തമിഴിലെ ഈ വർഷത്തെ പ്രധാന തിയേറ്റർ റിലീസ് ആയി വിശാൽ നായകനായ മദഗജരാജ എത്തുന്നു. 2013-ൽ തിയേറ്ററുകളിലെത്തേണ്ട ചിത്രമാണ് ഒരു വ്യാഴവട്ടത്തിനുശേഷം റിലീസിനൊരുങ്ങുന്നത്. സുന്ദർ സി സംവിധാനം ചെയ്ത ചിത്രം ഈ മാസം 12-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സന്താനമാണ് ഇക്കാര്യം അറിയിച്ചത്.
2011-ൽ മദഗജരാജയുടെ ട്രെയിലറും ഒരു ഗാനവും പുറത്തുവന്നിരുന്നു. 2013-ൽ റിലീസ് ചെയ്യേണ്ടിയിരുന്നെങ്കിലും സാമ്പത്തിക പ്രശ്നംമൂലം റിലീസ് നീളുകയായിരുന്നു. ഇതിനിടെ വിശാലും സുന്ദർ.സിയും അവരുടേതായി നിരവധി ചിത്രങ്ങളും ചെയ്തു. പൊങ്കൽ റിലീസായാണ് ചിത്രമെത്തുകയെന്ന് സന്താനം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദ് വില്ലൻ വേഷത്തിലെത്തുന്നു. സതീഷ്, അന്തരിച്ച നടന്മാരായ മയിൽസാമി, മനോബാല എന്നിവരും സുപ്രധാന വേഷങ്ങളിലുണ്ട്. വിജയ് ആന്റണിയാണ് സംഗീത സംവിധാനം. ചിത്രത്തിനായി വിശാൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. റിച്ചാർഡ്.എം.നാഥൻ ഛായാഗ്രഹണവും പ്രവീൺ കെ.എൽ, എൻ.ബി.ശ്രീകാന്ത് എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
വിശാൽ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സർക്യൂട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജയം രവി നായകനാവുന്ന കാതലിക്ക നേരമില്ലൈ, ഷെയ്ൻ നിഗത്തിന്റെ ആദ്യ തമിഴ് ചിത്രം മദ്രാസ്കാരൻ, അരുൺ വിജയ് നായകനാവുന്ന വണങ്കാൻ, അദിതി ശങ്കറും ആകാശ് മുരളിയും ഒന്നിക്കുന്ന നേസിപ്പായാ എന്നിവയാണ് പൊങ്കലിന് റിലീസിനെത്തുന്ന മറ്റുചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]