
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഹൃദയം തൊടുന്ന കുറിപ്പുമായി നടന് ദുല്‍ഖര്‍ സല്മാന്. എന്ത് സംഭവിച്ചാലും നമ്മള് ഒറ്റക്കെട്ടായി നില്‍ക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുമെന്ന് ദുല്‍ഖര്‍ കുറിച്ചു.
ഐക്യദാര്‍ഢ്യത്തിന്റെയും ധീരതയുടെയും അര്‍പ്പണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടില്‍ നാം കാണുന്നത്. എന്റെ ഹൃദയം ഉറ്റവരെ നഷ്ടപ്പെട്ട എല്ലാവര്‍ക്കുമൊപ്പം. ദൈവം നിങ്ങളുടെ വേദന കുറയ്ക്കട്ടെ. ദുരന്തശേഷം തങ്ങളുടെ സഹായ ഹസ്തങ്ങള്‍ നീട്ടിയ സൈനികര്‍ക്കും പ്രദേശത്തെ നായകന്മാരായ രക്ഷാപ്രവര്‍ത്തകര്‍ക്കും എല്ലാവര്ക്കും എന്റെ ഒരു ബിഗ് സല്യൂട്ട്. എന്ത് സംഭവിച്ചാലും നമ്മള് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പരസ്പരം സഹായിക്കുകയും ചെയ്യുന്നു. വയനാടിനും കാലവര്‍ഷക്കെടുതി നാശം വിതച്ച ഓരോ പ്രദേശത്തത്തിനും എന്റെ പ്രാര്‍ത്ഥനകള്‍.
അതേ സമയം ഉരുള്‍പ്പൊട്ടല്‍ ബാധിച്ച മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായിരിക്കുന്നത്. മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. അതില്‍ ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. അത്രത്തോളം തന്നെ തകര്‍ന്നു കിടക്കുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും ഇന്നാട്ടുകാരുമെല്ലാം ഉള്‍പ്പടെ അതിനകത്തെല്ലാം മനുഷ്യരുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്നവര്‍ക്കായി രാത്രിവൈകുവോളം രക്ഷാപ്രവര്‍ത്തനം നടത്തി. വെളിച്ചമോ മറ്റ് സാമഗ്രികളോ ഇല്ലാത്തതിനാല്‍ നിര്‍ത്തിയ തിരച്ചില്‍ രാവിലെയാണ് വീണ്ടുമാരംഭിച്ചത്.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറായെന്നാണ് ഏറ്റവും പുതിയ അനൗദ്യോഗികവിവരം. 79 പുരുഷന്മാരും 64 സ്ത്രീകളും ഉള്‍പ്പെടെ 143 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞു. 225 പേരാണ് പരിക്കേറ്റ് നിലവില്‍ ചികിത്സയിലുള്ളത്. ഇനിയും 218 പേരെ കണ്ടെത്താനുണ്ടെന്നാണ് ദുരന്തമേഖലയില്‍നിന്ന് ലഭിക്കുന്ന വിവരം. കാണാതായവരുടെ എണ്ണം ഇത്രയേറെ വലുതാണ് എന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]