെന്നു ചോദിക്കും, ‘ദാ ഇരിക്കുന്നത് കണ്ടില്ലേ, എന്ന്. ഒരു സമയം ഒരു കാര്യം മാത്രമേ എനിക്ക് ചെയ്യാന്‍ പറ്റൂ. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നാല്‍ ഞാനാദ്യം ശബ്ദം കുറയ്ക്കും. എന്നിട്ട് മക്കളോട് പറയും, ‘മിണ്ടാതിരിക്ക്, അച്ഛന് ഫോണ്‍ ചെയ്യുകയാണ് എന്ന്’. അതേസമയം, സ്ത്രീകള്‍ മിക്സിയില്‍ അരച്ചുകൊണ്ടിരിക്കുന്ന സമയത്ത് ടിവി കാണും. എന്തിന്, ഫോണിലും സംസാരിക്കും,’ മോഹന്‍ലാല്‍ പറയുന്നു.
ഭാര്യയുമായി വഴക്കിടാറുണ്ടോ?
‘പിണക്കങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ ഞാന്‍ കീഴടങ്ങിക്കൊടുക്കും. വഴക്കിനെ വലുതാക്കാന്‍ എനിക്കിഷ്ടമല്ല. നിങ്ങള്‍ ചെയ്യുന്ന കാര്യം ശരിയല്ലെന്ന് പറയുമ്പോഴല്ലേ ദേഷ്യവും വഴക്കും ഉണ്ടാവുക. അത്തരം അവസരം ഞാനുണ്ടാക്കില്ല…’
ജീവിതത്തിലും റൊമാന്റിക്കാണോ…! ‘ഐ ലവ് യൂ’ എന്നൊക്കെ പറഞ്ഞ്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘ഞാനെന്റെ ഭാര്യയോട് ഇന്നേവരെ ‘ഐ ലവ് യൂ’ എന്ന് പറഞ്ഞിട്ടില്ല. സംശയം തോന്നുമ്പോള്‍ വീണ്ടും ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ് ഈ വാക്ക് ഉപയോഗിക്കുന്നത്..’
പ്രണയത്തെക്കുറിച്ച് ഇതില്‍ കൂടുതലൊന്നും സുചിത്രയും എങ്ങും പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു. പക്ഷേ വിവാഹത്തിന് മുമ്പ് താരത്തെ തേടിപ്പിടിച്ച് ദിനവും അഞ്ച് കാര്‍ഡുകള്‍ വരെ അയച്ച് മൗനമായി സ്നേഹം അറിയിച്ച ഒരു പ്രണയകാലം ഉണ്ടായിരുന്നു സുചിക്ക്. അതില്‍ എവിടേയും സുചിത്രയെന്ന് എഴുതിയില്ല, പ്രണയം പ്രണയത്തെ തിരിച്ചറിഞ്ഞു… താരം ആ പ്രണയ കാര്‍ഡുകള്‍ ആരുടേതെന്ന് തിരിച്ചറിഞ്ഞു. ഇന്ന് ചെന്നൈയിലെ വീട്ടില്‍ സുചിത്രയുടെ ക്രാഫ്ട് റൂമിലും സ്വയം രൂപകല്പന ചെയ്ത നിറയെ കാര്‍ഡുകള്‍.
നമ്മള് സ്നേഹിക്കുന്നവര്‍ക്ക് ഹൃദയമറിഞ്ഞ് ചിത്രങ്ങളും വാക്കുകളും കൈമാറാനുള്ള ഇഷ്ടത്തിന് രൂപം കൊടുത്ത കാര്‍ഡുകള്‍. അതില്‍ മകനും മകള്‍ക്കും സ്നേഹിക്കപ്പെടുന്ന എല്ലാവര്‍ക്കുമായി നല്‍കാനുള്ള കാര്‍ഡുകള്‍… അത് ആ സ്നേഹമുള്ള ഹൃദയം എഴുതി വരച്ചുണ്ടാക്കുന്നതാണ്. അതില്‍ നിറയെ ലാളിത്യമുള്ള ചിത്രങ്ങളും വാക്കുകളുമാകും.. ഉറപ്പ്. കാരണം അതിന് പിന്നില്‍ സുചിത്ര മോഹന്‍ലാല്‍ എന്ന ലാളിത്യമുണ്ട്.