ഇന്ത്യന്‍ സിനിമയിലെ പുത്തന്‍ താരോദയങ്ങളില്‍ ശ്രദ്ധേയനാണ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന്. 2024 ജൂണില്‍ റിലീസായ മഹാരാജ എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് സിനിമാ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ആമിര്‍ ഖാന്റെ തന്നെ പി.കെ. എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ജുനൈദ് നിരവധി നാടകങ്ങളുടെയും ഭാഗമായിട്ടുണ്ട്. ആമിര്‍ഖാന്റെ ആദ്യവിവാഹത്തിലെ മകനാണ് ജുനൈദ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വിക്കി ലാല്‍വാനിക്ക് നല്കിയ അഭിമുഖത്തിലൂടെ ആദ്യമായി അമ്മയുടെയും അച്ഛന്റെയും വേര്‍പിരിയലിനെ കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് ജുനൈദ്.
തന്റെ 19 വയസുവരെയും അമ്മയും അച്ഛനും വഴക്കിടുന്നത് കണ്ടിട്ടില്ലെന്നും അവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന ചിന്ത തനിക്കും സഹോദരിക്കും ഉണ്ടാകാതിരിക്കാന്‍ ഇരുവരും പ്രത്യേകം കരുതല്‍ എടുത്തിരുന്നതായും ജുനൈദ് പറയുന്നു. ‘എനിക്ക് എട്ട് വയസുള്ളപ്പോഴാണ് അമ്മയും അച്ഛനും വേര്‍പിരിയുന്നത്. അവര്‍ ഒരുമിച്ചല്ല എന്ന ചിന്ത ഞങ്ങള്‍ക്ക് ഉണ്ടാവാന്‍ ഇരുവരും ഒരിക്കലും ഇടയാക്കിയിട്ടില്ല. എനിക്ക് 19 വയസാകുന്നതുവരെ അവര്‍ പരസ്പരം വഴക്കിടുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല. നല്ല രണ്ട് മനുഷ്യര്‍ക്ക് ചിലപ്പോള്‍ പരസ്പരം നന്നായിരിക്കാന്‍ കഴിയില്ലായിരിക്കാം,’ ജുനൈദ് പറയുന്നു.
‘അമ്മയും അച്ഛനും പരസ്പരം വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നതോ വഴക്കിടുന്നതോ ഞങ്ങള്‍ കണ്ടിട്ടില്ല. എനിക്ക് 19 വയസുള്ളപ്പോഴാണ് അവര്‍ വഴക്കിടുന്നത് ഞാന്‍ ആദ്യമായി കാണുന്നത്. പക്വതയോടെയാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. പരസ്പരം പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും തീരുമാനങ്ങള്‍ എടുക്കുമ്പോഴെല്ലാം അവര്‍ ഒറ്റക്കെട്ടായിരുന്നു. ഏറ്റവും പക്വമായ തീരുമാനമാണ് അവര്‍ കൈക്കൊണ്ടത്. അതുകൊണ്ടായിരിക്കാം, ഒരുപക്ഷേ അവര്‍ രണ്ടുപേരും സന്തോഷമായിരിക്കുന്ന ഒരു കുട്ടിക്കാലം എനിക്ക് കിട്ടിയത്,’ ജുനൈദ് കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ കുറച്ചുവര്‍ഷങ്ങളായി എല്ലാ ചൊവ്വാഴ്ച വൈകുന്നേരവും കുടുംബത്തിന് വേണ്ടിയുള്ള സമയമാണ്. അപ്പോള്‍ ഞാനും അമ്മയും അച്ഛനും സഹോദരി ഐറയും ഒന്നിച്ചുണ്ടാവാറുണ്ട്,’ ജുനൈദ് പറയുന്നു. 1986-ലാണ് ആമിറും റീനയും വിവാഹിതരാകുന്നത്. 2002-ല്‍ അവര്‍ വേര്‍പിരിഞ്ഞു. ജുനൈദിനെ കൂടാതെ ഒരു മകളും ഇരുവര്‍ക്കും ഈ ബന്ധത്തിലുണ്ട്. ഐറാ ഖാന് എന്നാണ് ജുനൈദിന്റെ സഹോദരിയുടെ പേര്. അദ്വൈത് ചന്ദന്റെ സംവിധാനത്തില്‍ ‘ലവ്യപാ’ എന്ന ചിത്രമാണ് ജുനൈദിന്റേതായി അടുത്ത് റിലീസിനൊരുങ്ങുന്നത്. ഫെബ്രുവരി ഏഴിന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ ശ്രീദേവിയുടെ ഇളയമകള്‍ ഖുഷി കപൂരാണ് നായിക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]