
കോഴിക്കോട് ചെറൂട്ടി റോഡിലെ എം എസ് എസ് ഹോസ്റ്റലിന്റെ പടികയറിവരുന്ന ആജാനുബാഹുവായ ചെറുപ്പക്കാരനാണ് ഓർമ്മയിലെ കീരിക്കാടൻ ജോസ്. മുപ്പത്താറു വർഷങ്ങൾക്കിപ്പുറവും കണ്മുന്നിൽ നിന്ന് മായാത്ത രൂപം.
സുഹൃത്തും മാതൃഭൂമിയിൽ പത്രപ്രവർത്തകനുമായിരുന്ന എബ്രഹാം മാത്യു അയച്ചതായിരുന്നു അഭിനയമോഹിയായ യുവാവിനെ. പേര് മോഹൻരാജ്. കോഴിക്കോട്ട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ. നളന്ദ ടൂറിസ്റ്റ് ഹോമിൽ എബ്രഹാമിന്റെ അയൽവാസി. സിനിമാഭ്രമം അത്യാവശ്യമുണ്ട്. ഒന്നുരണ്ടു പടങ്ങളിൽ ചെറുവേഷങ്ങളിൽ വന്നെങ്കിലും നല്ലൊരു ബ്രേക്കിനായുള്ള കാത്തിരിപ്പിലാണ് കക്ഷി. ലോഹിതദാസ്–സിബി മലയിൽ സഖ്യത്തിന്റെ “കിരീട”ത്തിൽ ചെന്ന് നിൽക്കുന്നു ആ കാത്തിരിപ്പ്.
“കിരീട”ത്തിലെ കീരിക്കാടന്റെ വേഷം അഭിനയിച്ചു തീർത്ത ശേഷം അവധി അവസാനിപ്പിച്ച് തലേ ദിവസം ഡ്യൂട്ടിയിൽ ചേർന്നിട്ടേയുള്ളൂ മോഹൻരാജ്. “കാഴ്ചയിലുള്ള പരുഷതയൊന്നും സ്വഭാവത്തിലില്ല.”- എബ്രഹാം പറഞ്ഞു. “ആളൽപ്പം ഷൈ ആണ്. സ്വയം മാർക്കറ്റ് ചെയ്യാനൊന്നും അറിയില്ല. ഒരു പത്രക്കാരനെയും പരിചയവുമില്ല. ഞാൻ ചിത്രഭൂമിയിൽ ഒരു കുറിപ്പ് കൊടുക്കാമെന്നു വെച്ചു. രവി ഫിലിം മാഗസിനിൽ എന്തെങ്കിലും കൊടുക്കണം. ഞാൻ ആളെ അങ്ങോട്ട് വിടാം..”
താമസിക്കുന്ന ഹോസ്റ്റലിന്റെ മൂന്നാം നിലയിലേക്ക് മോഹൻരാജ് പടികയറി വന്നത് അങ്ങനെയാണ്. ഹോസ്റ്റലിലെ റീഡിങ് റൂമിൽ പത്രം വായിച്ചുകൊണ്ടിരുന്ന സഹജീവികൾ ആറേകാൽ അടി ഉയരമുള്ള ആ രൂപം കണ്ട് അന്തംവിട്ടു. ആരും വിസ്മയത്തോടെ നോക്കിപ്പോകുമായിരുന്നു അന്നത്തെ മോഹൻരാജിനെ.
ഹോസ്റ്റൽ മുറിയിലെ സംഭാഷണത്തിൽ “കിരീട”ത്തിലെ വേഷം ചുരുങ്ങിയ വാക്കുകളിൽ വരച്ചുകാട്ടി മോഹൻരാജ്. കീരിക്കാടൻ ജോസ് എന്ന പേര് ജീവിതത്തിലാദ്യമായി കേട്ടത് അന്നാണ്. മറ്റേതോ നടനുവേണ്ടി കരുതിവെച്ചിരുന്ന റോൾ, അയാൾ സമയത്തിന് എത്തിച്ചേരാത്തതിനാൽ താരതമ്യേന പുതുമുഖമായ മോഹൻരാജിനെ തേടിയെത്തുകയായിരുന്നു. “ചെറിയൊരു റോൾ എന്നേ കരുതിയുള്ളൂ അഭിനയിച്ചു തുടങ്ങുമ്പോൾ. പോകെപ്പോകെ അതിന് പ്രാധാന്യം കൂടിവന്നു.” — മോഹൻരാജ് പറഞ്ഞു. “വളരെ ചലഞ്ചിംഗ് ആയ റോൾ ആയിരിക്കും എന്ന് ലോഹിസാർ പറഞ്ഞപ്പോൾ ചെറിയൊരു ഉൾക്കിടിലം. ഞാൻ കാരണം പടം മോശമാകരുതല്ലോ.” മോഹൻലാലുമായുള്ള കോമ്പിനേഷൻ സീനുകളിൽ ചെറുതായി ഒന്ന് പതറിയോ എന്നതായിരുന്നു അന്നത്തെ മോഹൻരാജിന്റെ ആശങ്ക.
“പടം ഹിറ്റാകാൻ പ്രാർത്ഥിക്കണം. ഭാഗ്യമുണ്ടെങ്കിൽ നമുക്കിനിയും കാണാം.” — യാത്ര പറയവേ മോഹൻരാജ് പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ഓർമ്മയിൽ. പുതിയ വില്ലനെ കുറിച്ചുള്ള കുറിപ്പ് അടുത്തയാഴ്ചത്തെ കലാകൗമുദി ഫിലിം മാഗസിനിൽ ഭംഗിയായിത്തന്നെ അടിച്ചു വന്നു. നന്ദി പറയാൻ വീണ്ടുമൊരിക്കൽ കൂടി എം എസ് എസ് ഹോസ്റ്റലിൽ വന്നുപോകുകയും ചെയ്തു മോഹൻരാജ്.
അതായിരുന്നു അവസാന കൂടിക്കാഴ്ച. മൂന്നര ദശകത്തിനിടെ പിന്നീടൊരിക്കലും നേരിട്ട് കണ്ടിട്ടില്ല അദ്ദേഹത്തെ. കണ്ടത് വെള്ളിത്തിരയിൽ മാത്രം. ഒരു മാസം കൂടി കഴിഞ്ഞു “കിരീടം” റിലീസാകുന്നു. സിനിമയും അതിലെ കഥാപാത്രങ്ങളും ചരിത്രമാകുന്നു. കീരിക്കാടൻ ജോസ് മലയാളസിനിമയിലെ എക്കാലത്തെയും ചർച്ച ചെയ്യപ്പെട്ട വില്ലന്മാരിലൊരാളായി മാറുന്നു. പിന്നീടങ്ങോട്ട് തിരക്കിന്റെ കാലമായിരുന്നു മോഹൻരാജിന്. മലയാളം കടന്ന് തമിഴിലേക്കും തെലുങ്കിലേക്കും വ്യാപിച്ച പ്രശസ്തി.
എങ്കിലും മോഹൻരാജിന്റെ മാസ്റ്റർപീസ് “കിരീടം: തന്നെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കീരിക്കാടനെപ്പോലെ ശക്തനായ ഒരു എതിരാളി ഇല്ലായിരുന്നെങ്കിൽ കിരീടത്തിലെ മോഹൻലാലിന്റെയും തിലകന്റെയുമൊക്കെ കഥാപാത്രങ്ങളെ നാം ഇത്രകണ്ട് സ്നേഹിക്കുമായിരുന്നോ?
മോഹൻരാജിന് ആദരാഞ്ജലികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]