പോലീസ് കഥ എന്നുകേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. ആരെയും കൂസാത്ത ധീരനായ പോലീസ് ഓഫീസര്‍. അയാള്‍ക്ക് ഇടിക്കാനും പറപ്പിക്കാനും പാകത്തിന് ആക്രോശിച്ചുകൊണ്ട് എതിരിടുന്ന വില്ലന്മാര്. ഇതൊന്നും അല്ലെങ്കില്‍ ഒരു കുറ്റകൃത്യവും അതിനു പിന്നാലെയുള്ള അന്വേഷണവും. വിജയിക്കുന്ന നായകനും. ഈ പതിവുരീതികളില്‍നിന്ന് വഴിമാറിനടന്ന ചിത്രമായിരുന്നു ‘കണ്ണൂര്‍ സ്ക്വാഡ്’. ഒരു പറ്റം പോലീസുകാരുടെ ഒത്തൊരുമയുടേയും വാശിയുടേയും നിരന്തരശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റേയുമെല്ലാം കഥ.
ഒരു സീനിയര്‍ ഓഫീസറുടെ കീഴില്‍ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന കുറ്റാന്വേഷണവും മറ്റും പല തവണ മലയാളികള്‍ വിവിധ ഭാഷകളിലായി കണ്ടുകഴിഞ്ഞതാണ്. ഇവിടെയാണ് ‘കണ്ണൂര്‍ സ്ക്വാഡ്’ വ്യത്യസ്തമാവുന്നതും. ഒന്നിലേറെ സംഭവങ്ങളിലേക്കാണ് ചിത്രം രസച്ചരട് പൊട്ടാതെ പ്രേക്ഷകനെ ഒരു വെളുത്ത പോലീസ് വാഹനത്തിലൂടെ കൂട്ടിക്കൊണ്ടുപോവുന്നത്. പ്രധാന കഥയ്ക്കൊപ്പം കണ്ണൂര്‍ സ്ക്വാഡിലെ സംഘാംഗങ്ങളുടേയും ജീവിതമെന്താണെന്നും ഏത് സാഹചര്യത്തില്‍നിന്നാണ് അവര്‍ വരുന്നതെന്നും പോലീസ് സംവിധാനത്തിന്റെ ഭാഗമായിരിക്കേ തന്നെ ആ സിസ്റ്റം അവര്‍ക്കെന്താണ് നല്‍കുന്നതെന്നും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു പോലീസ് കഥ എന്നതിലുപരി പോലീസ് സംവിധാനത്തിനകത്തെ രാഷ്ട്രീയം പറയുന്ന ചിത്രം എന്ന തലത്തിലേക്ക് ‘കണ്ണൂര്‍ സ്ക്വാഡ്’ ഉയരുന്നത് ഇവിടെയാണ്. മാത്രമല്ല, ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയതിനാലായിരിക്കാം വലിയ പരസ്യമോ പ്രചരണങ്ങളോ ഇല്ലാതെയെത്തിയ ഈ ചിത്രം ജനഹൃദയങ്ങളെ ഇത്രമേല്‍ കീഴ്പ്പെടുത്തിയത്.
യഥാര്‍ഥ കണ്ണൂര്‍ സ്ക്വാഡിന്റെ കഥ
2007 മുതല്‍ 2017 വരെ ഒരു പതിറ്റാണ്ടുകള്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രതികളെ അതിസാഹസികമായി പിടികൂടിയ അന്വേഷണ സംഘമാണ് കണ്ണൂര്‍ സ്ക്വാഡ്. അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ബേബി ജോര്‍ജിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി. വിനോദ് കുമാര്‍, കെ. മനോജ് കുമാര്‍, റാഫി മുഹമ്മദ്, സി.കെ. രാജശേഖരന്, സി. സുനില്‍കുമാര്‍, റെജി സ്കറിയ, കെ. ജയരാജന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
2013 ആഗസ്റ്റ് നാലിന് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ വ്യവസായി അബ്ദുള്‍ സലാം ഹാജിയുടെ വീട്ടില്‍ അതിദാരുണമായ സംഭവം അരങ്ങേറുന്നു. രാത്രി 11 മണിയോടെ ഹാജിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഒരു സംഘം സലാം ഹാജിയെയും കുടുംബത്തെയും ആക്രമിച്ച് ബന്ധനസ്ഥരാക്കി കൊള്ള ആരംഭിക്കുന്നു. വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും കൈക്കലാക്കിയിട്ടും അക്രമികള്‍ തൃപ്തരല്ലായിരുന്നു. ഏറെ ശ്രമിച്ചിട്ടും കൂടുതല്‍ പണം ലഭിക്കില്ലെന്ന് മനസ്സിലായപ്പോള്‍ സലാം ഹാജിയെ കൊലപ്പെടുത്തി സംഘം രക്ഷപ്പെട്ടുന്നു.
സലാം ഹാജിയുടെ വീട്ടില്‍ സിസിടിവിയും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍, അവയെല്ലാം പ്രവര്‍ത്തനരഹിതമാക്കിയാണ് അക്രമികള്‍ പദ്ധതി നടപ്പാക്കിയത്. സലാം ഹാജിയുടെ കൊലപാതകം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രതികളില്‍ ഒരാള്‍ അവശേഷിപ്പിച്ച തെളിവില്‍നിന്ന് ലഭിച്ച ഡി.എന്‍.എ. സാമ്പിളാണ് കേസില്‍ നിര്‍ണായകമായി തീരുന്നത്. തുടര്‍ന്ന് അതിസാഹസിക ദൗത്യത്തില്‍ 6000 കിലോ മീറ്ററുകള്‍ താണ്ടിയാണ് കണ്ണൂര്‍ സ്ക്വാഡ് പ്രതികളെ പിടികൂടിയത്.
സലാം ഹാജിയുടെ കേസ് പ്രചോദനമായിരുന്നുവെങ്കിലും ഒട്ടേറെ മാറ്റങ്ങളോടെയാണ് ‘കണ്ണൂര്‍ സ്ക്വാഡ്’ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖമായ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകന്. നല്ലൊരു കയ്യടിക്ക് അര്‍ഹനാണ്. തിരക്കഥയൊരുക്കിയ റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവരും അഭിനന്ദനം അര്‍ഹിക്കുന്നു. മമ്മൂട്ടിയുടെ ജോര്‍ജ്ജ് മാര്ട്ടിന്, ശബരീഷ് അവതരിപ്പിച്ച ഷാഫി, റോണി ഡേവിഡിന്റെ ജയന്, അസീസ് നെടുമങ്ങാടിന്റെ ജോസ് എന്നീ കഥാപാത്രങ്ങള്‍ അതിഭാവുകത്വമില്ലാതെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പോലീസ് സംവിധാനത്തിന്റെ അടിത്തട്ടില്ക്കിടക്കുന്നവരാണ് ഈ കഥാപാത്രങ്ങളെല്ലാം. കാക്കിയഴിച്ചുവെച്ചു കഴിഞ്ഞാല്‍ അവരും പ്രാരാബ്ധക്കാരായ സാമാന്യജനങ്ങള്‍ തന്നെയെന്ന് ‘കണ്ണൂര്‍ സ്ക്വാഡ്’ കാട്ടിത്തരുന്നു.
Content Highlights: Kannur squad, Mammootty, Review, rony varghese raj, the real story
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]