ഉണ്ണി മുകുന്ദന്റെ പാന്‍ ഇന്ത്യന്‍ ഹിറ്റ് ചിത്രം മാര്‍ക്കോയെ അഭിനന്ദിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ താരം ബാബു ആന്റണി. ‘മാര്‍ക്കോ’ അതിരുകള്‍ ഭേദിച്ച് മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്ന് ബാബു ആന്റണി പറഞ്ഞു. തന്റെ സിനിമകളൊന്നും രക്തരൂക്ഷിതമായിരുന്നില്ല. പൂര്‍ണമായും ആക്ഷന്‍ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു. സിനിമകളിലെ അനാവശ്യമായ ബലാത്സംഗങ്ങള്‍, സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം എന്നിവയ്ക്കെതിരേ എന്നിവയ്ക്കെതിരെ ആദ്യം സംസാരിച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു താനെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ സിനിമ ചെയ്യുക എന്നത് എല്ലാക്കാലത്തേയും സ്വപ്നമായിരുന്നുവെന്നും ഈ വര്‍ഷം ഒരു സിനിമയില്‍ നായകനായോ സഹനായകനായോ അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബു ആന്റണിയുടെ കുറിപ്പ്
മാര്‍ക്കോ ടീമിന് അഭിനന്ദനങ്ങള്‍. മലയാളം ആക്ഷന്‍ സിനിമ ‘മാര്‍ക്കോ’ അതിരുകള്‍ ഭേദിച്ച് മുന്നേറുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ഞാന്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്ന് വ്യക്തമാക്കട്ടെ. എന്റെ സിനിമകളൊന്നും രക്തരൂക്ഷിതമായിരുന്നില്ല, പൂര്‍ണമായും ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സിനിമകളിലെ അനാവശ്യമായ ബലാത്സംഗങ്ങള്‍, സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം എന്നിവയ്ക്കെതിരേ എന്നിവയ്ക്കെതിരെ ആദ്യം സംസാരിച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു ഞാന്‍.
‘മാര്‍ക്കോ’ ഒരു വൈലന്റ് ചിത്രമാണെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിക്കുകയും സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്കുകും ചെയ്തിരുന്നു. അതിനാല്‍ തന്നെ പ്രേക്ഷകര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള അവസരമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പരാതികള്‍ക്ക് ഇടമില്ലെന്നും ഞാന്‍ കരുതുന്നു. ചിത്രത്തിലെ വൈലന്സിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടാകാം. പക്ഷേ, ഉണ്ണിയുടെ പ്രകടനത്തെക്കുറിച്ചോ സിനിമയുടെ മേക്കിങ്ങിനെക്കുറിച്ചോ ഒരു പരാതിയും ഞാന്‍ കേട്ടില്ല. ‘മാര്‍ക്കോ’ അതിരുകള്‍ ഭേദിച്ച് മുന്നേറുന്നതില്‍ ഉണ്ണി മുകുന്ദനും സംവിധായകന് ഹനീഫ് അദേനിക്കും അഭിനന്ദനങ്ങള്‍. 2025-ല്‍ മലയാള സിനിമകള്‍ക്ക് മികച്ച തുടക്കം തന്നെയാകട്ടെ.
പാന്‍ ഇന്ത്യന്‍ സങ്കല്‍പ്പമോ, സോഷ്യല്‍ മീഡിയ ഇത്രയും വലിയ വളര്‍ച്ചയോ നേടാതിരുന്ന കാലത്ത് എന്റെ ഒരു സിനിമ അതിര്‍ത്തികള്‍ ഭേദിച്ച് പുറത്തുപോയിരുന്നു. അത് പക്ഷേ റീമേയ്ക്കുകളായായിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത ‘പൂവിനു പുതിയ പൂന്തെന്നല്‍’. അത് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹള തുടങ്ങിയ ഭാഷകളില്‍ റീമേക്ക് ചെയ്തു. അഞ്ച് ഭാഷാ ചിത്രങ്ങളും ഹിറ്റാകുകയും അത് ഒരു കള്‍ട്ട് സിനിമയായി മാറുകയും ചെയ്തു. അതില്‍ വില്ലന്‍ വേഷം ചെയ്ത എനിക്ക് എല്ലാ ഭാഷകളിലും അതേ വേഷം ചെയ്യാന്‍ അവസരം ലഭിക്കുകയും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വില്ലന്മാരില് ഒരാളായി മാറുകയും ചെയ്തു.
ഒരു ബിഗ് ബജറ്റ് ആക്ഷന്‍ സിനിമ ചെയ്യുക എന്നത് എന്റെ എല്ലാക്കാലത്തേയും സ്വപ്നമായിരുന്നു. അത് ഉടന്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ സിനിമയ്ക്ക് സ്കോപ്പുണ്ടെന്ന് മാര്‍ക്കോ തെളിയിച്ചിരിക്കുന്നു. ബാഹുബലി, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളും അത് തെളിയിച്ചിട്ടുണ്ട്.
എന്റെ എല്ലാ ആക്ഷന്‍ ചിത്രങ്ങളും വളരെ കുറഞ്ഞ ബജറ്റിലാണ് നിര്‍മിച്ചത്. സാങ്കേതിക പിന്തുണയോ സുരക്ഷാ ഉപകരണങ്ങളോ ഒന്നിമില്ലാതെ ശരാശരി ആറ് മണിക്കൂര്‍ കൊണ്ടാണ് ആക്ഷന്‍ സീക്വന്‍സ് ചെയ്തിരുന്നത്. പക്ഷേ, തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയങ്കരനായി മാറിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഒപ്പം ആയോധനകലകള്‍ പഠിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ജിമ്മുകളില്‍ ചേരാനും പലരെയും പ്രചോദിപ്പിക്കാനും കഴിഞ്ഞു.
ഉത്തമന്, ട്വെന്റി ട്വെന്റി, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ഗ്രാന്‍ഡ്മാസ്റ്റര്‍, ഇടുക്കി ഗോള്‍ഡ്, കാക്ക മുട്ടൈ, അടങ്ക മാറു, കായംകുളം കൊച്ചുണ്ണി, മദനോല്‍സവം, ആര്‍ഡിഎക്സ് തുടങ്ങിയ സിനിമകള്‍ അടുത്ത തലമുറയിലും എനിക്ക് മികച്ച അടിത്തറ നല്കി. നല്ലൊരു പ്രോജക്റ്റ് വരുമ്പോള്‍ കോളജ് വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്താതെ എന്റെ മകന് ആര്‍തറിനെയും സിനിയില്‍ അവതരിപ്പിക്കാന്‍ പ്ലാന്‍ ചെയ്യുകയാണ്. അഭിനയത്തിന്റെ വിവിധ മേഖലകളില്‍ അവന് കുറച്ച് വര്‍ഷങ്ങളായി പരിശീലനം നേടുന്നുണ്ട്.
2025-ല്‍ എനിക്ക് ഒരു മികച്ച ബജറ്റ് സിനിമയില്‍ നായകനായോ സഹനായകനായോ അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാഷ ഒരു തടസ്സമല്ലാത്തതിനാല്‍ പാന്‍ വേള്‍ഡ് സിനിമകളും ആശയങ്ങളും നമുക്ക് ഏറ്റെടുക്കാന്‍ കഴിയും. കുടുംബത്തോടൊപ്പം സ്പെയിനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഞാന്‍. ജനുവരി പകുതിയോടെ തമിഴ് സിനിമയായ സര്‍ദാര്‍ 2, മറ്റ് തമിഴ് സിനിമകള്‍, മലയാളം സിനിമകള്‍, മറ്റു ഭാഷാ സിനിമകള്‍ എന്നിവയുടെ ഭാഗമാകും. നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നല്ലൊരു 2025 ആശംസിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]