തൃശൂര്‍ പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തില്‍ ശനിയാഴ്ച നടന്ന ‘താരങ്ങള്‍ ഇല്ലാതെയും തിളങ്ങുന്ന മലയാള സിനിമ’ എന്ന സെഷന് യുവ സംവിധായകരായ ആനന്ദ് ഏകര്ഷിയുടേയും അഖില്‍ സത്യന്റേയും സാന്നിധ്യം കൊണ്ട് സമ്പന്നമായി. 200 കോടി ക്ലബില്‍ കയറിയ ആദ്യ മലയാള സിനിമ ഏതെന്ന, അവതാരക ദീപ രാഹുല്‍ ഈശ്വറിന്റെ ചോദ്യത്തോടെയായിരുന്നു സെഷന്റെ തുടക്കം. തിങ്ങിനിറഞ്ഞ സദസ് ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന് വിളിച്ചുകൂവി. അങ്ങനെ, വേദിയിലും സദസിലുമുള്ളവര്‍ നല്ല ഒരു ചര്‍ച്ചയ്ക്ക് തയ്യാറായി. സിനിമകളാണ് ഇക്കാലത്ത് താരം എന്ന ആമുഖത്തോടെയാണ് ആനന്ദും അഖിലും സംസാരമാരംഭിച്ചത്.
ആറില്‍ താഴെ താരങ്ങളാണ് നമുക്കുള്ളതെന്നും അവരെ കാത്ത് നൂറ്-നൂറ്റമ്പത് സിനികളാണ് നിര്‍മിക്കപ്പെടാന്‍ കാത്തിരിക്കുന്നതെന്നും അഖില്‍ സത്യന് പറഞ്ഞു. താരങ്ങളില്ലാത്ത സിനിമകള്‍ സംഭവിക്കുന്നതിന് അതും ഒരു കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു. അഭിനയമോഹവും സാമ്പത്തികബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന 11 നാടകപ്രവര്‍ത്തക സുഹൃത്തുക്കള്‍ക്കായി ‘ആട്ടം’ എന്ന സിനിമ എഴുതി അത് ദേശീയ അവാര്‍ഡുവരെ എത്തിയ കഥ ആനന്ദ് ഏകര്‍ഷിയും പറഞ്ഞു. താരങ്ങളില്ലാത്ത സിനിമകളെടുക്കാന്‍ വരുന്ന നിര്‍മാതാക്കളും ഈ പുതിയ ട്രെന്‍ഡില്‍ നിര്‍ണായകമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
തന്റെ പിതാവ് സത്യന് അന്തിക്കാട് മോഹന്‍ലാലിന്റെ കൂടെ ബസ്സില്‍ യാത്ര ചെയ്തുപോയും ഒരേ കട്ടിലില്‍ ഉറങ്ങിയുമൊക്കെ ആദ്യകാല സിനിമകള്‍ ചെയ്തു. പിന്നീട് മോഹന്‍ലാല്‍ തിരക്കുള്ള താരമായപ്പോള്‍ അദ്ദേഹത്തെ അക്കാലത്ത് അധികം ശല്യം ചെയ്യേണ്ടെന്നു കരുതി അച്ഛനും ശ്രീനിയങ്കിളും കൂടി സൃഷ്ടിച്ച സിനിമകളാണ് പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി, സന്ദേശം സസ്നേഹം തുടങ്ങിയവയെന്ന് അഖില്‍ പറഞ്ഞു. അത് ചെയ്യാന്‍ അക്കാലത്ത് നല്ല നിര്‍മാതാക്കളേയും കിട്ടി. ഇത് മലയാളത്തിലെ മാത്രം ട്രെന്ഡല്ലെന്ന് ആനന്ദ് പറഞ്ഞു.
വലിയ തയ്യാറെടുപ്പുകളാണ് ആട്ടത്തിന് വേണ്ടി നടത്തിയത്. ഒരു സീന്‍ പ്രൊഫഷണലായി ഷൂട്ടുചെയ്ത് കാണിച്ചാണ് നിര്‍മാതാക്കളെ തേടിയത്. രണ്ടാമത് കാണിച്ച ഡോ. അജിത് ജോയ് തന്നെ ചിത്രം നിര്‍മിച്ചുവെന്നും ആനന്ദ് പറഞ്ഞു. ഒടിടിയില്‍ കണ്ടാലറിയാം ലോകമെങ്ങും നിന്ന്, വിശേഷിച്ചും യുകെയില്‍ നിന്നും മറ്റുമുള്ള താരങ്ങളില്ലാത്ത മികച്ച ‘ഇന്‍ഡി’ സിനിമകള്‍ ഉണ്ടാവുന്നുണ്ട്. ഒരു ചിത്രത്തില്‍ നന്നായി അഭിനയിക്കാന്‍ ആര്‍ക്കും സാധിക്കും. തുടര്‍ച്ചയായി വ്യത്യസ്തത നിലനിര്‍ത്തുക എന്നതാണ് വെല്ലുവിളി. ജിമ്മില്‍ പോയാല്‍ ഹോംവര്ക്കായെന്നാണ് പല പുതിയ അഭിനേതാക്കളുടേയും ധാരണം. ചാന്‍സ് ചോദിക്കലല്ല അധ്വാനം, ആനന്ദ് കൂട്ടിച്ചേര്‍ത്തു.
21 ദിവസം കൊണ്ടാണ് സത്യന് അന്തിക്കാട് വരവേല്‍പ്പ് പൂര്‍ത്തിയാക്കിയതെന്ന് അഖില്‍ പറഞ്ഞു. ഇന്ന് സാങ്കേതികവിദ്യകള്‍ അധികമായപ്പോള്‍ നിര്‍മാണസമയം അറുപതും നൂറും ദിവസമായി. നിര്‍മാണച്ചെലവ് കുറയ്ക്കാനും ശ്രദ്ധ വേണം. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ വിമാനത്താവള സീനെല്ലാം അങ്ങനെ എടുത്തതാണ്. അഹല്യ ആശുപത്രിയുടെ റിസപ്ഷനായിരുന്നു ലൊക്കേഷന്‍. അങ്ങനെ ലക്ഷങ്ങളാണ് ലാഭിച്ചത്. എട്ട് വയസ്സുള്ള കുട്ടികള്‍ക്ക് ആസ്വദിക്കാവുന്ന സിനിമകള്‍ നിര്‍മിച്ചാലേ ഒടിടിയുടെ കാലത്ത് ബീഹാറിലുള്ളവര്ക്കും ആസ്വദിക്കാനാവൂ എന്ന് ഒരു പ്രേക്ഷക തന്നോട് പറഞ്ഞതും അഖില്‍ ഓര്‍മിച്ചു.
കോമഡി സിനിമകള്‍ ഉണ്ടാകാത്തത് ജീവിതത്തില്‍ കോമഡി ഇല്ലാതായതുകൊണ്ടുകൂടിയാണ് എന്നും, നര്‍മം എഴുതാനാണ് ഏറെ ബുദ്ധിമുട്ടെന്നും ഇന്നസെന്റിന്റെയെല്ലാം കാലം ഓര്‍മിച്ച് ഇരുവരും പറഞ്ഞു. അതേസമയം താരങ്ങളെ വെച്ച് സിനിമ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്ന് ആനന്ദ് പറഞ്ഞു. മലയാളത്തിലാകുമ്പോള്‍ അഭിനയപ്രാവീണ്യമുള്ള താരങ്ങളാണ് താനും. എന്നാല്‍ പുതിയ തലമുറയില്‍ അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ചെത്തുന്ന പലരും മലയാളത്തില്‍ ഒരു വാക്യം മുഴുവന്‍ തെറ്റാതെ പറയാന്‍ പോലും സാധിക്കാത്തവരാണ്. ജിമ്മില്‍ പോയാല്‍ ഹോംവര്‍ക്കായി എന്നാണ് ഇവരുടെ ധാരണ. ചാന്‍സ് ചോദിച്ചു നടക്കുന്നതിലെ അധ്വാനമല്ല സിനിമയ്ക്ക് ആവശ്യമെന്നും ആനന്ദ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]