കോടികള്‍ എറിഞ്ഞ് കോടികള്‍ വാരുകയാണ് ഇന്ത്യന്‍ സിനിമാലോകം. ഉത്തരേന്ത്യന്‍ സിനിമകളെന്നോ തെന്നിന്ത്യന്‍ സിനിമകളെന്നോ വ്യത്യാസമില്ലാതെ നല്ല സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു പ്രേക്ഷകര്‍. എന്നാലൊരു ചോദ്യം, ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ ഏതാണെന്ന് അറിയാമോ? ബാഹുബലി 2, കെ.ജി.എഫ്. 2, പുഷ്പ 2, ആര്.ആര്.ആര്., പഠാന്, ജവാന്, അനിമല്‍, സ്ത്രീ 2… അങ്ങനെ പോകും പട്ടിക.. അല്ലേ. എന്നാല്‍ ഇവയൊന്നുമല്ല ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. മേല്പറഞ്ഞ ചിത്രങ്ങളുടെയൊക്കെ പകുതിയില്‍ താഴെ മുതല്‍മുടക്കി നിര്‍മിച്ച, നാല് പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളായി അണിനിരത്തിയ, 2016-ല്‍ റിലീസായ ഒരു ചിത്രത്തിന് സ്വന്തമാണ് ആ നേട്ടം, ഇന്ന് ഈ ദിനം വരെയും.
70 കോടി മുടക്കി നിര്‍മിച്ച ഈ സിനിമ, 387 കോടി കളക്ഷന്‍ നേടി ആ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രമായി മാറി. ചൈനയില്‍ റിലീസ് ചെയ്തതോടെയാണ് ചിത്രത്തിന്റെ വിജയം ആകാശംതൊട്ടത്. ചൈനയില്‍നിന്ന് മാത്രം 1305 കോടിയാണ് ചിത്രം നേടിയത്. ലോകത്താകമാനം റിലീസ് ചെയ്തതില്‍നിന്ന് 1535 കോടിയും ചിത്രം തൂത്തുവാരി. മൊത്തം, 2070 കോടിയാണ് സിനിമ സ്വന്തമാക്കിയത്. ഇതുവരെയും ഈ റെക്കോഡ് മറ്റൊരു ചിത്രവും തകര്‍ത്തിട്ടില്ല. 1810 കോടി കളക്ഷനുമായി ബാഹുബലി 2; ദി കണ്ക്ലൂഷന്, 1719 കോടി കളക്ഷനുമായി പുഷ്പ 2; ദി റൂള്‍, 1387 കോടി കളക്ഷനുമായി ആര്.ആര്.ആര്., 1250 കോടി കളക്ഷനുമായി കെ.ജി.എഫ്.; ചാപ്ടര്‍ 2, 1159 കോടി കളക്ഷനുമായി ജവാന്, 1200 കോടി കളക്ഷനുമായി കല്‍ക്കി 2898 എ.ഡി., 1052 കോടിയുമായി പഠാന് എന്നീ ചിത്രങ്ങളാണ് ആയിരം കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുള്ള ഇന്ത്യന്‍ സിനിമകള്‍.
ഇതില്‍ പുഷ്പ 2; ദി റൂള്‍ ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ 2000 കോടിയില്‍ അടുത്തതായി ഇടംനേടാന്‍ പോകുന്ന ചിത്രവും ഇതായിരിക്കും. എന്നാല്‍ അവിടെയും നമ്മള് പറഞ്ഞുവരുന്ന ചിത്രത്തിന്റെ തട്ട് കുറച്ച് താണുതന്നെ ഇരിക്കും. കാരണം, 500 കോടി മുതല്‍മുടക്കില്‍ ഇറങ്ങിയ പുഷ്പ 2; ദി റൂള്‍ നേടുന്ന വിജയത്തേക്കാളും എന്തുകൊണ്ടും വലുത്, 70 കോടിക്ക് ഇറങ്ങി 2000 കോടി നേടിയ ആ പഴയചിത്രത്തിന്റേത് തന്നെയായിരിക്കും എന്നതുതന്നെ. ഇനിയും സസ്പെന്‍സ് വെക്കാതെ ആ ചിത്രം ഏതാണെന്ന് പറയാം.. പലരും ഇപ്പോള്‍ തന്നെ ഊഹിച്ചിട്ടുണ്ടാവും ആ സിനിമ ഏതാണെന്ന്, അതേ.. ആമിര്‍ഖാനെ കേന്ദ്രകഥാപാത്രമാക്കി നിതേഷ് തിവാരി സംവിധാനെ ചെയ്ത് 2016 ഡിസംബര്‍ 23-ന് റിലീസായ ‘ദംഗല്‍’ തന്നെയാണ് ആ സിനിമ. സിനിമയുടെ നട്ടെല്ലായി, കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫാത്തിമ സന ഷെയ്ക്, സാനിയ മല്‍ഹോത്ര, സൈറ വാസിം, സുഹാനി ഭട്നാഗര്‍ എന്നീ നാലു പെണ്‍കുട്ടികളും പുതുമുഖങ്ങളായിരുന്നു.
മഹാവീര്‍ സിങ് ഫൊഗട്ട് എന്ന ഗുസ്തി താരത്തിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും കഥ പറഞ്ഞ ദംഗല്‍ ഇന്നും സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. സമൂഹത്തിന്റെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് സ്വന്തം പെണ്മക്കളെ ഗുസ്തി ചാമ്പ്യന്മാരാക്കി, രാജ്യത്തിന് മെഡലുകള്‍ സമ്മാനിച്ച ഒരച്ഛന്റെ അസാമാന്യ ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഥയാണ് ദംഗല്‍ പറഞ്ഞത്. അച്ഛന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനായി തങ്ങളുടെ ഇഷ്ടങ്ങളെല്ലാം ഉപേക്ഷിച്ച്, അച്ഛന്റെ സ്വപ്നത്തിനായി അഹോരാത്രം പ്രയത്നിച്ച, അതിനായി ജീവിച്ച ആ പെണ്മക്കളെയും ലോകം ഇരുകൈയും നീട്ടി സ്വീകരിച്ചതിന് തെളിവാണ് ഇന്നും തകര്‍ക്കപ്പെടാത്ത ദംഗലിന്റെ വിജയം. ഇന്നിറങ്ങുന്ന ഒരുവിധം നല്ല ചിത്രങ്ങളെല്ലാം 1000 കോടി കളക്ഷനടുത്തേക്ക് എത്തുന്നുണ്ടെങ്കിലും ദംഗല്‍ നേടിയിട്ടിരിക്കുന്ന 2000 കോടി എന്നത് ഈ ചിത്രങ്ങള്‍ക്കെല്ലാം ഇപ്പോഴും ഒരു ബാലികേറാമല തന്നെയാണ്. ഒന്‍പത് വര്‍ഷമായിട്ടും തകര്‍ക്കപ്പെടാതെ നില്ക്കുന്ന ദംഗലിന്റെ റെക്കോഡ് 2025-ല്‍ ഇറങ്ങുന്ന ഏതെങ്കിലും ചിത്രം തകര്‍ക്കുമോ എന്ന് കാത്തിരുന്ന കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]