കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രീ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം ‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം) ഒ.ടി.ടിയില്‍ പ്രദര്‍ശനമാരംഭിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.
ഒ.ടി.ടിയില്‍ പ്രദര്‍ശനം ആരംഭിച്ചശേഷവും പുരസ്കാരങ്ങളിലേക്കുള്ള യാത്ര തുടരുകയാണ് ചിത്രം. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് അഥവാ ബാഫ്ത പുരസ്കാരങ്ങള്‍ക്കായുള്ള പട്ടികയിലാണ് ചിത്രം ഒടുവിലായി ഇടം പിടിച്ചത്. മികച്ച സംവിധാനം, ഒറിജിനല്‍ സ്ക്രീന്‍പ്ലേ, ഇംഗ്ലീഷ് അല്ലാത്ത ഭാഷയിലെ മികച്ച ചിത്രം എന്നീ വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിക്കുന്നത്.
കനി കുസൃതിക്കും ദിവ്യപ്രഭയ്ക്കും പുറമെ അസീസ് നെടുമങ്ങാട്, ഹൃദു ഹാരൂണ്‍, ഛായ കദം എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങളിലെത്തുന്നത്. ഇന്ത്യ-ഫ്രാന്‍സ് ഔദ്യോഗിക സംയുക്തനിര്മ്മാണ സംരംഭമാണ് ചിത്രം. ഫ്രാന്‍സിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയില്‍ നിന്നുള്ള ചാക്ക് ആന്‍ഡ് ചീസ്, അനദര്‍ ബെര്‍ത്ത് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ് നിര്‍മ്മിച്ചത്. റാണ ദുഗബാട്ടിയുടെ സ്പിരിറ്റ് മീഡിയ ആണ് ചിത്രം ഇന്ത്യയിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.
82-ാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളിലേക്കും ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച വിദേശഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലേക്കാണ് ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. 77-ാം കാന്‍ ചലച്ചിത്രമേളയിലാണ് ഓള് വീ ഇമാജിന്‍ ആസ് ലൈറ്റിന് ഗ്രാന്‍ഡ് പ്രീ പുരസ്കാരം ലഭിച്ചത്. കാനില്‍ ഗോള്‍ഡന്‍ പാം പുരസ്കാരത്തിനും ഗ്രാന്‍ഡ് പ്രിക്സിനുമാണ് ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.
മൂന്നുപതിറ്റാണ്ടിനുശേഷം ഗോള്‍ഡന്‍ പാം പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രം കൂടിയാണ് ഇത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി കാനിലെ ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ് സ്വന്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]