ഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിക്കുകയും അവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിൽ നടൻ അല്ലു അർജുന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. യുവതിയുടെ മരണത്തിൽ കഴിഞ്ഞദിവസം ചിക്കഡപ്പള്ളി പോലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണിപ്പോൾ ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്.
ചിക്കഡപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത താരത്തെ 14 ദിവസം റിമാൻഡ് ചെയ്യണമെന്ന് നമ്പള്ളി കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ അല്ലു അർജുനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബർ നാലിനായിരുന്നു തെലുങ്ക് സിനിമാലോകത്തെ ആകെ ഞെട്ടിച്ച തിയേറ്റർ ദുരന്തം നടന്നത്. 13-ാം തീയതി അല്ലു അർജുന്റെ അറസ്റ്റും നടന്നു. ഒരു ദിവസം ജയിലില്‍ക്കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ അല്ലു അര്ജുന് ആരാധകരില്‍ നിന്നും സിനിമാ മേഖലയിലെ സുഹൃത്തുക്കളില്‍ നിന്നും വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. വിവാദങ്ങളെല്ലാം തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താരം പ്രതികരിച്ചത്.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അല്ലു അർജുനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. രണ്ട് കോടി രൂപ മരിച്ച രേവതിയുടെ കുടുംബത്തിന് നല്കാന് പുഷ്പ-2 ടീം തീരുമാനിച്ചിരുന്നു. ഇതിനിടെ ചിത്രത്തിനുവേണ്ടി അല്ലു അര്ജുന് പാടിയ ഗാനം യൂട്യൂബില്‍നിന്ന് നീക്കുകയുംചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]