ശ്യാം ബെനഗലിനെ പലതവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഡല്‍ഹിയിലെ ജുമാ മസ്ജിദിന് മുകളില്‍ പറന്നിരിക്കുകയും നിമിഷങ്ങള്‍ക്കകം പറന്നുയരുകയും ചെയ്യുന്ന നൂറുകണക്കിന് പ്രാവുകളെ ചിത്രീകരിക്കുന്ന ശ്യാം ബെനഗലിനെ നോക്കിനിന്നത് അവിസ്മരണീയമായ അനുഭവമാണ്. പ്രാവുകളുടെ ചലനത്തില്‍ ലയിച്ചുനില്‍ക്കുന്ന അദ്ദേഹം ഇടയ്ക്ക് ക്യാമറാമാന് ചില നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു. ‘ഷൂട്ട്’ കഴിഞ്ഞുവെന്ന് തോന്നിയപ്പോള്‍ ഞാന്‍ അരികിലെത്തി പറഞ്ഞു:
”വി ഹാവ് മെറ്റ് ബിഫോര്‍. യു മൈറ്റ് നോട്ട് റിമെംബര്‍”
”ആര് യു ഫ്രം ദ മീഡിയ”
”ഇന്‍ എ വേ യെസ്. ഐ റൈറ്റ് ഓണ്‍ സിനിമ”
പറഞ്ഞുവന്നപ്പോള്‍ അതിനുമുമ്പ് കണ്ടകാര്യം അദ്ദേഹം ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുത്തു. അന്നത്തെപ്പോലെ തന്നെ സംഭാഷണം അടൂര്‍ ഗോപാലകൃഷ്ണനിലെത്തി. അടൂരിന്റെ ചിത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് ശ്യാം ബെനഗല്‍.
” ഈസ് അടൂര്‍ ഡൂയിങ് എനി ഫിലിം നൗ”
”നോട്ട് ടു മൈ നോളെജ് അദ്ദേഹം ഒരു പടത്തിനു ശേഷം വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് അടുത്ത പടം ചെയ്യുന്നത്. ”
”അതെയതെ. ഹി ഡസ്് നോട്ട് വര്‍ക്ക് ഇന്‍ എ ഹറി. അണ്‍ലൈക്ക് അദേഴ്സ്” വീണ്ടും ബെനഗലിന്റെ ശ്രദ്ധ പ്രാവുകളിലേക്ക് തിരിഞ്ഞു. അവ ജുമാ മസ്ജിദിന് മുകളില്‍ വട്ടമിട്ടു പറക്കുന്നതും ഇരുന്ന് വീണ്ടും ‘ടേക്ക് ഓഫ്’ ചെയ്യുന്നതും കാണുവാന്‍ കൗതുകമുണ്ടായിരുന്നു. ”ഇത് സിനിമയിലേക്കോ അതോ സീരിയലിലേക്കോ?” ഒരു മൃദുമന്ദസ്മിതത്തോടെ ശ്യാം ബെനഗല്‍ പറഞ്ഞു: ”രണ്ടിലേക്കും. ആവശ്യമനുസരിച്ച് ഉപയോഗിക്കുവാന്‍.”
ദൂരദര്‍ശനു വേണ്ടി ശ്യാം ബെനഗല്‍ സീരിയല്‍ ചെയ്യുന്ന അവസരമായിരുന്നു അത്. ഫീച്ചര്‍ ഫിലിമുകള്‍ കൂടാതെ ഡോക്യുമെന്ററികളും ഇന്റര്‍വ്യൂകളും മറ്റും അദ്ദേഹം നിരന്തരം എടുത്തുകൊണ്ടിരുന്നു. സത്യജിത്ത് റേയെക്കുറിച്ച് അദ്ദേഹം സഫലീകരിച്ച കഥേതര രചന ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഒന്നാണ്. റേ ദീര്‍ഘമായി സംസാരിക്കുന്നത് ക്യാമറ പകര്‍ത്തുന്ന രീതിയാണ് ശ്യാം അവലംബിച്ചത് – പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്നതുപോലെ.
അന്ന് ശ്യാം ബെനഗലിനൊപ്പം ക്യാമറാമാനെ കൂടാതെ ഒരു അസിസ്റ്റന്റ് മാത്രമാണുണ്ടായിരുന്നത്. ജുമാ മസ്ജിദിന് പുറകില്‍ പുതുതായി ഒരു പോലീസ് സ്റ്റേഷന് – ഔട്ട് പോസ്റ്റ് പോലെ ആരംഭിച്ചിരുന്ന സമയം. കാല്‍നടക്കാരും സൈക്കിള്‍ റിക്ഷക്കാരും മറ്റു വാഹനങ്ങളിലെ സഞ്ചാരികളുമായി തിരക്കോടുതിരക്ക്. ആരും പക്ഷേ, സംവിധായകനായ ശ്യാം ബെനഗലിനെ ശ്രദ്ധിക്കുന്നില്ല. ജനസഞ്ചയത്തില്‍ അലിഞ്ഞുചേര്ന്നുകൊണ്ടുള്ള ചിത്രീകരണം. കറുത്ത തൊപ്പി ഇടയ്ക്ക് അദ്ദേഹം അഴിച്ചുമാറ്റുകയും തിരികെ വെയ്ക്കുകയും ചെയ്തു.
മുംബെയിലായിരുന്നുവെങ്കില് അത്ര ഫ്രീയായി അദ്ദേഹത്തിന് ഷൂട്ട് ചെയ്യുവാനാകുമായിരുന്നോ എന്ന് സംശയമാണ്. അവിടെ ജനം ശ്യാമിനെ തിരിച്ചറിയുവാനുള്ള സാധ്യത കൂടും. ഡല്‍ഹി പൊതുവെ സിനിമാക്കാരോട് വിമുഖത കാണിക്കുന്ന നഗരമാണ് – താരങ്ങളൊഴിച്ച് – താരാരാധന എല്ലാ നഗരങ്ങളിലും പ്രകടമാണ്, കൂടിയും കുറഞ്ഞും.
പ്രഥമചിത്രമായ അങ്കുറിലൂടെതന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് ശ്യാം ബെനഗല്‍. മികച്ച ഹിന്ദി ചിത്രത്തിനും മികച്ച നടിക്കുമുള്ള (ശബാന ആസ്മി) അവാര്‍ഡുകളടക്കം മൂന്നുനാല് നാഷണല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ അങ്കുറിന് ശേഷം വന്ന നിശാന്ത്, മന്ദന്‍, തുടങ്ങിയ ചിത്രങ്ങള്‍ സിനിമാരംഗത്ത് അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു. ശബാന ആസ്മി, സ്മിത പാട്ടീല്‍, സാധു മെഹന് തുടങ്ങി നിരവധി അഭിനേതാക്കളെ അദ്ദേഹം ഹിന്ദി സിനിമക്ക് സംഭാവന ചെയ്തു. പരിണിതപ്രജ്ഞരോടൊപ്പം നവാഗതരേയും അദ്ദേഹം തന്റെ പടങ്ങളില്‍ സമര്‍ത്ഥമായി അണിനിരത്തി. സ്വന്തമായ ചിത്രീകരണരീതി ആരംഭം മുതല്‍ ശ്യാം ബെനഗലിനുണ്ടായിരുന്നു, തികച്ചും വ്യക്തിഗതമായ ശൈലി. അതുകൊണ്ടുതന്നെ ശ്യാം ബെനഗെല് ചിത്രങ്ങള്‍ എന്നും എവിടെയും വേറിട്ട് നിലയുറപ്പിച്ചു. തൃകാല്‍ എന്ന പടത്തില്‍ അദ്ദേഹം ക്രിയാത്മകമായി സര്‍ഗ്ഗപ്രക്രിയയുടെ ഔന്നത്യത്തിലെത്തിയിരുന്നു. ഉച്ചസമയമായതുകൊണ്ട് അന്ന് അദ്ദേഹത്തെ ലഞ്ച് കഴിക്കുവാന്‍ ക്ഷണിച്ചു. ”താങ്ക് യു ബട്ട് വി ഹാവ് ടു ഗോ” പ്രസിദ്ധമായ കരിം ഹോട്ടല്‍ അവിടെ അടുത്താണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: ”ദോ അയാം ടെംറ്റഡ്. അയാം അനേബിള് ടു ഈല്‍ഡ് ടു ഇറ്റ്” ജുമാ മസ്ജിദിനടുത്ത കരിം ഹോട്ടല്‍ ഏറെ പ്രസിദ്ധമായിരുന്നു. നോണ്‍വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ മികവുറ്റ കേന്ദ്രം. നവതിയുടെ നിറവിലെത്തിയ ബെനഗല്‍ പൊടുന്നനെയാണ് വിടപറഞ്ഞത്. നവതിയാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ. എന്നാല്‍ ഹിന്ദിയിലെ എക്കാലത്തേയും മികച്ച ഏതാനും രചനകള്‍കൊണ്ട് അദ്ദേഹം അനശ്വരനാകുന്നു. വയലാറിന്റെ വരികള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]