സിനിമയിൽനിന്ന് മനഃപൂർവം വിട്ടുനിന്നതല്ലെന്നും കരിയറിൽ സംഭവിച്ച ഇടവേളയ്ക്ക് കാരണം അവസരങ്ങൾ ലഭിക്കാതിരുന്നതാണെന്നും നടി അർച്ചന കവി. ഐഡന്റിറ്റി സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. 2013-ൽ വിവാഹിതയായെന്നും പിന്നീട് വിവാഹമോചനവും വിഷാദവും അതിൽനിന്നുള്ള മോചനവുമെല്ലാമായി പത്തുവർഷമെടുത്തുവെന്നും അവർ പറഞ്ഞു.
ഐഡന്റിറ്റിയുടെ കഥയാണ് തന്നെ ഇതിലേക്ക് ആകർഷിച്ചതെന്ന് അർച്ചന കവി പറഞ്ഞു. ഇതിലൊരു ചെറിയ കഥാപാത്രമാണ് ചെയ്തത്. സംവിധായകൻ അഖിലിനെ ആദ്യമായി കണ്ടപ്പോൾ പറഞ്ഞത് കഥാപാത്രത്തെക്കുറിച്ച് പറയുന്നില്ല, തിരക്കഥ മുഴുവൻ വായിച്ചു കേൾപ്പിക്കാം എന്നാണ്. അങ്ങനെതന്നെയാണ് ചെയ്തതും. ഈ സിനിമയിൽ അഭിനയിച്ച ഓരോരുത്തരോടും വലിയ ബഹുമാനമാണ്. എല്ലാവരും വലിയ പിന്തുണയാണ് തന്നതെന്നും അവർ പറഞ്ഞു.
“10 വർഷം മുമ്പ് എന്താ സീൻ എന്ന് ചോദിക്കുമ്പോൾ, ഇല്ല വിളിക്കാം എന്നു പറയുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഇപ്പോൾ അതിനെല്ലാം മാറ്റംവന്നു. എനിക്ക് എന്തും അവരോടു ചോദിക്കാം പറയാം എന്ന ഒരു അവസ്ഥ വന്നു. വലിയ സൗഹൃദമായിരുന്നു അവർ എന്നോട് കാണിച്ചത്. ഞാൻ സിനിമയിൽ നിന്ന് ഇടവേള എടുത്തതൊന്നും അല്ല, എന്നെ ആരും വിളിച്ചില്ല. അതാണ് സിനിമ ചെയ്യാത്തത്. 2013-നു ശേഷം ഞാൻ വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സ് നടന്നു, ഡിപ്രഷൻ വന്നു, പിന്നെ അതിൽനിന്ന് റിക്കവർ ചെയ്തു. പിന്നെ ഇപ്പോൾ ഈ പടം ചെയ്തു. അപ്പൊ ഇതിനെല്ലാം കൂടി ഒരു 10 വർഷം എടുക്കുമല്ലോ”, അർച്ചന കവി പറഞ്ഞു.
താൻ ആദ്യമായി ഡബ്ബ് ചെയ്ത ചിത്രം എന്ന പ്രത്യേകതകൂടി ഐഡന്റിറ്റിക്കുണ്ടെന്ന് അർച്ചന കവി പറഞ്ഞു. ഇത്രയും വർഷമായെങ്കിലും തന്റെ ശബ്ദം ഒരിക്കലും ഒരു കഥാപാത്രത്തിനായി ഉപയോഗിച്ചിട്ടില്ല. സംവിധായകർ പറഞ്ഞിട്ടുതന്നെയാണ് അങ്ങനെ ചെയ്തത്. ഇതൊരു വലിയ സൗഹൃദ കൂട്ടായ്മയായിരുന്നു. തനിക്ക് വളരെ വലിയ ഊർജമാണ് ഈ സിനിമയിൽനിന്ന് കിട്ടിയതെന്നും താരം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]