അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തുപോയ ഭാരവാഹികൾ തിരിച്ചെത്തണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എം.പി. ആറുമാസം മുമ്പ് ഹൃദയം കൊണ്ട് വോട്ട് ചാർത്തി ജയിപ്പിച്ചെടുത്ത സംഘം വെറുംവാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാൻ കാണുന്നുള്ളൂ. ആ സംഘം തിരികെയെത്തി സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണമെന്നും ഇത് അപേക്ഷയല്ല ആജ്ഞയാണെന്നും സുരേഷ് ഗോപി എം.പി. പറഞ്ഞു. അമ്മ സംഘടനയുടെ കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിയുടെ വാക്കുകൾ;
1994-ൽ അമ്മ എന്ന സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ അടുക്കും ചിട്ടയോടും കൂടി തുടങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഇതുപോലൊരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് മധു സാർ നയിക്കുന്ന അമ്മയായിട്ടാണ് തുടങ്ങുന്നത്. ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മ ആയാണ് തുടർന്നിങ്ങോട്ട് വന്നിട്ടുള്ളത്. 94 മുതലുള്ള പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തിന്റെ ഹൃദയത്തിൽ നാട്ടാൻ കഴിഞ്ഞ ഒരു വെന്നിക്കൊടി ഉണ്ട്. അത് പാറിപ്പറക്കുന്നതിൽ പലർക്കും, എന്നു പറയുമ്പോൾ ഞാനും എന്റേതായ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഈ സംഘത്തിൽ നിന്ന് ഒന്ന് മാറി നിന്നു എന്നേ ഉള്ളൂ. മാറി വ്യതിചലിച്ചിട്ടില്ല. സംഘടനയ്ക്കെതിരായിട്ട് ഒരക്ഷരം, വൈകാരികമായിപ്പോലും ഉരിയാടിയിട്ടില്ല. സംഘടനയുടെ അന്തസ്സ് തകരുന്ന തരത്തിൽ വിഷയങ്ങളൊക്കെ ഓരോ കാലത്തും ഉണ്ടായപ്പോഴും പിന്തുണനൽകുന്ന രീതിയിൽ പുറത്തുനിന്ന് വർത്തിച്ചിരുന്ന ഒരു അംഗമായിരുന്നു ഞാൻ. അതാണെന്റെ ഏറ്റവും വലിയ പെരുമയായിട്ട് ഞാൻ കരുതുന്നത്.
എനിക്ക് മുമ്പ് മോഹൻലാൽ ഇവിടെ വന്ന് സംസാരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന്റെ കാരണം മോഹൻലാൽ എന്തെങ്കിലും വാഗ്ധാനം തരുമെന്ന് ഞാൻ മോഹിച്ചു പോയി. അത് അതിമോഹമാണ് മോനെ എന്ന സിനിമ ഡയലോഗിൽ ഒതുക്കിക്കളയരുത്. ആറുമാസം മുമ്പ് ഹൃദയം കൊണ്ട് വോട്ടു ചാർത്തി ജയിപ്പിച്ചെടുത്ത ഒരു സംഘം ഇവിടെ നിന്ന് ഒരു വെറുംവാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാൻ കാണുന്നുള്ളൂ. ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കാൻ, ഒരു പക്ഷെ ഒരു ലോകത്തെ പുതുതായി നമ്മുടെ വീഴ്ചയിൽ നമുക്ക് പരിചയപ്പെടുത്തിത്തന്നെങ്കിൽ ആ ലോകത്തോട് മറുപടി പറയാനുള്ള ഒത്തുചേരലായി നിങ്ങളെല്ലാവരും തിരിച്ച് ഇവിടെ വന്ന് ഈ സംഘത്തെ നയിക്കണം, ഇത് ഒരു അപേക്ഷയല്ല, ആഞ്ജയായിത്തന്നെ എടുക്കണം. എല്ലാവർക്കും വേണ്ടിയാണ് പറയുന്നത്.
കേരളപ്പിറവി ദിനത്തിൽ ഞാൻ പ്രസംഗിച്ചത് തന്നെ; ഇവിടെ നിന്ന് ഞങ്ങൾ ഇറങ്ങിപ്പോകുകയാണ്, ഇനി ആരെങ്കിലും നോക്കിക്കോ എന്ന് പറഞ്ഞ് ഇറങ്ങിപ്പോയവന്മാരെ കുത്തിന് പിടിച്ച് ഇവിടെ കൊണ്ടുവന്ന് ഇരുത്തി ഇതിന്റെ ഭരണം തിരിച്ചേൽപ്പിക്കണമെന്നാണ്. അത് ആവർത്തിക്കുന്നില്ല. അതിനുള്ള രംഗം സജ്ജമായിരിക്കുന്നു.
ഒരപേക്ഷയുണ്ട്. അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് മുരളിയാണ്. അത് അങ്ങനെത്തന്നെയാണ് ഉച്ചരിക്കേണ്ടത്. പുറത്തുള്ള മുതലാളിമാർ പറയുന്നത് അനുസരിക്കില്ല. എ.എം.എം.എ. അത് അവമ്മാരുടെ വീട്ടിൽ കൊണ്ടു വെച്ചാൽ മതി. ഞങ്ങൾക്ക് അമ്മയാണ്- കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]